ADVERTISEMENT

മലയാള സിനിമയുടെ പ്രാരംഭ ഘട്ടം മുതല്‍ ഇന്നു വരെയുള്ള വിവരങ്ങൾ ശേഖരിച്ച് സൂക്ഷിക്കുന്ന എം3ഡിബി എന്ന മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസ് പ്രവര്‍ത്തനത്തിന്റെ പന്ത്രണ്ട് വര്‍ഷങ്ങൾ പൂര്‍ത്തിയാക്കുകയാണ്. മലയാളത്തിലെ ആദ്യ ചിത്രമായ വിഗതകുമാരന്‍ മുതലിങ്ങോട്ടുള്ള സിനിമകളുടെയും സിനിമാ സംഗീത ശാഖയുടെ മുന്നണിയിലും‌ം പിന്നണിയിലും പ്രവര്‍ത്തിച്ചവരെക്കുറിച്ചുമുള്ള സമഗ്രമായ വിവര ശേഖരണമാണ് എം3ഡിബി ചെയ്തു പോരുന്നത്. പന്ത്രണ്ട് വര്‍ഷം‌ കൊണ്ട് അൻപത്തിയെട്ടായിരത്തോളം‌ ‌സിനിമാ വ്യക്തിത്വങ്ങളെ ഡേറ്റാബേസിൽ അടയാളപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. 7393 സിനിമകളുടെ വിവരങ്ങളും ഈ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംഗീത വിഭാഗത്തിലാകട്ടെ, 22500 സിനിമാ ഗാനങ്ങളുടെ വരികളും ലഭ്യമാണ്. 

 

194 രാഗങ്ങളെയും രാഗങ്ങളില്‍ അധിഷ്ഠിതമായ മൂവായിരത്തോളം സിനിമാ ഗാനങ്ങളെയും തരം തിരിച്ച് രേഖപ്പെടുത്തുന്ന 'രാഗ' എന്ന പ്രോജക്‌റ്റും എം3ഡിബി നടത്തി വരുന്നു. ഇതു കൂടാതെ കേരളത്തിലെ സിനിമാ തിയറ്ററുകളെയും ഷൂട്ടിങ് ലൊക്കേഷനുകളെയും അവയുടെ ചരിത്ര പ്രാധാന്യത്തെയും ‌രേഖപ്പെടുത്തുന്ന 'തിയറ്റര്‍ / ലൊക്കേഷന്‍ ലൈബ്രറി', സിനിമയിലെ ശബ്ദമേഖലയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരെ അടയാളപ്പെടുത്തുന്ന 'വോയ്സ് ലൈബ്രറി' എന്നീ പ്രോജക്റ്റുകളും‌ം നടക്കുന്നുണ്ട്.

 

മലയാള സിനിമാ ഗാനങ്ങൾ സമാഹരിക്കുക, അവയുടെ വരികൾ ശേഖരിച്ച് ഇന്റര്‍നെറ്റില്‍ സൂക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ കേരളത്തിലും വിദേശത്തുമുള്ള ഒരു കൂട്ടം സംഗീതപ്രേമികള്‍ 2004 ല്‍ സൃഷ്ടിച്ച കൂട്ടായ്മയാണ് ഇന്ന് എം3ഡിബി (മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസ്) എന്ന സ്വതന്ത്ര വിവര സഞ്ചയമായി പടര്‍ന്നു പന്തലിച്ചത്. കിരണ്‍ എന്നറിയപ്പെടുന്ന അജു തോമസ് പാട്ടുകള്‍ സൂക്ഷിക്കാന്‍ ഓണ്‍ലൈന്‍ സ്റ്റോറേജെന്ന നിലയിൽ തുടങ്ങിയ യാഹൂ ഗ്രൂപ്പായിരുന്നു ഈ കൂട്ടായ്മ‌യിലെ അംഗങ്ങൾ വിവരങ്ങളും‌ം ആശയങ്ങളും‌ പങ്കു വച്ചിരുന്ന ആദ്യ വേദി. ശേഖരിച്ച പാട്ടുകളുടെ വരികള്‍ ലളിതമായി സേര്‍ച്ച് ചെയ്ത് കണ്ടെത്തുവാന്‍ മലയാളം സോങ് ലിറിക്സ് എന്ന പേരില്‍ ഒരു വെബ്സൈറ്റ് തുടങ്ങുകയും ചെയ്തു. 2007 ന്റെ തുടക്കത്തിൽ മലയാളം യൂണിക്കോഡിലേക്ക് ആ ഗാനശേഖരം വളര്‍ന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ളവര്‍ പരസ്പരം കാണാതെ ഇന്റര്‍നെറ്റിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി ഗാനങ്ങള്‍ തയാറാക്കി അവ സംഗീതാസ്വാദകര്‍ക്ക് സൗജന്യമായി ഡൗണ്‍ലോഡിന് ലഭ്യമാക്കിയ സംരംഭമായ 'ഈണം', മലയാള ഇന്റർനെറ്റ് ചരിത്രത്തിലെ ആദ്യത്തെ സമ്പൂർണ്ണ സിനിമാ-സംഗീത ക്വിസ് ആയ 'എം‌എസ്‌എല്‍ ക്വിസ്' തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങളിലൂടെ ആ കൂട്ടായ്മ‌ ഗാനശേഖരത്തിനപ്പുറത്തേക്കും വ്യാപിച്ചു.

