റിയാലിറ്റി ഷോ താരം ശ്രീനാഥ് ശിവശങ്കരൻ വിവാഹിതനായി. സംവിധായകൻ സേതുവിന്റെ മകൾ അശ്വതിയാണ് വധു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ കൊച്ചി ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ വച്ചായിരുന്നു വിവാഹം. നടന്മാരായ ജയറാം, ഇന്ദ്രൻസ്, മണിയന്‍പിള്ള രാജു, റഹ്മാന്‍, സംവിധായകൻ ജോഷി, ടൊവിനോ തോമസ്, മംമ്ത മോഹൻദാസ്, രഞ്ജിനി ഹരിദാസ് തുടങ്ങി നിരവധി പ്രമുഖര്‍ വിവാഹത്തിൽ പങ്കെടുക്കാനെത്തി.
ഈ വർഷം മേയ് 26നായിരുന്നു അശ്വതിയുടെയും ശ്രീനാഥിന്റെയും വിവാഹനിശ്ചയം. ഫാഷൻ ഡിസൈനിങ്ങിൽ ബിരുദാന്തര ബിരുദ വിദ്യാർഥിയാണ് അശ്വതി.
സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോ വേദിയിലൂടെയാണ് ശ്രീനാഥ് സംഗീതരംഗത്തെത്തിയത്. കഴിഞ്ഞ 12 വർഷമായി സ്റ്റേജ് ഷോകളിൽ സജീവമാണ്. സംഗീതസംവിധാനത്തിലും ശ്രദ്ധേയ സാന്നിധ്യമാണ് ശ്രീനാഥ്. ഒരു കുട്ടനാടൻ ബ്ലോഗ്, സഭാഷ് ചന്ദ്രബോസ്, മേം ഹൂം മൂസ എന്നീ ചിത്രങ്ങള്‍ക്കു സംഗീതമൊരുക്കി.