വ്യവസായി പ്രമുഖൻ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ അനന്ത് അംബാനിയും രാധിക മെർച്ചന്റും തമ്മിലുള്ള വിവാഹം ഇന്ത്യ മുഴുവൻ കൗതുകത്തോടെ ഉറ്റുനോക്കുന്ന ഒന്നാണ്. കഴിഞ്ഞ ദിവസം പുറത്തു വന്ന രാധിക മെർച്ചന്റിന്റെ മെഹന്തി ചടങ്ങിന്റെ വിഡിയോ ദൃശ്യങ്ങൾക്കു വൻ സ്വീകാര്യതയാണു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. ചൊവ്വാഴ്ചയായിരുന്നു മെഹന്തി.
റാണി പിങ്ക് നിറത്തിലുള്ള ലഹങ്കയിൽ അതീവ സുന്ദരിയായി നൃത്തം ചെയ്യുന്ന രാധികയുടെ വിഡിയോയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. മനോഹരമായ, വേറിട്ട രീതിയിലുള്ള വസ്ത്രം ധരിച്ച് രാധിക അതിസുന്ദരമായി നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മിനിറ്റുകൾ കൊണ്ടു ശ്രദ്ധ നേടി. വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. നിരവധി പേരാണ് ഈ ആഘോഷ വിഡിയോ ഷെയർ ചെയ്യുന്നത്.
രാജസ്ഥാനിലെ നാഥ് ദ്വാരയിലുള്ള ശ്രീനാഥ്ജി ക്ഷേത്രത്തിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ 2022 ഡിസംബറിലായിരുന്നു അനന്തിന്റെയും രാധികയുടെയും വിവാഹനിശ്ചയം. എൻകോർ ഹെൽത്ത് കെയർ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ (സിഇഒ) വിരേൻ മർച്ചെന്റിന്റെയും ഷൈലയുടെയും മകളാണ് രാധിക. നർത്തകി കൂടിയായ രാധികയുടെ ഭരതനാട്യ അരങ്ങേറ്റം മുകേഷ് അംബാനിയാണ് നടത്തിയത്.