ADVERTISEMENT

കാന്താര ചിത്രത്തിലെ ‘വരാഹ രൂപം’ പാട്ടിനെക്കുറിച്ചുള്ള കോപ്പിയടി വിവാദത്തിൽ വീണ്ടും പ്രതികരിച്ച് തൈക്കുടം ബ്രിഡ്ജ്. രണ്ട് വർഷമെടുത്തു ചെയ്ത പാട്ടാണ് നവരസമെന്നും അതാണ് യാതൊരു ക്രെഡിറ്റും തരാതെ കാന്താരയുടെ പിന്നണി പ്രവർത്തകർ ചിത്രത്തിനു വേണ്ടി ഉപയോഗിച്ചതെന്നും ബാൻഡ് മാനേജർ സുജിത് ഉണ്ണിത്താൻ മനോരമ ഓൺലൈനിനോടു പറഞ്ഞു. തങ്ങളുടെ കർണാടകയിലെ ആരാധകരും സുഹൃത്തുക്കളുമാണ് പാട്ടുകളിലെ സമാനത കണ്ടെത്തിയതെന്നും നിയമ വഴിയെ നീങ്ങണമെന്നു പറഞ്ഞ് അവർ പിന്തുണച്ചെന്നും സുജിത് വ്യക്തമാക്കി. 

 

‘2014ൽ ചെയ്തു തുടങ്ങി 2016ൽ ഞങ്ങൾ റിലീസ് ചെയ്ത ആൽബമാണ് നവരസം. ഒൻപത് പാട്ടുകൾ ആണ് അതിൽ ഉണ്ടായിരുന്നത്. ആൽബത്തിന്റെ ടൈറ്റിൽ ഗാനമാണ് നവരസം. അടുത്തിടെ റിഷഭ് ഷെട്ടി സംവിധാനം ചെയ്ത കാന്താര എന്ന ചിത്രത്തിൽ നവരസം പോലെ ഒരു പാട്ട് ഉണ്ടെന്ന് കണ്ടെത്തിയ അന്ന് തന്നെ സംഗീതപ്രേമികളും സുഹൃത്തുക്കളും ഞങ്ങൾക്ക് ഈ പാട്ട് അയച്ചു തരികയും നിങ്ങളുടെ പാട്ടു തന്നെയാണ് ഇതെന്ന് പറയുകയും ചെയ്തിരുന്നു.  ഞങ്ങൾ പാട്ട് കേട്ടു നോക്കിയപ്പോൾ അത് ഞങ്ങളുടേതു തന്നെയാണെന്നു മനസ്സിലായി. ഗിറ്റാർ പീസുകളും ഡ്രമ്മിന്റെ റിഥം പാറ്റേണും എല്ലാം ഒന്നുതന്നെയാണ്. ചിത്രീകരണവും ഞങ്ങളുടെ വിഡിയോയ്ക്കു സമാനം. പക്ഷേ അതിൽ അവകാശം ഉന്നയിക്കുന്നില്ല. അന്യം നിന്നുപോയ കഥകളി എന്ന കലാരൂപത്തെക്കുറിച്ചായിരുന്നു ഞങ്ങളുടെ വിഡിയോ. ഒരു കലാകാരന്റെ ജീവിതവും ആ കലയ്ക്ക് ഉണ്ടായ മൂല്യച്യുതിയും അഡ്രസ് ചെയ്യണം എന്ന രീതിയിൽ ആണ് ആ വിഡിയോ ചെയ്തത്. 

 

ഒരു കന്നഡ ചാനൽ ഈ പാട്ടിന്റെ സംഗീതസംവിധായകന്റെ അഭിമുഖമെടുത്തപ്പോൾ ഞങ്ങളുടെ പാട്ടുമായുള്ള സാമ്യത്തെപ്പറ്റി അവരും ചോദിച്ചിരുന്നു. അപ്പോൾ ഇൻസ്പിരേഷൻ ഉണ്ടെന്നേയുള്ളു, രാഗം ഒന്നായതുകൊണ്ടാണ് പാട്ടുകൾ ഒരേപോലെ തോന്നുന്നതെന്നമായിരുന്നു മറുപടി. പക്ഷേ രാഗം മാത്രമല്ല പാട്ട് മുഴുവൻ എടുത്തിരിക്കുകയാണെന്നു സംഗീതം അറിയാവുന്ന ആര് കേട്ടാലും മനസ്സിലാകും. രാഗം ഒരാൾക്കു മാത്രം ഉള്ളതല്ലല്ലോ. പക്ഷേ ഞങ്ങളുടെ പാട്ടിന്റെ ഇൻസ്ട്രുമെന്റേഷനും റിഥവും പാറ്റേണും ഉൾപ്പടെ എടുത്തിരിക്കുകയാണ്. ഞങ്ങളുടെ കർണ്ണാടകയിലുള്ള ആരാധകരും സംഗീതപ്രേമികളുമാണ് ആദ്യം ഇതു കണ്ടെത്തിയത്. ഞങ്ങൾ റൈറ്റ്സ് നൽകിയിട്ടുണ്ടെന്നാണ് അവർ വിചാരിച്ചത്. എന്നാൽ ഞങ്ങളുടെ പേര് എവിടെയും കൊടുത്തിട്ടില്ലെന്നു തിരിച്ചറിഞ്ഞപ്പോൾ നിയമ വഴിയെ നീങ്ങണം എന്നു പറഞ്ഞു കൂടെ നിന്നത് സുഹൃത്തുക്കളും ആരാധകരുമാണ്. 

 

ഈ വിഷയം നിയമപരമായി നേരിടാൻ തന്നെയാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്. തൈക്കുടത്തിന്റെ പാട്ടുകൾ ഫാമിലി മാൻ പോലെയുള്ള സീരിസിലും മറ്റു പല ബോളിവുഡ് സീരീസുകളിലുമൊക്കെ എടുത്തിട്ടുണ്ട്. പക്ഷേ അവർ നേരത്തെ ഞങ്ങളുടെ അനുവാദം വാങ്ങുകയും പ്രതിഫലം നൽകുകയും ചെയ്തിരുന്നു. എന്നാൽ കാന്താരയുടെ ടീം അങ്ങനെ‌യൊന്നും ചെയ്തിട്ടില്ല. കാന്താര എന്ന ചിത്രം ഹിറ്റായി. അതുകൊണ്ടാണ് ആളുകൾ പാട്ട് ശ്രദ്ധിക്കാനിടയായത്. പാട്ട് എടുത്തതിൽ കുഴപ്പമില്ല. പക്ഷേ ഞങ്ങളുടെ പേര് പരാമർശിക്കുകയോ അംഗീകാരം തരുകയോ ചെയ്തില്ല എന്നതിലാണ് പരാതി. ഇപ്പോൾ ഞങ്ങൾ പാട്ടിന്റെ ഒടിടി റിലീസ് ഹോൾഡ് ചെയ്തിട്ടുണ്ട്. ഇന്റർനാഷനൽ റിലീസ് നാളെ മുതൽ ഹോൾഡ് ചെയ്യാനുള്ള തീരുമാനത്തിലാണ്. ബാക്കി എല്ലാം ഞങ്ങളുടെ നിയമോപദേശകർ പറയുന്നതുപോലെ ചെയ്യാനാണ് തീരുമാനം. ഞങ്ങൾ വിജയിക്കുമോ എന്ന് അറിയില്ല പക്ഷേ പൊരുതുക തന്നെ ചെയ്യും’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com