ADVERTISEMENT

മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവത്തിന്‍റെ അവസാന ദിവസം രണ്ട് പ്രോഗ്രാമുകളാണ് ഉണ്ടായിരുന്നത്. പ്രശസ്ത കര്‍ണാടക സംഗീത വിദഗ്ദ്ധനും സംഗീത സംവിധായകനുമായ ശരത് അവതരിപ്പിച്ച സംഗീതക്കച്ചേരിയായിരുന്നു ആദ്യം.  വയലിന്‍ തിരുവിഴ വിജു എസ് ആനന്ദ്, മൃദംഗം നാഞ്ചില്‍ എ ആര്‍ അരുള്‍, ഘടം കണ്ണന്‍ തൃപ്പൂണിത്തുറ. 

 

തന്‍റെ ഗുരുനാഥനും പ്രസിദ്ധ കര്‍ണാടക സംഗീതജ്ഞനുമായ ഡോ. എം.ബാലമുരളീകൃഷ്ണ അമൃതവര്‍ഷിണി രാഗത്തില്‍ ചിട്ടപ്പെടുത്തിയ അബാല ഗോപാലമു എന്ന ആദിതാള വർണത്തോടെ ശരത് കച്ചേരി ആരംഭിച്ചത്. തുടര്‍ന്ന് മുത്തുസ്വാമി ദീക്ഷിതരുടെ സിദ്ദിവിനായകം അനിശം (രാഗം ഷണ്‍മുഖപ്രിയ, രൂപകതാളം), ത്യാഗരാജ സ്വാമികളുടെ എവരേ രാമയ്യ (രാഗം ഗാംഗേയഭൂഷണി, ആദി താളം) എന്നിവ പാടി സദസ്സിനെ കൈയ്യിലെടുത്തു. നാലാമത്തെ കൃതിയായി ത്യാഗരാജ സ്വാമികളുടെ ചന്ദ്രജ്യോതി രാഗത്തിലുള്ള ഭാഗായനയ്യ ആലപിച്ചു തുടങ്ങിയപ്പോളേക്ക് എണ്ണൂറ്റമ്പതിലധികം പ്രേക്ഷകര്‍ ലൈവ് കച്ചേരിക്ക് എത്തിച്ചേര്‍ന്നിരുന്നു. 

 

ത്യാഗരാജ സ്വാമികള്‍ ആഭേരിരാഗം ആദി താളത്തില്‍ ചിട്ടപ്പെടുത്തിയ നഗുമോമു രാഗവിസ്താരത്തോടെ പ്രധാനകൃതിയായി ആലപിച്ചു. തുടര്‍ന്നു നടത്തിയ തനിയാവര്‍ത്തനം ഗംഭീരമായിരുന്നു. പുരന്ദര ദാസര്‍ ധനകാപ്പി രാഗത്തില്‍ സൃഷ്ടിച്ച ജഗദോദ്ധാരണ, ആഹിര്‍ഭൈരവിയില്‍ സദാശിവ ബ്രഹ്മേന്ദ്രര്‍ ചിട്ടപ്പെടുത്തിയ പിബരേ രാമരസം എന്നീ ആദിതാള കൃതികള്‍ അതി മനോഹരമായിരുന്നു. 

 

ഗോപാലക ഗോകുല വല്ലഭി എന്ന തുളസീദാസ കൃതി (രാഗം വല്ലഭി, താളം മിശ്രചപ്പ്), ഡോ. എം ബാലമുരളീകൃഷ്ണ ചിട്ടപ്പെടുത്തിയ ഓംകാരകാരിണി (രാഗം ലവംഗി, ആദിതാളം), ത്യാഗരാജ സ്വാമികള്‍ സുപോഷിണി രാഗത്തില്‍ രചിച്ച രമിഞ്ചുവാ എവരൂര എന്നിവയ്ക്കു ശേഷം ഡോ. എം ബാലമുരളീകൃഷ്ണയുടെ കുന്തളവരാളിയിലുള്ള തില്ലാനയോടെ കച്ചേരി സമാപിച്ചു. 

