പാതിയില്‍ മുറിഞ്ഞ ഈണം; ബാല ഭാസ്കറിനെ വീണ്ടും ഓർക്കുമ്പോൾ!

balabhaskar-4th-anniversary
SHARE

‘വയലിനിസ്റ്റ് ബാലഭാസ്കർ’ വയലിൻ സംഗീതത്തിന്റെ എല്ലാ അർഥങ്ങളും ഈ പേരിലുണ്ട്. സംഗീതം എന്ന മൂന്നക്ഷരമായിരുന്നു ബാലഭാസ്കറിന്റെ പ്രാണവായു. ഓരോ ഇരുത്തങ്ങളിലും ചർച്ചകളിലും ബാലഭാസ്കർ എന്ന ബാലു സംസാരിച്ചിരുന്നതും അതു തന്നെ. വയലിൻ കമ്പികൾകൊണ്ട് മാന്ത്രിക സംഗീതത്തിന്റെ അനന്തവിഹായസ്സിലേയ്ക്ക് ചിറകു വിടർത്തിയ പകരക്കാരനില്ലാത്ത പ്രതിഭ. എല്ലാ താളവും ശ്രുതിയും പാതിവഴിയിൽ ഉപേക്ഷിച്ച് സംഗീതലോകത്തോടു യാത്ര പോലും പറയാതെ ബാലു മറഞ്ഞിട്ട് ഇന്ന് വർഷം 4 തികയുന്നു. 

ഒത്തുകൂടലുകളും ആഘോഷങ്ങളും ഏറെ ഇഷ്ടപ്പെട്ടിരുന്ന ബാലു പോയതോടെ കൈചേർത്തു പിടിച്ച് കൂടെ നടന്നവരുടെ സന്തോഷങ്ങളും അവസാനിച്ചു. ബാലഭാസ്കറും കുടുംബവും വാഹനാപകടത്തിൽപ്പെട്ടുവെന്ന വാർത്ത കേട്ട് ഞെട്ടലോടെയാണ് 2018 സെപ്റ്റംബർ 25ന് കേരളം ഉണർന്നത്. ഈണവും താളവും മുറിയാതെ ശ്രുതിമീട്ടി വീണ്ടും ബാലു തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ കേരളം കാത്തിരുന്നു. എന്നാൽ പ്രാർഥനകൾ വിഫലമാക്കി ഒക്ടോബർ 2 നാടിനെ കണ്ണീരണിയിച്ചു. പ്രിയപ്പെട്ടവർക്കെല്ലാം ഒരു ജൻമത്തിന്റെ ഓർമകൾ സമ്മാനിച്ചാണ് ബാലു മടങ്ങിയത്. ആ ഓർമകൾക്കു മരണമില്ല.

പുതുതലമുറയിലെ സംഗീത സ്നേഹികള്‍ക്കു വയലിൻ എന്നാൽ ബാലഭാസ്കർ എന്നൊരു നിർവചനം കൂടിയുണ്ടാകും. കാരണം ബാലഭാസ്കറിനെ ഓർക്കുമ്പോൾ തന്നെ ഒരു ഫ്രെയിമിൽ എന്ന പോലെ വയലിനും ഒപ്പമുണ്ടാകും. മൂന്നാം വയസിൽ ബാലുവിന് കിട്ടിയ കളിപ്പാട്ടമായിരുന്നു വയലിൻ. പിന്നീട് അത് ജിവിതത്തോട് ഇഴചേരുകയായിരുന്നു, ശരീരത്തിലെ ഒരവയവം പോലെ.

ബാലഭാസ്കറിന്റെ കയ്യിലിരുന്നാവും പലരും വ്യത്യസ്തമായ വയലിനുകൾ കാണുന്നത്. വേദികളിൽ ബാലു ഇന്ദ്രജാലം തീർക്കുമ്പോൾ ആ നിർവൃതിയിൽ കണ്ണുനിറയുന്ന എത്രയോ കാണികളെ കാണാം. അത്രമാത്രം ഹൃദ്യമായിരുന്നു ബാലുവിന്റെ സംഗീതം. അത് ഹൃദയങ്ങളെയാണ് ചെന്നുതൊട്ടത്. കേരളത്തിൽ ആദ്യമായി ഇലക്ട്രിക് വയലിൻ പരിചയപ്പെടുത്തിയത് ബാലഭാസ്കർ ആയിരുന്നു. ഫ്യൂഷൻ സംഗീതത്തിന്റെ അനന്തസാധ്യതകളാണ് ആ മാന്ത്രിക വിരലുകളിൽ വിരിഞ്ഞത്. എന്നും കേൾക്കാൻ കൊതിക്കുന്ന സുന്ദര ഗാനങ്ങൾ ബാലു വയലിനിൽ മീട്ടുമ്പോൾ അതിൽ അലിഞ്ഞ് ഇല്ലാതെയാകുന്നു.

