‘ലൈക’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘തനിയെ തനിയെ’ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് പ്രേക്ഷകർക്കരികിലെത്തിയത്. ബി.ടി.അനിൽ കുമാറിന്റെ വരികൾക്ക് സതീഷ് രാമചന്ദ്രൻ ഈണമൊരുക്കിയിരിക്കുന്നു. ഗായിക രാജലക്ഷ്മിയാണ് പാട്ടിനു പിന്നിലെ സ്വരം. മനോരമ മ്യൂസിക് ഗാനം പ്രേക്ഷകർക്കരികിലെത്തിച്ചു.
കോവിഡിനു മുൻപ് റെക്കോർഡ് ചെയ്ത ഗാനമാണ് ‘തനിയെ തനിയെ’. ഏറെ ആസ്വദിച്ചാണ് ഗാനം ആലപിച്ചതെന്നും വരികളും സംഗീതവും അതിമനോഹരമാണെന്നും രാജലക്ഷ്മി വിലയിരുത്തുന്നു. പാട്ട് കേട്ട് നിരവധി പേർ മികച്ച അഭിപ്രായങ്ങൾ അറിയിച്ചുവെന്നും അതിൽ ഒരുപാട് സന്തോഷം തോന്നുന്നുവെന്നും ഗായിക മനോരമ ഓൺലൈനിനോടു പ്രതികരിച്ചു.
ഡോ. ആശാദ് ശിവരാമൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലൈക’. പി.മുരളീധരനും ശ്യാം കൃഷ്ണയും ചേർന്ന് തിരക്കഥയൊരുക്കിയിരിക്കുന്നു. പി.സുകുമാർ ആണ് ഛായാഗ്രഹണം. എഡിറ്റിങ്: വിപിൻ മണ്ണൂർ. വിപിഎസ് ആൻഡ് സൺസിന്റെ ബാനറിൽ ഡോ.ഷംനാദ്, രഞ്ജിത് മണി എന്നിവര്‍ ചേർന്നാണു നിർമാണം.