 

മൂന്നാമത് മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവത്തിന്‍റെ അവസാന ഇനം ഡോ. രാജശ്രീ വാര്യരും ശിഷ്യരും അവതരിപ്പിച്ച നൃത്തസന്ധ്യയായിരുന്നു. ആകെ ആറ് നൃത്തങ്ങളാണ് വേദിയില്‍ അവതരിപ്പിച്ചത്. ഡോ. രാജശ്രീ വാര്യരുടെ സോളോ നൃത്തത്തോടെ പ്രോഗ്രാം ആരംഭിച്ചു, കൃതി ഊത്തുക്കാട് വെങ്കിട സുബ്ബയ്യരുടെ ശ്രീവിഘ്നരാജം ഭജേ, ഗായകന്‍ ഡോ. ശ്രീദേവ് രാജഗോപാല്‍. 

 

കല്യാണി ബിനു, നീലാംബരി വര്‍മ, ഗ്രീഷ്മ തമ്പി, ഭദ്ര ശര്‍മ എന്നിവരുടെ സംഘനൃത്തമായിരുന്നു പിന്നീട്. കൃതി സ്വാതി തിരുനാള്‍ ചിട്ടപ്പെടുത്തിയ ശ്രീരാമനാവിഭോ, ഗായകന്‍ രെജു നാരായണന്‍. തുടര്‍ന്ന് ഡോ. രാജശ്രീ വാര്യര്‍ അവതരിപ്പിച്ച സോളോ നൃത്തം. കൃതി ഡോ. ജയപ്രകാശ് ശര്‍മ രചിച്ച ഭുവനേശ്വരീ, ഗായകന്‍ ഡോ. ശ്രീദേവ് രാജഗോപാല്‍. 

 

അതിനു ശേഷം ഡോ. രാജശ്രീ വാര്യര്‍, രേവതി പ്രവീണ്‍, ഡോ. ശ്രീദേവി മാണിക്യം, ഡോ. ധന്യ കിരണ്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച സംഘനൃത്തമായിരുന്നു. കൃതി സ്വാതി തിരുനാളിന്‍റെ പന്നഗേന്ദ്ര ശയനാ, ഗായിക ഡോ. രാജശ്രീ വാര്യര്‍.

 

രേവതി പ്രവീണ്‍, ഡോ. ശ്രീദേവി മാണിക്യം, ഡോ. ധന്യ കിരണ്‍, കല്യാണി ബിനു, നീലാംബരി വര്‍മ, ഗ്രീഷ്മ തമ്പി, ജ്യോതി ശര്‍മ, ഭദ്ര ശര്‍മ എന്നിവര്‍ ചേര്‍ന്നുള്ള സംഘനൃത്തമായിരുന്നു തുടര്‍ന്ന് അവതരിപ്പിച്ചത്. കൃതി രാരവേണു ഗോപബാല. ഗായകന്‍ ഡോ. ശ്രീദേവ് രാജഗോപാല്‍. 

 

ഡോ. രാജശ്രീ വാര്യരുടെ സോളോ നൃത്തത്തോടെ മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവം സമാപിച്ചു, കൃതി സദാശിവ ബ്രഹ്മേന്ദ്രരുടെ മാനസസഞ്ചരരേ, ഗായകന്‍ ഡോ. ശ്രീദേവ് രാജഗോപാല്‍. 

ഓഡിയോ എഡിറ്റിങ് ആന്‍റ് മാസ്റ്ററിങ് ശ്രീജിത് കൊച്ചി, ഓഫ് ലൈന്‍ വിഡിയോ എഡിറ്റര്‍, റെനീഷ് ഒറ്റപ്പാലം, ലൈവ് സ്ട്രീമിങ് ആന്‍റ്  എഡിറ്റിങ് മാജിക് മാംഗോ ഫിലിം സ്റ്റുഡിയോ, എറണാകുളം, ഡിസൈന്‍സ് പ്രദീഷ്, പ്രൊഡക്ഷന്‍ കോ-ഓഡിനേറ്റര്‍ ഐമനം ചന്ദ്രകുമാര്‍. പ്രൊഡക്ഷൻ അസിസ്റ്റന്റ് ശാരദ രാമകൃഷ്ണൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com