ADVERTISEMENT

ശ്രീരാമകൃഷ്ണ ഭജൻ ആലപിക്കുന്ന വിഡിയോ പങ്കുവച്ച് ഗായിക രാജലക്ഷ്മി. ഭക്തകവി തുളസി ദാസ് വരികൾ കുറിച്ച പ്രശസ്തമായ ‘ശ്രീരാമചന്ദ്രകൃപാലു’ എന്ന ഭജൻ ആണ് ഗായിക ആലപിക്കുന്നത്. രാമായണ മാസത്തിൽ ശ്രീരാമസ്തുതി ആലാപനം പ്രേക്ഷകർക്കരികിൽ എത്തിക്കണമെന്നതു വളരെക്കാലമായ തന്റെ ആഗ്രഹമായിരുന്നുവെന്നും എല്ലാവിധ വ്രതശുദ്ധിയോടും കൂടി അതിനായി തയ്യാറെടുപ്പുകൾ നടത്തിയിരുന്നെന്നും രാജലക്ഷ്മി പറഞ്ഞു. 

 

‘വളരെ പ്രശസ്തമായ ശ്രീരാമകൃഷ്ണ ഭജൻ ആണിത്. രാമായണമാസത്തിൽ ഇത്തരമൊരു ഭജൻ ആലപിച്ചു വിഡിയോ പുറത്തിറക്കണമെന്നു നരത്തേ പദ്ധതിയിട്ടിരുന്നു. അതിൻപ്രകാരം വ്രതാനുഷ്ഠാനത്തോടെ തയ്യാറെടുപ്പുകൾ നടത്തി. എന്റെ അടുത്ത സുഹൃത്തും ഗായികയുമായ ശാന്തി ഈശ്വർ ആണ് ഇപ്പോൾ എന്നെ കർണാടകസംഗീതം പരിശീലിപ്പിക്കുന്നത്. ശ്രീരാമ ഭജൻ ആലപിക്കാനുള്ള ആഗ്രഹം പങ്കുവച്ചപ്പോൾ ശാന്തിയും ഭർത്താവ് ഹരികൃഷ്ണമൂർത്തിയും ചേർന്ന് ആവശ്യമായ സഹായങ്ങളെല്ലാം ചെയ്തു തന്ന് ഒപ്പം നിന്നു. എന്റെ സുഹൃത്ത് സ്മിതയുടെ വീട്ടിലെ പൂജാമുറിയിൽ വച്ചാണ് വിഡിയോ ചിത്രീകരണം നടത്തിയത്. 

 

ശ്രീരാമചന്ദ്രകൃപാലു ഭജൻ മുൻപ് പല ഗായകരും പാടിയിട്ടുണ്ട്. അതിന്റെയെല്ലാം വിഡിയോകൾ ഇപ്പോഴും യൂട്യൂബിൽ ഉണ്ട്. വളരെ ലളിതമായും പരമ്പരാഗത ശൈലിയിലൂന്നിയും ഈ ഭജൻ ആലപിക്കുന്നതിലാണ് അതിന്റെ ഭംഗിയും പരിപൂർണതയും. ഇപ്പോൾ ഈ വിഡിയോ പുറത്തിറക്കിയതിലൂടെ എന്റെ ദീർഘനാളത്തെ ആഗ്രഹം സഫലമായിരിക്കുകയാണ്. വിഡിയോ കണ്ട് നിരവധി പേർ മികച്ച അഭിപ്രായങ്ങൾ അറിയിച്ചു. ഒരുപാട് സന്തോഷവും വലിയ ആത്മസംതൃപ്തിയും തോന്നുകയാണിപ്പോൾ’, രാജലക്ഷ്മി മനോരമ ഓൺലൈനിനോടു പറഞ്ഞു. 

 

രാജലക്ഷ്മിയുടെ ഹൃദ്യമായ ആലാപന വിഡിയോ ചുരുങ്ങിയ സമയത്തിനകമാണ് പ്രേക്ഷകശ്രദ്ധ നേടിയത്. നിരവധി പേർ പ്രതികരണങ്ങളുമായി രംഗത്തെത്തി. നബേന്ദു ആർ തമ്പിയാണ് ഗാനരംഗങ്ങൾ ചിത്രീകരിച്ചത്. ഹരികൃഷ്ണമൂർ‌ത്തി മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com