ADVERTISEMENT

ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഗായകൻ ജസ്റ്റിൻ ബീബർ സംഗീത പരിപാടികൾ റദ്ദാക്കിയെന്നതു കേട്ട് നിരാശരായിരിക്കുകയാണ് ആരാധകവൃന്ദം. ഒക്ടോബർ 18ന് ബീബർ ഇന്ത്യയിൽ പരിപാടി അവതരിപ്പിക്കുമെന്ന പ്രഖ്യാപനം വന്ന് അധികം വൈകാതെയാണ് ലോകപര്യടനങ്ങൾ താൽക്കാലികമായി നിർത്തുകയാണെന്ന ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. ഇത് ബീബറിന്റെ ഇന്ത്യൻ ആരാധകരെയും നിരാശയിലാക്കി. എന്നാൽ മുൻ തീരുമാനിച്ച പ്രകാരം ബീബർ ഇന്ത്യയിലെത്തുമെന്നും സംഗീത പരിപാടി അവതരിപ്പിക്കുമെന്നുമാണ് ഏറ്റവുമൊടുവിലായി പുറത്തു വരുന്ന റിപ്പോർട്ടുകൾ. പരിപാടിയുടെ സംഘാടകർ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

 

സംഘാടകർ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ: ‘ജസ്റ്റിൻ ബീബർ ലോകപര്യടനത്തിൽ നിന്ന് ഇടവേളയെടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്. അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ഞങ്ങളും ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ ആരോഗ്യത്തിന് പ്രഥമ പരിഗണന നൽകാനുള്ള തീരുമാനത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു. ഒക്ടോബറിൽ ഡൽഹിയിൽ വച്ചു നടത്താൻ നിശ്ചയിച്ച പരിപാടിയിൽ മാറ്റമുണ്ടാവില്ല എന്നതാണു ഞങ്ങളുടെ പ്രതീക്ഷ’.

 

ജൂണില്‍ റാംസേ ഹണ്ട് സിന്‍ഡ്രോം എന്ന രോഗം ബാധിച്ച് ജസ്റ്റിന്‍ ബീബര്‍ മുഖത്തിന്റെ ഒരു ഭാഗം ചലിപ്പിക്കാനോ കണ്‍പോള അടയ്ക്കാനോ ചിരിക്കാനോ കഴിയാത്ത അവസ്ഥയില്‍ എത്തിയിരുന്നു. മുഖത്തെ പ്രശ്‌നങ്ങള്‍ക്കു പുറമേ കേള്‍വിയെയും രോഗം ബാധിച്ചേക്കാമെന്ന ആശങ്കയുണ്ടായിരുന്നു. തുടര്‍ന്ന് 'ജസ്റ്റിസ് വേള്‍ഡ് ടൂര്‍' എന്ന ലോക സംഗീത യാത്ര തല്‍ക്കാലം വേണ്ടെന്നുവച്ചു. ടൊറന്റോയിലെ ആദ്യപരിപാടിക്കു മണിക്കൂറുകള്‍ മുന്‍പായിരുന്നു ആരാധകരെ നിരാശയിലാക്കി ബീബറിന്റെ പ്രഖ്യാപനം വന്നത്. അതോടെ ഇന്ത്യയിലെ പരിപാടിയും റദ്ദാക്കുമെന്ന ആശങ്കയിലായി ബീബര്‍ ആരാധകര്‍. എന്നാൽ പദ്ധതിയിട്ടതുപോലെ തന്നെ പരിപാടി നടത്തുമെന്ന് കഴിഞ്ഞ മാസം ഔദ്യോഗിക പ്രഖ്യാപനം വന്നിരുന്നു. പിന്നാലെയാണ് ബീബറിന്റെ ആരോഗ്യസ്ഥിതി വീണ്ടും വഷളായതും തീരുമാനത്തിൽ മാറ്റമുണ്ടായതും.

 

ലോകസംഗീതത്തിലെ പ്രിയങ്കരനായ കനേഡിയൻ താരം 2017ൽ മുംബൈയിൽ പരിപാടി നടത്തിയിട്ടുണ്ട്. അന്ന് 40000 പേരാണു പാട്ടു കേൾക്കാൻ എത്തിയത്. ഇത്തവണ 43000 ടിക്കറ്റുകൾ വിൽപനയ്ക്കുണ്ട്. ജസ്റ്റിസ് വേൾഡ് ടൂർ 30 രാജ്യങ്ങളിലായി 125 വേദികൾ പിന്നിട്ട് അടുത്ത വർഷം മാർച്ചിൽ യൂറോപ്പിൽ അവസാനിക്കുമെന്നായിരുന്നു നേരത്തേ വന്ന റിപ്പോർട്ടുകൾ. ഇപ്പോൾ അപ്രതീക്ഷിത ഇടവേളയെടുത്ത ബീബർ വൈകാതെ ലോകത്തെ പാട്ടിലാക്കാൻ വരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com