ഹൃദയങ്ങളെ മെല്ലെ തലോടി ആർദ്രമായി പെയിതിറങ്ങുകയാണ് ‘നിന്‍ നീല മിഴികളിൽ’ എന്ന സംഗീത ആൽബം. അജ്മൽ ചാലിയം ആണ് പാട്ടിനു വരികൾ കുറിച്ചു സംഗീതം നൽകി ആലപിച്ചിരിക്കുന്നത്. മുൻപും ആൽബം ഗാനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ഗായകനാണ് അജ്മൽ. ചെറിയ ഇടവേളയ്ക്കു ശേഷമാണ് ഇപ്പോൾ പാട്ടുമായി വീണ്ടും പ്രേക്ഷകർക്കരികിലെത്തിയിരിക്കുന്നത്.
‘നിന്‍ നീല മിഴികളിൽ പ്രണയാര്‍ദ്രഭാവമോ
എൻ ജീവനായ് നിന്നു നീയേ
നിൻ മിഴികൾ കൊണ്ടെന്നെ തഴുകി തലോടി നീ
എൻ പ്രാണനായി നിന്നു നീയേ....’
പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. പുറത്തിറങ്ങി മണിക്കൂറുകൾക്കകം മില്യനിലധികം പ്രേക്ഷകരെ നേടിയ പാട്ടിനു മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നു ലഭിക്കുന്നത്. സായ് ബാലൻ ആണ് പാട്ടിന്റെ പ്രോഗ്രാമിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചിരിക്കുന്നത്.
അതിമനോഹരമായ ദൃശ്യാനുഭവം കൂടി സമ്മാനിച്ചാണ് ‘നിന്‍ നീല മിഴികളിൽ’ പ്രേക്ഷകർക്കരികിലെത്തിയത്. സലിം പുളിക്കൽ ഗാനരംഗങ്ങളുടെ സംവിധാനവും ചിത്രീകരണവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. അഫ്താബ് ഹബീബ്, അനാമിക എന്നിവരാണ് പാട്ടിൽ നായികാ–നായകന്മാരായി എത്തുന്നത്.