ADVERTISEMENT

സംഗീതസംവിധായകൻ ഔസേപ്പച്ചനു മുന്നിൽ പൊട്ടിക്കരഞ്ഞ് നടൻ കുഞ്ചാക്കോ ബോബൻ. മനോരമ ഓൺലൈനും കിറ്റെക്സ് ലൈഫ് സ്റ്റൈലും ചേർന്നു നടത്തിയ ‘ദേവദൂതർ പാടി’ റീൽ വിഡിയോ മത്സരത്തിന്റെ ഭാഗമായി കൊച്ചി ലുലു മാളിൽ എത്തിയതായിരുന്നു താരം. 

 

പരിപാടിക്കിടെ ‘കസ്തൂരിമാൻ’ ചിത്രത്തിലെ രാക്കുയിൽ പാടി എന്ന സൂപ്പർഹിറ്റ് ഗാനം രൂപ രേവതി വയലിനിൽ വായിച്ചു. പിന്നാലെ വേദിയിൽ ഉണ്ടായിരുന്ന ഔസേപ്പച്ചൻ ഗാനരംഗത്തിലെ ചാക്കോച്ചന്റെ പ്രകടനമികവിനെക്കുറിച്ചു വാചാലനായി. സംഗീതം മനസ്സിലുള്ളയാൾക്കു മാത്രമേ മനോഹരമായി അത് അവതരിപ്പിക്കാനാകൂവെന്നും ചാക്കോച്ചൻ വളരെ രസകരമായാണ് പ്രകടനം കാഴ്ചവച്ചതെന്നും അദ്ദേഹം പറഞ്ഞു. 

 

തുടർന്ന് സംസാരിക്കാനായി മൈക്ക് കയ്യിൽ എടുത്ത കുഞ്ചാക്കോ ബോബൻ വികാരാധീനനായി പൊട്ടിക്കരഞ്ഞുകൊണ്ട് ഔസേപ്പച്ചനെ കെട്ടിപ്പിടിച്ചു. കണ്ണുകൾ തുടച്ച് അൽപനേരം നിശബ്ദനായി നിന്ന ശേഷമാണ് താരം പ്രേക്ഷകരോടു സംസാരിച്ചത്. സിനിമാജീവിതത്തിൽ 25ാം വാർഷികം ആഘോഷിക്കുമ്പോൾ തന്റെ ആദ്യ ചിത്രമായ അനിയത്തിപ്രാവിൽ സംഗീതമൊരുക്കിയ ഔസേപ്പച്ചനും ഒപ്പമുണ്ടെന്നത് ഒരുപാട് സന്തോഷം പകരുന്നുവെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. 

 

റീൽ വിഡിയോ മത്സരത്തിൽ പങ്കെടുത്തു വിജയിച്ച പത്ത് പേർക്കൊപ്പം കുഞ്ചാക്കോ ബോബൻ വേദിയിൽ നൃത്തം ചെയ്തു. താരത്തിനൊപ്പം നടൻ രമേഷ് പിഷാരടി, സംവിധായകൻ ബേസിൽ ജോസഫ്, നടി ഗായത്രി തുടങ്ങിയവരും ചുവടുവച്ചു. കിറ്റെക്സ് ഗ്രൂപ്പ് എം.ഡി. ബോബി എം.ജേക്കബ് പരിപാടിയിൽ സജീവസാന്നിധ്യമായിരുന്നു.

 

കുഞ്ചോക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ന്നാ താൻ കേസ് കൊട്’ ചിത്രത്തില്‍ പുനരാവിഷ്കരിച്ചിരിക്കുകയാണ് ‘ദേവദൂതർ പാടി’ എന്ന സൂപ്പർഹിറ്റ് ഗാനം. 1985ൽ പുറത്തിറങ്ങിയ ‘കാതോടു കാതോര’ത്തിലേതാണ് ഈ ഗാനം. ഒഎൻവി കുറുപ്പിന്റെ വരികൾക്ക് ഔസേപ്പച്ചന്‍ ഈണമൊരുക്കിയ ഗാനം കെ.ജെ.യേശുദാസ് ആണ് കാതോടു കാതോരത്തിൽ ആലപിച്ചത്. ‘ന്നാ താൻ കേസ് കൊട്’ ചിത്രത്തിനു വേണ്ടി ബിജു നാരായണൻ ഗാനം പാടിയിരിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com