4 ഇയേഴ്സ് എന്ന ക്യാംപസ് പ്രണയ ചിത്രത്തിലൂടെ പിന്നണിഗാനരംഗത്ത് ഹരിശ്രീ കുറിച്ചിരിക്കുകയാണ് സോണി മോഹൻ എന്ന യുവഗായിക. ആകെ 8 ഗാനങ്ങളുള്ള ചിത്രത്തിൽ മൂന്നെണ്ണം സോണി ആലപിച്ചു. ചിത്രത്തിന്റെ സംഗീത സംവിധായകൻ ശങ്കർ ശർമയാണ് സോണിയെ മലയാള സിനിമാ ഗാനശാഖയ്ക്കു പരിചയപ്പെടുത്തിയത്. പരപ്പനങ്ങാടി സ്വദേശിയാണ് സോണി മോഹൻ.
4 ഇയേഴ്സിനു വേണ്ടി സോണി ആലപിച്ച ‘എൻ കനവില്‍’ എന്ന പ്രണയഗാനം ഇതിനകം മികച്ച പ്രേക്ഷകസ്വീകാര്യത നേടിക്കഴിഞ്ഞു. ഗായകൻ അരുൺ ഏളാട്ട് ആണ് പാട്ടിലെ പുരുഷശബ്ദം. മറ്റു രണ്ടു ഗാനങ്ങളിൽ മിഥുൻ ജയരാജ്, വൈശാഖ് സി മാധവ് എന്നിവരാണ് സോണിക്കൊപ്പം ശബ്ദമായത്. സാന്ദ്ര മാധവ്, സന്ധൂപ് നാരായണൻ, ആരതി മോഹൻ, അനു എലിസബത്ത്, വിവേക് മുഴക്കുന്ന്, രഞ്ജിത്ത് ശങ്കർ എന്നിവരാണ് ചിത്രത്തിനു വേണ്ടി ഗാനങ്ങൾ എഴുതിയിരിക്കുന്നത്.
പ്രിയ വാരിയര്‍, സര്‍ജാനോ ഖാലിദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് 4 ഇയേഴ്സ്. ഛായാഗ്രഹണം സാലു കെ. തോമസ്, എഡിറ്റിങ്: സംഗീത് പ്രതാപ്, സൗണ്ട് ഡിസൈൻ ആൻഡ് ഫൈനൽ മിക്സ് തപസ് നായക്. ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത് ശങ്കറും ജയസൂര്യയുമാണു നിർമാണം. ചിത്രത്തിനു മികച്ച പ്രേക്ഷകസ്വീകാര്യതയാണു ലഭിക്കുന്നത്.