ADVERTISEMENT

അമ്പലപ്പുഴ ക്ഷേത്രത്തിൽ വച്ചാണു ബീയാർ പ്രസാദിനെ കാണുന്നത്. കണ്ടാൽ ചിരിക്കുമെന്നല്ലാതെ അടുപ്പമുണ്ടായിരുന്നില്ല. സംവിധായകൻ രാജീവ് കുമാറാണു പരിചയപ്പെടുത്തിയത്. പിന്നെയും എത്രയോ കഴിഞ്ഞാണു ഞങ്ങൾ അടുക്കുന്നത്. പ്രസാദ് ഒരു തിരക്കഥ എഴുതിയിരുന്നു ‘ചന്ദ്രോത്സവം’. അതു സിനിമയാക്കാമെന്നു ഗുഡ്നൈറ്റ് മോഹൻ പറഞ്ഞിരുന്നു. എന്നോടു തിരക്കഥ വായിച്ചു നോക്കുവാൻ പറഞ്ഞു. ദേവദാസികളുടെ കഥയായിരുന്നതിനാൽ അതു സിനിമയാക്കുന്നതിൽ പ്രായോഗിക പ്രശ്നങ്ങളുണ്ടായിരുന്നു. സെൻസർ ചെയ്തു കിട്ടുകതന്നെ പ്രയാസം. അതുകൊണ്ടു മുന്നോട്ടു പോയില്ല. അതു മനോഹരമായ തിരക്കഥയായിരുന്നു. മനസ്സിനെ തൊടുന്ന ഭാഷ. പറയുന്ന രീതിയും ശൈലിയുമെല്ലാം എനിക്ക് അതുവരെ പരിചയമുള്ളതായിരുന്നില്ല. ആ ചർച്ചകൾക്കിടയിൽ ഞങ്ങൾ ഏറെ അടുത്തു.

 

പ്രസാദിന്റെ വായന എന്നെ അമ്പരപ്പിച്ചു. സംസ്കൃതത്തിലും മലയാളത്തിലും ആഴത്തിലുള്ള ‍ജ്ഞാനം. മഹാഭാരതമടക്കമുള്ള കൃതികൾ ആഴത്തിൽ മനസ്സിലാക്കിയിരുന്നു. ഓരോ സന്ദർഭത്തിനുമനുസരിച്ച് അതു വ്യാഖ്യാനിക്കാനുള്ള കഴിവ് ആദരവോടെയല്ലാതെ കാണാനാകില്ല. മലയാള ഭാഷയെ ഇതുപോലെ അറിഞ്ഞൊരു ചെറുപ്പക്കാരൻ എന്റെ അറിവിലില്ല. ഞാൻ സംവിധാനം ചെയ്ത വെട്ടം, കിളിച്ചുണ്ടൻ മാമ്പഴം എന്നീ സിനിമകൾക്കു പാട്ടെഴുതിയതു പ്രസാദാണ്. ആദ്യം വിളിച്ചപ്പോൾ വരുന്നില്ലെന്നാണു പറഞ്ഞത്. പ്രസാദിന്റെ മനസ്സിലുള്ളതു കച്ചവട സിനിമയായിരുന്നില്ല. പാട്ടു ചിട്ടപ്പെടുത്തുന്ന സമയത്തു പ്രസാദിന്റെ സംഗീത ബോധം ഞാൻ അടുത്തറിഞ്ഞു. രാഗങ്ങൾ, കൃതികൾ, അവയുടെ ചരിത്രം, താളവും രാഗവുമുണ്ടായി വന്ന വഴികൾ എന്നിവയെക്കുറിച്ചെല്ലാം പ്രസാദ് സംസാരിച്ചു. തെളിവെള്ളം പോലുള്ള ഓർമയായിരുന്നു. വർഷങ്ങൾക്കു ശേഷം പോലും വരികൾ ഓ‍ർത്തു പറയും. നല്ല ചരിത്ര ബോധവും.

 

വീണ്ടും എഴുതാൻ വിളിച്ചപ്പോൾ പ്രസാദ് പറഞ്ഞു, എന്റെ ശരീരം എഴുതാൻ സമ്മതിക്കുന്നില്ലെന്ന്. സിനിമയുടെ ലോകം പ്രസാദിന് ആവശ്യമുണ്ടായിരുന്നില്ല. എഴുത്തിന്റെ ലോകമായിരുന്നു വേണ്ടത്. മഹാഭാരതത്തിലെ കാണാതെ കിടക്കുന്ന കഥകൾ എഴുതാൻ തയാറെടുക്കുകയാണെന്നു പിന്നീട് ഒരിക്കൽ പ്രസാദ് പറഞ്ഞു. വായിക്കാൻ കാത്തിരുന്നൊരു പുസ്തമായിരുന്നു അത്. പ്രസാദിന്റെ പ്രതിഭയുടെ ഒരംശംപോലും മലയാളി കണ്ടിട്ടില്ല. പ്രസാദ് എഴുതാതെ പോയ കൃതികൾ മലയാളിയുടെ നഷ്ടമാണ്. പ്രസാദ് എന്നും സന്തോഷത്തോടെയാണു ജീവിച്ചത്. അലങ്കാരവും പണവും ബഹുമതികളും പ്രശസ്തിയുമൊന്നും പ്രസാദിന്റെ മനസ്സിളക്കിയില്ല. അതിനായി ആർക്കു മുന്നിലും കാത്തു നിന്നില്ല. അദ്ദേഹം അക്ഷരങ്ങൾക്കൊപ്പം മാത്രം ജീവിച്ചു. അക്ഷരങ്ങളുടെ മാന്ത്രികത തൊട്ടറിയുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com