ജോജു ജോർജ് ഇരട്ട വേഷത്തിലെത്തുന്ന ‘ഇരട്ട’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘എന്തിനാടി പൂങ്കൊടിയേ’ എന്ന സൂപ്പർഹിറ്റ് ഗാനം പുനരാവിഷ്കരിച്ചിരിക്കുകയാണ് ചിത്രത്തിൽ. മണികണ്ഠൻ പെരുമ്പടപ്പ് വരികൾ കുറിച്ചു സംഗീതം പകർന്ന ഗാനം ജേക്സ് ബിജോയ് ആണ് ഇരട്ടയ്ക്കു വേണ്ടി റീ അറേഞ്ച് ചെയ്തത്. ജോജു ജോർജും ബെനടിക്ക് ഷൈനും ചേർന്നു ഗാനം ആലപിച്ചു.
പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധ നേടിക്കഴിഞ്ഞു. പഴയ പാട്ടിനെ അതിന്റെ ഭംഗി ചോരാതെ പുനരാവിഷ്കരിച്ച ജേക്സ് ബിജോയ്‌യുടെ മികവിനെ പ്രശംസിക്കുകയാണ് ആരാധകർ. ജോജുവിന്റെ ആലാപനത്തെക്കുറിച്ചും മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നുണ്ട്.
നവാഗതനായ രോഹിത് എം.ജി. കൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇരട്ട’. വിനോദ്, പ്രമോദ് എന്നീ ഇരട്ട സഹോദരന്മാരായി ജോജു ജോർജ് വേഷമിടുന്നു. അഞ്ജലി, ശ്രിന്ദ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം എന്നിവരാണു മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.