ADVERTISEMENT

രൺബീർ കപൂർ–അമിതാഭ് ബച്ചൻ–ആലിയ ഭട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അയൻ മുഖർജി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ബ്രഹ്മാസ്ത്ര’യിലെ പുതിയ ഗാനം പുറത്ത്. ‘ദേവ ദേവ’ എന്ന പേരിൽ റിലീസ് ചെയ്ത ഗാനം മണിക്കൂറുകള്‍ക്കകം പത്ത് ലക്ഷത്തിലധികം പ്രേക്ഷകരെയാണു നേടിയത്. 

 

അമിതാഭ് ഭട്ടാചാര്യയുടെ വരികൾക്ക് പ്രിതം ഈണമൊരുക്കിയിരിക്കുന്നു. അർജിത് സിങ്ങും ജോനിതാഗാന്ധിയും ചേർന്നാണ് ഗാനം ആലപിച്ചത്. വെളിച്ചത്തിന്റെയും സ്നേഹത്തിന്റെയും ശക്തിയെക്കുറിച്ചു പറയുന്ന പാട്ടിന്റെ വരികളും വ്യത്യസ്തമായ ചിത്രീകരണവുമെല്ലാം ചുരുങ്ങിയ സമയംകൊണ്ടു ചർച്ചയായി. ‘ബ്രഹ്മാസ്ത്ര’യിലെ നേരത്തേ പുറത്തിറങ്ങിയ ‘കേസരിയാ’ എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

 

മൂന്ന് ഭാഗങ്ങളിലായി ഒരുക്കുന്ന ചിത്രമാണ് ‘ബ്രഹ്മാസ്ത്ര’. നാഗാർജുനയും മൗനി റോയിയും അഭിനയിക്കുന്ന ചിത്രത്തിൽ ഷാരൂഖ് ഖാൻ അതിഥി വേഷത്തിൽ എത്തുന്നു. ‘ബ്രഹ്മാസ്ത്ര: ഭാഗം ഒന്ന്: ശിവ’ എന്നാണ് ആദ്യ ഭാഗത്തിന്റെ പേര്. 

 

ഇന്ത്യൻ പുരാണങ്ങളിലെ ആഴത്തിൽ വേരൂന്നിയ സങ്കൽപ്പങ്ങളുടേയും കഥകളുടേയും പ്രചോദനം ഉൾക്കൊണ്ട് ആധുനിക ലോകത്തിൽ സജ്ജീകരിച്ചിരിക്കുന്ന പുതിയ സിനിമാറ്റിക് പ്രപഞ്ചമാണ് ‘ബ്രഹ്മാസ്ത്ര’. ഫാന്റസി, സാഹസികത, നന്മ, തിന്മ, സ്നേഹം, പ്രതീക്ഷ എന്നിവ ഒത്തുചേർന്ന ഒരു മഹാകാവ്യമെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു. 

 

സിനിമയുടെ ദക്ഷിണേന്ത്യൻ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് സംവിധായകൻ എസ്.എസ്.രാജമൗലിയാണ്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ രാജമൗലി ഈ ചിത്രം തിയറ്ററുകളിലെത്തും. 

 

കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്‌ഷൻസ്, ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ്, പ്രൈം ഫോക്കസ്, സ്റ്റാർലൈറ്റ് പിക്ചേഴ്സ് എന്നിവർ ചേർന്നാണ് അയൻ മുഖർജിയുടെ ഈ സ്വപ്നപദ്ധതി നിർമിക്കുന്നത്. സെപ്റ്റംബർ 9ന് ചിത്രത്തിന്റെ ആദ്യഭാഗം റിലീസ് ചെയ്യും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com