ADVERTISEMENT

കൊറിയൻ സംഗീത ബാൻഡ് ബിടിഎസിന്റെ ചരിത്രവും വളർച്ചയും അവതരിപ്പിക്കുന്ന ഡോക്യുമെന്ററിസീരീസ് വരുന്നു. ബിടിഎസ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ‘മോണ്യുമെന്റ്സ് ബിയോണ്ട് ദ് സ്റ്റാർ’ എന്നാണ് സീരീസിന്റെ പേര്. ഇതിന്റെ പ്രമോഷൻ വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ബിടിഎസ് അംഗങ്ങളെയെല്ലാം വിഡിയോയിൽ കാണാനാകും. 

 

ഡോക്യുമെന്ററിസീരീസിൽ തങ്ങളുടെ കണ്ണീരും രക്തവും വിയർപ്പുമുണ്ടെന്ന് ബിടിഎസ് അംഗങ്ങൾ പറയുന്നു. ബാൻഡിന്റെ ചരിത്രവും വളർച്ചയുടെ വിവിധ ഘട്ടങ്ങളും കൂടാതെ നിർണായകമായതും ആരും അറിയാത്തതുമായ പല സംഭവങ്ങളും സീരീസിൽ ഉണ്ടാകും. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ സിംഗപൂരിലാണ് ഈ ഡോക്യുസീരിസ് സംപ്രേഷണം ചെയ്യുക എന്നാണ് നിലവിൽ പുറത്തു വരുന്ന വിവരം. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ ഇത് കാണാനാകുമോ എന്നത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇപ്പോൾ ഉണ്ടായിട്ടില്ല.

 

ബിടിഎസ് ബാൻഡ് വേർപിരിഞ്ഞെങ്കിലും സംഘത്തിന്റെ സംഗീതജീവിത വിശേഷങ്ങളെല്ലാം ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. വേർപിരിയലിനു ശേഷവും സ്വതന്ത്ര സംഗീത ആൽബങ്ങളുമായി സജീവമായിത്തന്നെ തുടരുകയാണ് അംഗങ്ങൾ. ബാൻഡ് രൂപീകരിച്ച് 9 വർഷം പൂർത്തിയാക്കിയ വേളയിലാണ് ഇവർ വേര്‍പിരിയൽ പ്രഖ്യാപനം നടത്തിയത്. ജംഗൂക്, ആർഎം, വി, ജെഹോപ്‌, ജിമിൻ, ജിൻ, സുഗ, എന്നിവരാണ് കൊറിയന്‍ ബാൻഡ് ആയ ബിടിഎസിലെ അംഗങ്ങൾ. ‌

 

സ്വതന്ത്ര സംഗീത ജീവിതത്തിൽ കൂടുതൽ ശ്രദ്ധിക്കാനാണു ബാൻഡ് പിരിച്ചുവിടുന്നതെന്നായിരുന്നു ബിടിഎസിന്റെ വിശദീകരണം. എന്നാൽ ദക്ഷിണ കൊറിയയിലെ നിയമമനുസരിച്ച് നിർബന്ധിത സൈനിക സേവനത്തിൽ ചേരാനാണു സംഘം വേർപിരിഞ്ഞതെന്ന അനൗദ്യോഗിക പ്രഖ്യാപനങ്ങളും പുറത്തു വന്നിരുന്നു. ബിടിഎസ് താരങ്ങളെല്ലാം ഉടൻ തന്നെ സൈനികസേവനത്തിനിറങ്ങുമെന്ന് കൊറിയയിലെ മേലധികാരികളും അറിയിച്ചു. ബാൻഡ് അംഗം ജംഗൂക് ഫുട്ബോൾ ലോകകപ്പിന്റെ ഉദ്ഘാടന വേദിയിൽ പാട്ടുമായി എത്തിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com