ശബരിമല ഡ്യൂട്ടിക്കിടയിലെ ഇടവേളയിൽ പാട്ടു പാടുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നു. നിലയ്ക്കലിൽ സുരക്ഷാ ചുമതലയിലുള്ള ജിബിൻ ജോർജ് ആണ് ഗായകൻ. ജിബിന്റെ പാട്ട് കൺട്രോൾ റൂമിലെ സഹപ്രവർത്തകർ മൊബൈൽ ക്യാമറയിൽ പകർത്തുകയായിരുന്നു.
എ.ആർ.റഹ്മാന്റെ ‘മുൻപേ വാ.. എൻ അൻപേ വാ’ എന്ന സൂപ്പർഹിറ്റ് ഗാനമാണ് ജിബിൻ പാടുന്നത്. കേരള പൊലീസിന്റെ സമൂഹമാധ്യമ പേജിൽ പങ്കുവച്ച വിഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു. ജിബിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണു വിഡിയോ പങ്കുവയ്ക്കുന്നത്. ഒരു മിനിറ്റിൽ താഴെ മാത്രമാണ് വിഡിയോയുടെ ദൈർഘ്യം.
എ.ആർ.റഹ്മാന്റെ സംഗീതത്തിൽ ശ്രേയ ഘോഷാലും നരേഷ് അയ്യരും ചേർന്നാലപിച്ച ഗാനമാണ് ‘മുന്‍പേ വാ എൻ അൻപേ വാ....’. പാട്ടിന് ഇപ്പോഴും ആരാധകർ ഏറെ. യഥാർഥ ഗാനത്തിന്റെ തനിമ ചോരാതെയാണു ജിബിൻ ജോർജിന്റെ ആലാപനം എന്നാണ് വിഡിയോ കണ്ട് പ്രേക്ഷകർ കുറിക്കുന്നത്.