ADVERTISEMENT

130 കിലോ ശരീരഭാരം കുറച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി ഗായകൻ അദ്നാൻ സമി. അദ്നാൻ ശസ്ത്രക്രിയ നടത്തിയെന്ന പ്രചാരണം ശക്തമായതോടെയാണ് വിഷയത്തിൽ വിശദീകരണവുമായി അദ്ദേഹം തന്നെ രംഗത്തെത്തിയത്. താൻ യാതൊരുവിധ ശസ്ത്രക്രിയയും നടത്തിയില്ലെന്നും ന്യൂട്രീഷനിസ്റ്റിന്റെ സഹായത്തോടെയാണ് ഭാരം കുറച്ചതെന്നും പറയുകയാണ് ഗായകൻ. ആഹാരക്രമം ചിട്ടപ്പെടുത്തിയതിലൂടെ മാത്രം ഭാരം കുറഞ്ഞില്ലെന്നും തന്റെ ജീവിതശൈലി തന്നെ മാറ്റേണ്ടി വന്നുവെന്നും അദ്നാന്‍ പറയുന്നു. 

 

‘ഞാൻ ശരീരഭാരം കുറച്ചതെങ്ങനെയെന്നത് വലിയ ചോദ്യ ചിഹ്നമായി നിൽക്കുകയാണ്. ആളുകൾ വിചാരിക്കുന്നത് ഞാൻ ശസ്ത്രക്രിയ നടത്തിയെന്നാണ്. എന്നാൽ അങ്ങനെയല്ല. എന്റെ ശരീരഭാരം ചൂണ്ടിക്കാണിച്ച് ലണ്ടനിലെ ഡോക്ടർ അവസാന മുന്നറിയിപ്പ് നൽകുമ്പോൾ എനിക്ക് 230 കിലോ ആയിരുന്നു ഭാരം. അതേ രീതിയിൽ ഞാൻ ജീവിക്കുകയാണെങ്കിൽ 6 മാസത്തിനുള്ളിൽ എന്റെ അച്ഛനും അമ്മയ്ക്കും ഹോട്ടൽ മുറിയിൽ എന്നെ മരിച്ച നിലയിൽ കണ്ടെത്തേണ്ടി വരുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. 

 

അന്ന് എന്റെ അച്ഛൻ ഡോക്ടറുടെ വാക്കുകൾ കേട്ട് എനിക്കൊപ്പം അവിടെ ഉണ്ടായിരുന്നു. അന്ന് വൈകിട്ട് അദ്ദേഹം വളരെ വൈകാരികമായി എന്നോടു ദീർഘ നേരം സംസാരിച്ചു. ഞാന്‍ കടന്നു പോയ എല്ലാ വഴികളിലും ‍അച്ഛൻ എനിക്കൊപ്പമുണ്ടായിരുന്നു. ദുഃഖങ്ങളിലും സന്തോഷങ്ങളിലുമെല്ലാം. അദ്ദേഹം എപ്പോഴും എന്റെ കൈ പിടിച്ചു. ഒരിക്കലും അദ്ദേഹം ഒന്നും എന്നോട് ആവശ്യപ്പെട്ടില്ല. പക്ഷേ അന്ന് അച്ഛൻ പറഞ്ഞു, എനിക്ക് ഒരു അപേക്ഷയുണ്ട്, നീ എന്റെ മൃതദേഹം സംസ്കരിക്കണം. അല്ലാതെ നിന്നെ സംസ്കരിക്കേണ്ട അവസ്ഥ എനിക്ക് ഉണ്ടാകരുത്. ഒരു പിതാവും തന്റെ കുഞ്ഞിന്റെ മരണാനന്തര ചടങ്ങുകൾ ചെയ്യണമെന്ന് ആഗ്രഹിക്കില്ല. 

 

അച്ഛന്റെ ഈ വാക്കുകൾ എന്നെ കരയിപ്പിച്ചു. ആ നിമിഷത്തിലാണ് ശരീരഭാരം കുറയ്ക്കണമെന്ന തീവ്രമായ ആഗ്രഹം എനിക്കുണ്ടായത്. ഏതുവിധേനയും ഞാൻ ഭാരം കുറയ്ക്കുമെന്ന് അന്ന് അച്ഛന് വാക്കു കൊടുത്തു. തുടർന്ന് ടെക്സസിലേക്കു പോയി. അവിടുത്തെ ന്യൂട്രീഷനിസ്റ്റിനെ കണ്ടു. എന്റെ ജീവിതശൈലി പൂർണമായും അവർ മാറ്റിമറിച്ചു. അങ്ങനെ പതിയെ എന്റെ ഭാരം കുറഞ്ഞുതുടങ്ങി. കഠിനമായ പരിശ്രമത്തിലൂടെ 130 കിലോ ഞാൻ കുറച്ചു. ഇപ്പോഴും ന്യൂട്രീഷനിസ്റ്റിന്റെ നിർദേശപ്രകാരമുള്ള ജീവിതശൈലിയാണ് പിന്തുടരുന്നത്. ജീവിതകാലം മുഴുവൻ അത് തുടരും’, അദ്നാൻ സമി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com