ADVERTISEMENT

കൽപനകളിലൂടെ നീണ്ടു കിടക്കുന്നൊരു നാട്ടുവഴിയിൽ നടക്കുന്ന സുഖമാണ് ബീയാർ പ്രസാദിന്റെ വരികൾക്ക്. ഓരത്ത് മാഞ്ചുനയായി പൊള്ളുന്ന പ്രണയമുണ്ട്. കുടക്കീഴിൽ തോൾ ചേർന്നു നടക്കുന്ന കൂട്ടുണ്ട്. കേരനിരകളാടുന്ന കുട്ടനാടുണ്ട്. കവിയും നാടകകൃത്തും പാട്ടെഴുത്തുകാരനും ടിവി അവതാരകനുമൊക്കെയായിരിക്കുമ്പോഴും പ്രസാദിന് പാരലൽ കോളജ് അധ്യാപകന്റെ അടുക്കും ചിട്ടയും വടിവും വ്യാകരണവുമുണ്ടായിരുന്നു. 

ഒന്നോ രണ്ടോ പ്രയോഗങ്ങൾ കൊണ്ടുതന്നെ ഒരു സിനിമയെ ആകെ അനുഭവിപ്പിച്ച എഴുത്തുകാരനാണ്. എന്നിട്ടും പാട്ടെഴുത്തിന്റെ കുത്തൊഴുക്കിൽ വീഴാതെ ഉറച്ചു നിന്ന കുട്ടനാട്ടുകാരൻ. മലയാളികൾ പാടിയും പറഞ്ഞും ആരാധിക്കുന്ന വരികളെഴുതിയിട്ട് നേരെ പോയി ചാവറയച്ചനെപ്പറ്റി കൊതി തീരാതെ പ്രസംഗിക്കുകയും ഉണ്ണായി വാരിയരെയും ആട്ടക്കഥകളെയും പറ്റി പറഞ്ഞ് ആവേശം കൊള്ളുകയും അന്തംവിടുകയും ചെയ്യുന്നയാൾ. വിശുദ്ധ ചാവറയച്ചനെപ്പറ്റി ഒട്ടേറെ പ്രഭാഷണങ്ങൾ നടത്തി.

 

ടിവി അവതാരകനായി മുഖപരിചയമുണ്ടായിരുന്ന പ്രസാദിനെ ഗാനരചയിതാവായി മലയാളികൾ അറിഞ്ഞത് 2003ൽ ‘കിളിച്ചുണ്ടൻമാമ്പഴ’ത്തിന് എഴുതിയ പാട്ടുകളിലൂടെയാണ് ‘ഒന്നാം കിളി പൊന്നാംകിളി’ എന്ന പാട്ട് പലരെയും കുട്ടിക്കാലത്തേക്കു പിടിച്ചുവലിച്ചു. ‘ഇന്നു മാഞ്ചുനപോൽ പൊള്ളിടുന്നു നീ കടം തന്നൊരുമ്മയെല്ലാം’ എന്ന വരി ആസ്വാദകർ ആഘോഷിച്ചു.

 

‘വെട്ട’ത്തിലെ ‘മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻവഴി’ എന്ന പാട്ടും പരിചിതമായ വഴികളിലേക്ക് മലയാളിയെ ക്ഷണിച്ചു. ആലപ്പുഴക്കാരുടെ ഒത്തുചേരലായ ‘ജലോത്സവം’ എന്ന സിനിമയ്ക്കു പാട്ടെഴുതാൻ സിബി മലയിൽ നിയോഗിച്ചത് ബീയാർ പ്രസാദിനെയാണ്. ‘കേരനിരകളാടുന്നൊരു ഹരിത ചാരുതീരം...’ എന്ന ആ പാട്ടു കേരളം ഇന്നും മൂളുന്നു.

 

സ്കൂൾ കാലത്തു തുടങ്ങിയതാണ് നാടകമെഴുത്ത്. ആകെ 40ൽ അധികം. ഏറെ പ്രസിദ്ധമായിരുന്നു ‘ഷഡ്‌കാല ഗോവിന്ദമാരാർ.’ അതു തിരക്കഥയായും എഴുതിയെങ്കിലും സിനിമയാക്കാൻ കഴിഞ്ഞില്ല. ഇരുപത്തൊന്നാം വയസ്സിൽ ആട്ടക്കഥയെഴുതി അദ്ഭുതമായിട്ടുണ്ട് പ്രസാദ്.

2019 ജനുവരിയിൽ വൃക്കരോഗം ബാധിതോടെ ജീവിതം പ്രതിസന്ധിയിലായതാണ്. സ്കൂളിൽ ജൂനിയറായിരുന്ന കൂട്ടുകാരൻ വൃക്ക നൽകി. 2019 ഒക്ടോബറിലായിരുന്നു ശസ്ത്രക്രിയ. ഇന്നും അജ്ഞാതനായി നിൽക്കുന്നു ആ വലിയ ഹൃദയത്തിന്റെ ഉടമ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com