ജീവിതപങ്കാളിയും സംഗീതസംവിധായകനുമായ ഗോപി സുന്ദറിനൊപ്പമുള്ള പുതുചിത്രം പങ്കിട്ട് ഗായിക അമൃത സുരേഷ്. ഗോപി സുന്ദറിനെ പിരിഞ്ഞിരിക്കുന്നതിന്റെ ദുഃഖം പ്രകടിപ്പിച്ചുകൊണ്ടാണ് അമൃതയുടെ പോസ്റ്റ്. ‘എന്റെ സന്തോഷം നീയാണ്. നിന്നെ കാണാൻ വേണ്ടി ഇനിയും കാത്തിരിക്കാനാകില്ല എനിക്ക്’, എന്ന അടിക്കുറിപ്പോടെയാണ് അമൃതയുടെ സമൂഹമാധ്യമ പോസ്റ്റ്. ഗായികയുടെ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധ നേടിക്കഴിഞ്ഞു. ഗോപി സുന്ദർ എവിടെയാണെന്നു ഗായികയോടു തിരക്കുകയാണ് ആരാധകർ.
ഏതാനും ദിവസങ്ങൾക്കു മുൻപാണ് അമൃത സുരേഷ് യുഎഇ ഗോൾഡൻ വീസ സ്വീകരിച്ചത്. ചടങ്ങിൽ പങ്കെടുക്കാൻ ഗോപി സുന്ദർ എത്തിയിരുന്നില്ല. ഗോൾഡൻ വീസ സ്വീകരിച്ച അമൃതയെ അഭിനന്ദിച്ചുകൊണ്ട് ഗോപി സുന്ദർ സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചിരുന്നു. ഗോപിയെ മിസ് ചെയ്യുന്നുവെന്നാണ് അമൃത പോസ്റ്റിനു നൽകിയ കമന്റ്.
കഴിഞ്ഞ വർഷം മേയില്‍ ആണ് തങ്ങൾ പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്. ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്നേഹവും പ്രാർഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അമൃത വ്യക്തമാക്കിയിരുന്നു.