18 വര്‍ഷത്തിനു ശേഷം നടക്കാനൊരുങ്ങുകയാണ് തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിയും ഗായികയുമായ സൗമ്യ. അപൂര്‍വ രോഗം ബാധിച്ച സൗമ്യയ്ക്ക് ശസ്ത്രക്രിയയിലൂടെ നടക്കാനുള്ള ശേഷി ലഭിച്ചെങ്കിലും തുടർ ചികിത്സയ്ക്കു പണം കണ്ടെത്താനാകുന്നില്ല.
നിരവധി ഗാനമേള വേദികളിലും ടെലിവിഷന്‍ സംഗീത പരിപാടികളിലും വേദനകളെ പാട്ടിനുവിട്ട് സൗമ്യ നിറഞ്ഞുപാടി. ഓരോ വേദിയിലും അച്ഛന്‍റെയും അമ്മയുടേയും കരുത്ത് സൗമ്യയുടെ തളര്‍ന്ന കാലുകള്‍ക്കു ബലം നല്‍കി. 18 വര്‍ഷങ്ങള്‍ക്കൊടുവില്‍ സൗമ്യ പരസഹായമില്ലാതെ നടക്കാനൊരുങ്ങുമ്പോഴാണ് പണം വീണ്ടും വില്ലനാകുന്നത്.
രോഗബാധിതരായ അച്ഛനും അമ്മയും ഉള്‍പ്പെടുന്ന കുടുംബത്തിന്‍റെ ഏക വരുമാന മാര്‍ഗം സൗമ്യയുടെ പാട്ടുകളാണ്. കോശങ്ങളെ ബാധിക്കുന്ന സിസ്റ്റമിക് ലൂപ്പസ് അരിത്തിമറ്റോസിസ് എന്ന രോഗം തൊണ്ടയെയും ബാധിച്ചതോടെ പാടരുതെന്ന ഡോക്ടറുടെ നിര്‍ദേശമുണ്ട്. പക്ഷേ സൗമ്യയ്ക്കു പാടിയേ പറ്റൂ. പരസഹായമില്ലാതെ നടക്കണം, കുടുംബത്തെ നോക്കണം. അതിനായി സുമനസ്സുകളുടെ സഹായം പ്രതീക്ഷിച്ചിരിക്കുകയാണിപ്പോൾ.