ADVERTISEMENT

എൺപതുകളിലാണ് ഞാൻ വളർന്നത്. ആ കാലഘട്ടത്തിലെ ഓണത്തിന്റെ ഓർമ്മകൾ എന്നും മനസ്സിൽ സൂക്ഷിക്കുന്നുണ്ട്. എന്റെ അച്ഛൻ സ്ഥാപിച്ച ചേതന എന്ന പേരിലുള്ള ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഉണ്ടായിരുന്നു. നാട്ടിൽ പലയിടത്തായി ക്ലബ്ബുകളും സാംസ്‌കാരിക സംഘടനകളുമൊക്കെ ഉണ്ടായിരിക്കുമല്ലോ. ആ ക്ലബ്ബുകളുടെ മേൽനോട്ടത്തിലാണ് ഇതുപോലെയുള്ള ആഘോഷങ്ങൾ സംഘടിപ്പിക്കുക. എല്ലാ സ്ഥലങ്ങളിലും കുരുത്തോല കൊണ്ട് അലങ്കരിച്ച്, രാവിലെ അഞ്ചു മണിക്ക് കുരവയോടെ ആഘോഷം തുടങ്ങും. പൂക്കള മത്സരം, ഉറിയടി, തുമ്പി തുള്ളൽ, വടംവലി,  ഉച്ചക്ക് ഓണസദ്യ, അതുകഴിഞ്ഞു കൈകൊട്ടി കളി, സ്റ്റേജിൽ ഗാനമേള, ഒടുവിൽ ഒരു നാടകം. അങ്ങനെ നീളും പരിപാടികൾ. കൈകൊട്ടിക്കളിക്കൊക്കെ മറ്റു പല സ്ഥലങ്ങളിൽ നിന്നൊക്കെ ആളുകൾ വരുമായിരുന്നു. ‌‌‌‌‌ഞാനും ലളിതഗാന മത്സരത്തിലും സംഘഗാനത്തിലുമെല്ലാം പങ്കെടുക്കുമായിരുന്നു. ചെറിയ ട്രോഫി സമ്മാനമായി കിട്ടുന്നതൊക്കെ വലിയ സന്തോഷമായിരുന്നു തന്നിരുന്നത്. ആ നാട്ടിലെ ആളുകൾ മുഴുവൻ ജാതി–മത വ്യത്യാസമിലാതെ ആഘോഷത്തിനെത്തും. ശരിക്കും പറഞ്ഞാൽ എല്ലാവരും തമ്മിലുള്ള ഒത്തൊരുമയുടെയും സൗഹൃദസ്നേഹങ്ങളുടെയും പ്രതീകങ്ങൾ കൂടിയായിരുന്നു അന്നത്തെ ഓണം പോലെയുള്ള ആഘോഷങ്ങൾ. ഓർക്കുമ്പോൾ തന്നെ വല്ലാത്തൊരു സുഖം തോന്നുന്നു. ആ കാലത്ത് ജീവിക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായാണ് തോന്നുന്നത്. ഇന്ന് ആ ഒത്തൊരുമ നഷ്ടപ്പെട്ടിരിക്കുന്നു. ഓണാഘോഷങ്ങൾ ഉണ്ടെങ്കിലും അത് വീടിനുള്ളിലോ ഏതെങ്കിലും ജോലി സ്ഥലങ്ങളിലോ ചുരുങ്ങിപോവുകയാണ്.  കാലം മാറുന്നതിനനുസരിച്ച് എല്ലാം മാറുമല്ലോ.

 

ഇപ്പോഴും തിരുവോണം ആഘോഷിക്കാറുണ്ട്. എന്റെ ഭാര്യ മിറിയം വിദേശിയാണ്. മിറിയത്തിന് ഓണം ആഘോഷിക്കാനൊക്കെ വലിയ ഇഷ്ടമാണ്. ഓണസദ്യ കഴിക്കാൻ അവൾക്ക് കൊതിയാണ്. എന്റെ മമ്മി ഉണ്ടാക്കുന്ന കറികളൊക്കെ അവൾക്ക് വളരെ ആസ്വദിച്ചു കഴിക്കും. എത്ര സുഖമില്ലെങ്കിലും ഇപ്പോഴും മമ്മി ഓണസദ്യ ഒരുക്കാറുണ്ട്. ഭാര്യയും ഒപ്പം കൂടും. രാവിലെ വീട്ടിൽ പൂക്കളമൊരുക്കും. ഉത്രാടത്തിനാണ് ഞങ്ങൾ ഓണസദ്യ തയ്യാറാക്കുന്നത്. ഞങ്ങൾ തിരുവോണം ആഘോഷിക്കുന്നത് അമൃതപുരിയിൽ അമ്മയോടൊപ്പമാണ്. എത്ര തിരക്കുണ്ടെങ്കിലും മലയാളികൾ ഓണം ആഘോഷിക്കാൻ മറക്കാറില്ല എന്നറിയാം.  കോവിഡ് കാലം കഴിഞ്ഞ് ആശങ്കകൾ ഒഴിഞ്ഞൊരു ഓണക്കാലമാണ് വരുന്നത്. എല്ലാ മലയാളികൾക്കും എന്റെയും കുടുംബത്തിന്റെയും ഐശ്വര്യം നിറഞ്ഞൊരു പൊന്നോണം ആശംസിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com