എത്ര സങ്കീർണമായ സംഗീതവും നിഷ്പ്രയാസം എന്നു തോന്നിപ്പിക്കുന്ന ഭാവത്തോടെയാണ് ബാലഭാസ്കർ അവതരിപ്പിച്ചിരുന്നത്. അതിന് അദ്ദേഹം കാരണമായി പറയുന്നത് വയലിനെ തനിക്ക് പേടിയില്ല എന്നാണ്. മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീതസംവിധായകൻ എന്ന വിശേഷണവും ബാലഭാസ്കറിനു സ്വന്ത‌മായതും ആ അനായാസഭാവം കാരണമാകും. 'മംഗല്യപ്പല്ലക്ക്' എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം ഒരുക്കുമ്പോൾ പ്രായം 17. ഈസ്റ്റ് കോസ്റ്റിനുവേണ്ടി ഹിറ്റ് റൊമാന്റിക് ആൽബങ്ങൾ. എന്നാൽ വെള്ളിത്തിര ഒരിക്കലും ബാലഭാസ്കറിനെ ഭ്രമിപ്പിച്ചില്ല. വയലിനിലെ അനന്തസാധ്യതകൾ തന്നെയായിരുന്നു ബാലുവിന്‍റെ സ്വപ്നം. യേശുദാസ്, കെ.എസ് ചിത്ര, മട്ടന്നൂർ ശങ്കരൻകുട്ടി, ശിവമണി, കലാമണ്ഡലം ഹൈദരലി തുടങ്ങി പ്രമുഖർക്കൊപ്പം ഇന്ത്യക്കകത്തും പുറത്തുമായി അനേകം സ്റ്റേജ് ഷോകൾ പിന്നിട്ടു. 40 വയസിനുള്ളിൽ ഒരു കലാകാരൻ എത്തിപ്പിടിക്കാവുന്ന ഉയരങ്ങള്‍ എല്ലാം കീഴടക്കി മുന്നേറുകയായിരുന്നു.

കണ്ണുകൾ പൂട്ടി ചെറുചിരിയോടെ ബാലഭാസ്കർ വേദിയിൽ സംഗീതത്തിന്റെ മായാലോകം തീർക്കുന്നത് കാണാൻ തന്നെ എന്തൊരു ഭംഗിയെന്ന് ലോകമൊട്ടുമുള്ള പാട്ടാസ്വാദകര്‍ പറഞ്ഞുകൊണ്ടേയിരുന്നു. വേദികളിലും അഭിമുഖങ്ങളിലുമൊക്കെ ലാളിത്യം നിറഞ്ഞ ഭാവമായിരുന്നു ബാലഭാസ്കറിന്. പക്ഷേ പറയാനുള്ളത് പലതും തുറന്നു പറയുകയും ചെയ്തിരുന്നു. വ്യക്തിപരമായും കലാരംഗത്തും നേരിടേണ്ടിവന്ന പലതിനെ പറ്റിയും ബാലഭാസ്കർ തുറന്നു പറഞ്ഞിട്ടുണ്ട്. അങ്ങനെ ആനന്ദിപ്പിച്ച, അമ്പരപ്പിച്ച കലാകാരനാണ് ഇപ്പോൾ അറിയുന്ന ഓരോരുത്തരുടെയും മനസിൽ നോവായി മടങ്ങിയത്. മരണശേഷം ആണ് ഓരോ മലയാളിക്കും അദ്ദേഹം എത്രമാത്രം പ്രിയങ്കരനായിരുന്നു എന്ന് മലയാളം തന്നെ തിരിച്ചറിയുന്നത്. ഇപ്പോൾ ആ വയലിൻ സംഗീതം കേൾക്കുമ്പോൾ ഉള്ളൊന്നു പിടയാത്ത, കണ്ണൊന്നു നിറയാത്തവരായി ആരുമുണ്ടാകില്ല. ഉയരങ്ങളിൽ നിന്നുയരങ്ങളിലേയ്ക്കുള്ള യാത്ര അവസാനിപ്പിച്ച് വയലിൻ മാറോടണച്ച് ബാലഭാസ്കർ മടങ്ങിയപ്പോൾ മുറിവേറ്റത് അനേകായിരം ഹൃദയങ്ങളിലാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}