ഗോൾഡൻ ഗ്ലോബ് പുരസ്കാര വേദിയിൽ വച്ച് സംഗീതസംവിധായകൻ എം.എം.കീരവാണി പാറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഈ അംഗീകാരം തന്റെ സഹോദതുല്യനായ രാജമൗലിക്കുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. തനിക്കൊപ്പം പുരസ്കാരത്തിന് നോമിനേറ്റ് ചെയ്യപ്പെട്ടവർക്ക് നന്ദിയും ആശംസകളും അദ്ദേഹം അറിയിച്ചു. രാജമൗലി ചിത്രം ആർആർആറിലെ 'നാട്ടുനാട്ടു' എന്ന പാട്ടിലൂെടയാണ് കീരവാണി ഗോൾഡൻ ഗ്ലോബ് പുരസ്കാരം സ്വന്തമാക്കിയത്. രാജമൗലിയും ചിത്രത്തിൽ മുഖ്യ വേഷങ്ങളിലെത്തിയ ജൂനിയർ എൻടിആറും, രാം ചരണും പുരസ്കാരദാന ചടങ്ങിനെത്തിയിരുന്നു.
ബുധനാഴ്ച ലൊസാഞ്ചലസിലെ ബെവേര്‍ലി ഹില്‍ട്ടണ്‍ ഹോട്ടലില്‍ ആയിരുന്നു ഗോൾഡൻ ഗ്ലോബ് പുരസ്കാര ദാന ചടങ്ങ്. നടി ജെന്ന ഒട്ടേഗ പുരസ്കാര പ്രഖ്യാപനം നടത്തി. ഒറിജിനൽ സോങ് വിഭാഗത്തിലാണ് 'നാട്ടുനാട്ടു' ഗോൾഡൻ ഗ്ലോബ് നേടിയത്. ഇംഗ്ലിഷ് ഇതര ഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിലും മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തിലുമാണ് ആര്‍ആര്‍ആര്‍ നോമിനേഷന്‍ നേടിയിരുന്നത്.
പുറത്തിറങ്ങിയപ്പോൾ മുതൽ ട്രെൻഡിങ്ങിലായ ഗാനമാണ് 'നാട്ടുനാട്ടു'. യൂട്യൂബിൽ തരംഗമായ ഗാനം ആലപിച്ചത് കാലഭൈരവ, രാഹുല്‍ സിപ്‌ലിഗുഞ്ജ് എന്നിവര്‍ ചേർന്നാണ്. ആന്ധ്രയുടെ ചരിത്രത്തിലെ രണ്ട് സ്വാതന്ത്ര്യസമര സേനാനികളായ അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നിവരുടെ കഥയാണ് ഫാന്റസിയുടെ അകമ്പടിയില്‍ രാജമൗലി അവതരിപ്പിച്ചത്. രാമരാജുവായി രാംചരണ്‍ തേജയും ഭീം ആയി ജൂനിയര്‍ എന്‍.ടി.ആറുമാണ് എത്തിയത്. ആലിയാ ഭട്ട്, ശ്രീയാ ശരണ്‍, സമുദ്രക്കനി, ഒലിവിയാ മോറിസ്, റേ സ്റ്റീവന്‍സണ്‍ എന്നിവര്‍ മറ്റു മുഖ്യ വേഷങ്ങളിലെത്തി.