ADVERTISEMENT

മുപ്പതാണ്ട്, 4,200 പാട്ടുകൾ. രാജീവ് ആലുങ്കലിന്റെ പാട്ടെഴുത്ത് പല അപൂർവതകൾ ചേർന്നതാണ്. നാടകം, സിനിമ, ആൽബങ്ങൾ, ടിവി സീരിയലുകൾ എന്നിവയിലെല്ലാം കൂടി ഇത്രയും പാട്ടുകൾ എഴുതിയ മറ്റൊരാൾ ഇല്ലെന്നു പറയാം. 30 വർഷത്തിനിടയിൽ 250 ൽ ഏറെ ആൽബങ്ങൾ, 135 സിനിമകളിലായി മുന്നൂറ്റൻപതോളം പാട്ടുകൾ. എഴുത്ത് നിറഞ്ഞു കവിഞ്ഞ 30 വർഷങ്ങൾ തന്നെ. 

 

പതിനാലാം വയസ്സിലാണ് രാജീവിന്റെ ആദ്യ കവിത പ്രസിദ്ധീകരിച്ചത്. 19–ാം വയസ്സിൽ ചേർത്തല ഷൈലജ തീയറ്റേഴ്സിന്റെ മാന്ത്രികക്കരടി എന്ന നാടകത്തിലൂടെ ഗാനരചന തുടങ്ങി. തുടർന്ന് രാജൻ പി. ദേവിന്റെ ജൂബിലി, വൈക്കം മാളവിക, കൊല്ലം ചൈതന്യ, കാളിദാസ കലാകേന്ദ്രം തുടങ്ങിയവയുടെ നാടകങ്ങൾക്കായി ഒട്ടേറെ ഗാനങ്ങൾ. ജോണി സാഗരിഗയ്ക്കു വേണ്ടിയാണ് ആദ്യമായി ആല്‍ബം ഗാനങ്ങൾ എഴുതിയത്. യേശുദാസിന്റെ തരംഗിണിക്ക് ഉൾപ്പെടെ പിന്നീട് പാട്ടുകളെഴുതി.

 

ജോണി സാഗരിഗ നിർമിച്ച മോഹൻലാൽ നായകനായ ഹരിഹരൻപിള്ള ഹാപ്പിയാണ് എന്ന സിനിമയ്ക്കു വേണ്ടി എഴുതി ചലച്ചിത്ര രംഗത്തെത്തി. വെട്ടം, അറബീം ഒട്ടകവും പിന്നെ മാധവൻ നായരും, റോമൻസ്, മല്ലുസിങ്, സൗണ്ട് തോമ, ചട്ടക്കാരി, കനക സിംഹാസനം, ഹാപ്പി വെഡിങ്, കുട്ടനാടൻ മാർപാപ്പ തുടങ്ങിയ സിനിമകൾക്കായും എഴുതി. ‘നല്ല സമയം’ ആണ് അവസാനം പാട്ടെഴുതിയ സിനിമ. 

 

2012 ൽ സമഗ്ര സംഭാവനയ്ക്ക് കേരള സംഗീതനാടക അക്കാദമി അവാർഡ്, ഫിലിം ക്രിട്ടിക്സ് അവാർഡ് (മൂന്നു തവണ). ആശാൻ – ഭാരതി ദേശീയ സാഹിത്യ പുരസ്കാരം തുടങ്ങിയവ ലഭിച്ചു. പല്ലന കുമാരനാശാൻ സ്മാരകത്തിന്റെ ചെയർമാനായിരുന്നു. 4,200 പാട്ടുകളെഴുതിയതിലൂടെ 2021 ൽ യുആർഎഫ് നാഷനൽ റെക്കോർഡ് നേടി. മൂന്നു തലമുറകളിലെ മഹാപ്രതിഭകളോടൊപ്പം രാജീവ് പ്രവർത്തിച്ചു. പാട്ടെഴുത്തിനൊപ്പം സംഗീത സംവിധാനവും ചെയ്തിട്ടുണ്ട്. 

 

നിലവിളിത്തെയ്യം, ഏകാകികളുടെ ഗീതം, വേരുകളുടെ വേദാന്തം, പല്ലൊട്ടി മിഠായി, കനൽപെണ്ണ് എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. എന്റെ പ്രിയഗീതങ്ങൾ എന്ന േപരിൽ 1001 ഗാനങ്ങളുടെ സമാഹാരവുമുണ്ട്. ഇക്കഴിഞ്ഞ ചെന്നൈ മാർകഴി മഹോത്സവത്തിൽ രാജീവിനെ ആദരിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com