ADVERTISEMENT

മലയാളത്തിന്റെ ഭാവഗായകനായ പി.ജയചന്ദ്രൻ ഓണത്തെ ഓർത്തെടുക്കുന്നു...

 

 

ഓണക്കാലത്തു മണ്ണു കുഴച്ച് ഓണത്തപ്പനെ ഉണ്ടാക്കി പൂജിക്കുമായിരുന്നു. അന്നൊക്കെ ഗംഭീരമായാണ് ഓണം ആഘോഷിച്ചിരുന്നത്. പലതരത്തിലുള്ള പൂക്കൾ പറിക്കലും പൂക്കളമിടലും ഊഞ്ഞാലാട്ടവും പലതരത്തിലുള്ള കളികളുമൊക്കെയായി അന്നൊക്കെ ഓണക്കാലം വരുന്നതു നോക്കിനോക്കിയിരിക്കുമായിരുന്നു കുട്ടികൾ. ഓണത്തിനു കൂടൽമാണിക്യ ക്ഷേത്രപരിസരത്ത് പന്തുകളി ഗംഭീരമായിരുന്നു. ഇപ്പോഴും അതു തിളക്കമൊട്ടും മങ്ങാതെ ഓർമ്മയിലുണ്ട്. കോവിഡ്കാലം വന്നപ്പോൾ എല്ലാ സന്തോഷങ്ങളെയും അതു ബാധിക്കുകയുണ്ടായി. അടച്ചിരിപ്പിന്റെ നേരങ്ങൾ എല്ലാ രംഗത്തുമെന്നതുപോലെ പാട്ടിന്റെ രംഗത്തും മന്ദത കൊണ്ടുവന്നു.

 

ഓണത്തപ്പനെ ഉണ്ടാക്കാനും പൂവട നേദിക്കാനും ഒക്കെ എന്തൊരു ഉത്സാഹമായിരുന്നുവെന്നോ എനിക്കു കുട്ടിക്കാലത്ത്. എന്നാൽ, പണ്ടത്തെ ആ മധുരം അതേ അളവിൽ ഇന്നത്തെ ഓണത്തിന് അവകാശപ്പെടാനാവുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. ഒരുമയുടെ ഭംഗിയാണ് ഓണം എപ്പോഴും കാണിച്ചുതരുന്നത്. കളിയും ചിരിയും, പാട്ടും കളികളും, പപ്പടവും പായസവും ചേർന്ന നല്ല അസ്സൽ സദ്യയുമായി ഓണമെന്നാൽ സന്തോഷമെന്നു കൂടി അർഥം പറയാമായിരുന്നു എന്റെ കുട്ടിക്കാലത്തെ ഓർമയിൽ. എന്നാലിന്ന് ആർക്കും ഒന്നിനും സമയമില്ലാതാകുന്ന വേഗങ്ങളുടെ കാലഘട്ടത്തിൽ എല്ലാം ചടങ്ങുകൾ എന്ന നിലയിൽ ആർജവമില്ലാതെ ചെയ്തുതീർക്കപ്പെടുന്നു.

 

മാവേലിക്ക് പ്രിയപ്പെട്ട പൂവായി നിറപ്പകിട്ടുള്ള പൂക്കളെയല്ല, തുമ്പപ്പൂവിനെയാണു കണക്കാക്കിയിരുന്നത്. വേലിത്തലപ്പിലും വഴിയരികിലുമൊക്കെ ഒരുപാടു പൂവുകൾ വിരിഞ്ഞാലും അതൊന്നും തികയുമായിരുന്നില്ല അന്നു പൂക്കളം തീർക്കാൻ. അച്ഛൻ കർണാടകസംഗീതത്തിന്റെ വലിയൊരു ആസ്വാദകനായിരുന്നു. കുട്ടിക്കാലത്തു സിനിമയിലെ നല്ല രാഗഭാവങ്ങളുള്ള പാട്ടുകൾ അച്ഛൻ എന്നെക്കൊണ്ട് എപ്പോഴും പാടിക്കുമായിരുന്നു. പ്രിയപ്പെട്ട ഓണപ്പാട്ടുകളിൽ പെട്ടെന്ന് ഓർമയിൽ വരുന്ന പാട്ട് ഒഎൻവി സാറെഴുതിയ ‘നീലക്കായലിൽ...’ എന്നു തുടങ്ങുന്ന പാട്ടാണ്. അതെനിക്ക് ഏറെ പ്രിയം തന്ന ഓണപ്പാട്ടാണ്. നീലാംബരി രാഗത്തിലുള്ള ‘ഹർഷബാഷ്പം തൂകി...’, ‘‘പുഷ്പാഞ്ജലി എന്ന കസെറ്റിലെ പാട്ടുകൾ, ഗുരുവായൂരപ്പനെക്കുറിച്ചു ഞാൻ പാടിയ പാട്ടുകൾ ഇവയൊക്കെ ഓർക്കുമ്പോൾ ഇഷ്ടം തരുന്ന പാട്ടുകളാണ്. ദേവരാജൻ മാസ്റ്റർ അമൂല്യരാഗങ്ങൾ അതിശയിപ്പിക്കുന്ന വിധത്തിൽ ചിട്ടപ്പെടുത്തിയെടുത്തിട്ടുണ്ട്. എന്നാൽ, എം.എസ്.വിശ്വനാഥനിലേക്ക് ഈണങ്ങളൊക്കെ വളരെ സ്വാഭാവികമായി വന്നുചേരുകയായിരുന്നു എന്നെനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്.

ഓണത്തെ ഒരു രാഗമായി സങ്കൽപിക്കുകയാണെങ്കിൽ സുരുട്ടി രാഗത്തിലുള്ള സ്വാതി തിരുനാൾ കൃതിയായ അലർശരപരിതാപം ആണ് ഓർമ വരുന്നത്. ഇരുപത്തെട്ടാമത് മേളകർത്താ രാഗമായ ഹരികോംബോജിയുടെ ജന്യരാഗമാണ് സുരുട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com