 

അതിന്റെ തുടര്‍ച്ചയായി മലയാള സിനിമയുടെയും അതിന്റെ മുന്നിലും പിന്നിലുമുള്ള നടീനടന്‍മാര്‍, സാങ്കേതിക വിദഗ്ധര്‍, സംഗീതജ്ഞര്‍, രചയിതാക്കള്‍ തുടങ്ങിയ എല്ലാ പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ ഒരു ഡേറ്റാബേസിലൂടെ ലഭ്യമാക്കുക എന്ന വിപ്ലവകരമായ ആശയം ഉടലെടുത്തു. ലോകത്തിന്റെ പല കോണുകളില്‍ നിന്നുള്ള നൂറിലധികം‌ മലയാളികളുടെ പരിശ്രമത്തോടെ മലയാള സിനിമയുടെ തുടക്കം മുതലുള്ള വിവരങ്ങള്‍ ശേഖരിച്ച് ഡേറ്റാബേസില്‍ ചേര്‍ക്കുക എന്നതായിരുന്നു ആദ്യ ദൗത്യം. അങ്ങനെ 2010 ഡിസംബര്‍ 20-ന് സംഗീത സംവിധായകന്‍ .ജോണ്‍സണും സംവിധായകൻ പി.ടി.കുഞ്ഞുമുഹമ്മദും ചേര്‍ന്ന് പാലക്കാട്ട് മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസ് (എം3ഡിബി ) എന്ന ചലച്ചിത്ര വിവര സഞ്ചയം ഉദ്ഘാടനം ചെയ്തു. മലയാള‌ സിനിമയിലും സിനിമാ സംഗീത മേഖലയിലും പ്രവര്‍ത്തിക്കുന്ന കലാകാരന്‍മാരുടെയും‌ സാങ്കേതിക വിദഗ്ധരുടെയും ജീവിതരേഖയും അവര്‍ ചെയ്തിട്ടുള്ള വര്‍ക്കുകളുടെ സമ്പൂർണ വിവരവും ഒരു ക്ലിക്കിലൂടെ ആര്‍ക്കും ലഭ്യമാകുന്ന സ്വതന്ത്ര ഡേറ്റാബേസാണ് ഇന്ന് എം3ഡിബി.

 

സിനിമാ സംബന്ധമായ ചര്‍ച്ചകള്‍ക്കും വിവര ശേഖരണത്തിനുമായി എം3ഡിബിയുടെ ഫെയ്സ്ബുക് ഗ്രൂപ്പും വളരെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു വരുന്നു. സംവിധായകൻ ദിലീഷ് പോത്തനും തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരനും ചേർന്നാണ് എം3ഡിബി  ഫെയ്സ്ബുക് ഗ്രൂപ്പിന്റെ ലോഞ്ച് നിർവഹിച്ചത്. സിനിമാ പ്രവര്‍ത്തകര്‍ക്കും സിനിമാസ്വാദകര്‍ക്കും സിനിമാ വിദ്യാർഥികള്‍ക്കും സ്വതന്ത്രമായി ആശയ വിനിമയം നടത്താൻ കഴിയുന്ന തരത്തിൽ പബ്ലിക് ഗ്രൂപ്പായാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 2020 ൽ പത്ത് വര്‍ഷം‌ പൂര്‍ത്തിയാക്കിയ വേളയിൽ എം3ഡിബിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ആമുഖ വിഡിയോ യുവ താരം ദുല്‍ഖര്‍ സല്‍മാന്‍ തന്റെ സാമൂഹ്യമാധ്യമ പേജിലൂടെ റിലീസ് ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com