ADVERTISEMENT

മലയാളസിനിമയുടെ തിരശ്ശീലയിൽ എ.ആർ.റഹ്‌മാൻ എന്ന സംഗീതസംവിധായകന്റെ പേര് ആദ്യമായി തെളിയുന്നത് 'യോദ്ധ'യിലൂടെയാണെന്ന് ഏവർക്കും അറിയാവുന്നതാണ്. പക്ഷേ അതിന് മുൻപുതന്നെ മലയാളത്തിന്റെ വെള്ളിത്തിരയിൽ അദ്ദേഹത്തിന്റെ പേര് തെളിഞ്ഞിട്ടുണ്ട്. അതുപക്ഷേ സംഗീതസംവിധായകനായിട്ടല്ല, ഗാനങ്ങളുടെ ശബ്ദലേഖകനായി 'ദിലീപ്' എന്നായിരുന്നുവെന്ന് മാത്രം.

 

1991 ൽ പുറത്തിറങ്ങിയ 'വീണ്ടും ഒരു ആദ്യരാത്രി' എന്ന ചിത്രത്തിന്റെ ടൈറ്റിൽ കാർഡിലാണ് 'റെക്കോർഡിസ്റ്റ് - ദിലീപ്, ദിലീപ് കംപ്യൂട്ടറൈസ്‌ഡ് തിയറ്റർ, മദ്രാസ്' എന്ന് കാണുന്നത്. ഇത് എ.ആർ.റഹ്‌മാൻ തന്നെയാണ് എന്ന കാര്യത്തിൽ ഉറപ്പ് വരുത്തിയത് ഗായിക ലതികയുടെ സഹോദരനും എഴുത്തുകാരനുമായ രാജേന്ദ്രബാബുവാണ്. ആ ചിത്രത്തിലെ ഒരു ഗാനം പാടിയിരിക്കുന്നത് ലതികയാണ്. രാജേന്ദ്രബാബു തന്നെയാണ് 'വീണ്ടും ഒരു ആദ്യരാത്രി'യുടെ സംഗീതസംവിധായകനായ നവാസിനെക്കുറിച്ചുള്ള വിവരങ്ങളും തന്നത്. 

rahman-poster2
വീണ്ടും ഒരു ആദ്യരാത്രി - ടൈറ്റിൽ

 

ഒരു കാലത്ത് ദക്ഷിണേന്ത്യൻ ചലച്ചിത്രസംഗീതരംഗത്ത്  'താർ ഷെഹനായ്' എന്ന സംഗീതോപകരണം വായിച്ചിരുന്ന സത്താർ ഭായിയുടെ മകനാണ് നവാസ്. മികച്ചൊരു കീ ബോർഡ് പ്ലെയറായ നവാസ് മലയാളത്തിലെ മിക്കവാറും സംഗീതസംവിധായകരോടൊപ്പവും പ്രവർത്തിച്ചിട്ടുണ്ട് (മുഖ്യമായും കെ.ജെ.ജോയിയ്ക്ക് വേണ്ടി)

rahman-poster
ബ്യൂട്ടി പാലസ് - തെലുങ്ക് ടൈറ്റിൽ

 

നവാസ് പിന്നീട് മലയാളത്തിൽ ഏതാനും ചെറുകിടചലച്ചിത്രങ്ങൾക്ക് സംഗീതം നല്കിയിട്ടുണ്ട്. ആ ഗാനങ്ങൾക്കൊക്കെയും സുഹൃത്തായ ദിലീപ് (എ.ആർ.റഹ്‌മാൻ) ആണ് പശ്ചാത്തലസംഗീതമൊരുക്കിയിട്ടുള്ളത്. ചിലവ് ചുരുക്കാനായി ആ പാട്ടുകൾക്കെല്ലാം കംപ്യൂട്ടറിൽ സംഗീതമൊരുക്കി ദിലീപ് തന്നെയാണ് സ്വന്തം സ്റ്റുഡിയോയിൽ പാട്ടുകൾ ആലേഖനം ചെയ്തതും. അക്കാലത്ത് ദിലീപിന്റെ ശബ്ദലേഖനസഹായിയായി സംഗീതസംവിധായകനായ എം.െക. അർജുനന്റെ മകനായ അനിയും ഉണ്ടായിരുന്നു. അതിലൊന്നാണ് 'വീണ്ടും ഒരു ആദ്യരാത്രി'.

 

ചിലവ് കുറഞ്ഞ ചില ചിത്രങ്ങളിലെ ഗാനങ്ങൾ സംഗീതസംവിധായനായ ജോൺസനും ദിലീപിന്റെ സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്തിട്ടുള്ളതായി രാജേന്ദ്രബാബു കൂടിച്ചേർത്തു. അപ്പോഴാണ് 'ബ്യൂട്ടി പാലസ്' എന്ന ഒരു തെലുഗ് മൊഴിമാറ്റചിത്രത്തെക്കുറിച്ച് അന്നാട്ടുകാരനായ ഒരു സുഹൃത്ത് മോഹൻ എന്നോട് ചോദിച്ചത് എനിക്കോർമ്മ വന്നത്. ആ തെലുങ്ക് ചിത്രത്തിന്റെ ടൈറ്റിലിൽ സംഗീതസംവിധായകരായി ജോൺസന്റെയും ദിലീപിന്റെയും പേരുകളാണുള്ളത്. (ദിലീപിനെ ബ്രായ്ക്കറ്റിൽ എ.ആർ.റഹ്‌മാനാക്കിയിട്ടുമുണ്ട്. അതിനാൽ ആ മൊഴിമാറ്റം പിന്നീടാകാനാണ് സാധ്യത) ആ തെലുങ്ക് സിനിമയിൽ പി.ജയചന്ദ്രൻ പാടിയതായി ടൈറ്റിലിൽ കാണുന്നു.

 

'ബ്യൂട്ടി പാലസ്' ഒറിജിനൽ മലയാളമാണോ , അതിൽ റഹ്‌മാന്റെ പേരുണ്ടോ എന്നീ കാര്യങ്ങളായിരുന്നു മോഹന് അറിയേണ്ടിയിരുന്നത്. മലയാളം 'ബ്യൂട്ടി പാലസി'ൽ സംഗീതസംവിധായകനായി എം.കെ.അർജുനൻ എന്ന് മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ ജോൺസനും റഹ്‌മാനും ഒരുമിച്ച് സംഗീതം നൽകിയ തെലുങ്ക് ചിത്രം കൗതുകമായിത്തന്നെ അവശേഷിക്കുന്നു. (ഒരു പക്ഷേ റഹ്‌മാന്റെ സ്റ്റുഡിയോയിൽ ജോൺസന്റെ മേൽനോട്ടത്തിൽ തെലുങ്കിലേയ്ക്ക് നടന്ന മൊഴിമാറ്റമായിരുന്നിരിക്കാം)

 

'അടിമച്ചങ്ങല'യിൽ കീ ബോർഡ് പ്ലയറായി ആരംഭിച്ച് തന്റെ സംഗീതത്തിനടിമകളാക്കി അനേകരെ മാറ്റി എ.ആർ.റഹ്മാൻ ‍‍‍‍ജൈത്രയാത്ര തുടരുമ്പോഴും നമുക്ക് സന്തോഷിക്കാം, മലയാളത്തിലാണല്ലോ എല്ലാ രീതിയിലും ശുഭാരംഭം എന്നതിൽ !

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com