ADVERTISEMENT

കോപ്പിയടി വിവാദത്തിൽ കുടുങ്ങി കന്നഡ ചിത്രം കാന്താരയിലെ ‘വരാഹ രൂപം’ പാട്ട്. തങ്ങളുടെ ‘നവരസ’ പാട്ട് അതേ പടി പകർത്തിയതാണെന്ന് ആരോപണവുമായി പ്രമുഖ ബാൻഡ് തൈക്കുടം ബ്രിഡ്ജ് രംഗത്തെത്തി. സമൂഹമാധ്യമ കുറിപ്പിലൂടെയാണ് ബാൻഡ് ആരോപണമുന്നയിച്ചത്. പകർപ്പവകാശ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നതെന്നു ചൂണ്ടിക്കാണിച്ച ബാൻഡ്, ഉത്തരവാദികൾക്കെതിരെ നിയമ വഴിക്കു നീങ്ങുമെന്നും പറഞ്ഞു. 

 

കുറിപ്പിന്റെ പൂർണരൂപം:

 

‘തൈക്കുടം ബ്രിഡ്ജിന് കാന്താരയുമായി യാതൊരു വിധ ബന്ധവുമില്ലെന്ന് പ്രേക്ഷകർ അറിയണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. നവരസവും വരാഹ രൂപവും തമ്മിൽ ഒഴിവാക്കാനാകാത്ത ചില സമാനതകൾ കണ്ടെത്തി. ഇത് പകർപ്പവകാശ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്. ഇതിന്റെ ഉത്തരവാദികൾക്കെതിരെ നിയമ വഴിയെ നീങ്ങും. പാട്ടിൽ ഞങ്ങൾക്കുള്ള അവകാശങ്ങൾ കാന്താരയുടെ പിന്നണി പ്രവർത്തകർ എവിടെയും പ്രതിപാദിച്ചിട്ടില്ല. യാതൊരു അംഗീകാരവും കിട്ടിയിട്ടുമില്ല. മാത്രവുമല്ല, സിനിമയുടെ പിന്നണിപ്രവർത്തകർ ഇത് തങ്ങളുടെ സ്വന്തം സൃഷ്ടിയായി എല്ലായിടത്തും പ്രചരിപ്പിക്കുന്നു. ശ്രോതാക്കളുടെ പിന്തുണ ഞങ്ങൾ പ്രതീക്ഷിക്കുകയാണ്. ഇക്കാര്യം പ്രചരിപ്പിക്കണമെന്നു നിങ്ങളോട് അഭ്യർഥിക്കുന്നു’. 

 

അതേ സമയം കോപ്പിയടി വിവാദത്തിൽ പ്രതികരിച്ച് കാന്താരയുടെ സംഗീതസംവിധായകൻ ബി.അജനീഷ് ലോക്നാഥ് രംഗത്തെത്തി. കോപ്പി അടിച്ചിട്ടില്ലെന്നും ഒരേ രാഗമായതിനാൽ പാട്ടിൽ സമാനതകൾ തോന്നുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സായ് വിഘ്നേഷ് ആണ് ചിത്രത്തിനു വേണ്ടി ഗാനം ആലപിച്ചിരിക്കുന്നത്. പുറത്തിറങ്ങി ദിവസങ്ങൾക്കകം ഒരു കോടിയിലധികം പ്രേക്ഷകരെയാണ് പാട്ട് സ്വന്തമാക്കിയത്. 

 

റിഷഭ് ഷെട്ടി നായകനായെത്തിയ ചിത്രമാണ് ‘കാന്താര’. സപ്‍തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവര്‍ മറ്റു വേഷങ്ങളിലെത്തുന്നു. റിഷഭ് ഷെട്ടി തന്നെ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണിത്. കെജിഎഫ് നിര്‍മാതാക്കളായ ഹൊംബാലെ ഫിലിംസ് ‘കാന്താര’ നിർമിച്ചിരിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com