ADVERTISEMENT

കണ്ണോരം ചിങ്കാരം

 

ഈ പൂവിൽ വന്നു വണ്ടുമൂളവേ... 

 

എൺപതുകളിലെ മലയാളി യൗവനത്തിന്റെ വസന്തത്തിലേക്കു പടർന്നുകയറിയ ‘രതിനിർവേദം’ എന്ന ഭരതൻചിത്രം 2011ൽ ടി.കെ രാജീവ്കുമാർ റീമേക് ചെയ്തപ്പോൾ അതിലെ ഈ ഗാനം പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. രതിച്ചേച്ചിയുടെയും പപ്പുവിന്റെയും പ്രണയനിർഭരമായ നിമിഷങ്ങളുടെ ചലച്ചിത്രാവിഷ്കാരമായി ഗാനം. ശ്രേയ ഘോഷാലിന്റെ അതിമധുരസ്വരത്തിൽ നാം കേട്ട ഈ ഗാനത്തിന് മനോരമ മ്യൂസിക് ഒരുക്കിയ ഗാന ചിത്രീകരണം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്. 

 

ഹിറ്റ് ഗാനങ്ങളുടെ കവർ വെർഷനുകൾ കേട്ടു പരിചയിച്ച നമുക്ക് ഈ ചിത്രീകരണം പുതിയൊരു ദൃശ്യാനുഭവമാണ്. കൊച്ചിക്കാരിയായ ജംഷീന ജമാൽ ആണ് ഗാനപശ്ചാത്തലത്തിൽ പാടി അഭിനയിക്കുന്നത്. നർത്തകികൂടിയായ ജംഷീനയുടെ അഴകാർന്ന ചുവടുകളുടെ ലാസ്യഭംഗിയിൽ ഈ ഗാനം കേൾക്കുമ്പോൾ അത് മറ്റൊരു സിനിമാറ്റിക് അനുഭവമായി മാറുകയാണ് ആരാധകർക്ക്. 

 

തൃപ്പൂണിത്തുറ ആർഎൽവി ഗവ. കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ എംഎ മോഹിനിയാട്ടം ഒന്നാംവർഷ വിദ്യാർഥിനിയാണ് ജംഷീന. നൃത്തച്ചുവടുകൾക്കു പ്രാധാന്യം നൽകിയാണ്  വിഷ്വലൈസേഷൻ തയാറാക്കിയിരിക്കുന്നത്. പ്രണയോന്മാദത്തിൽ കാൽച്ചിലങ്കകൾപോലും നൃത്തലോലമാകുന്ന കാഴ്ച. 

 

മനോഹരമായ ഗ്രാമീണകാഴ്ചകളുടെ പശ്ചാത്തലത്തിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. രതിച്ചേച്ചിയെ ഓർമിപ്പിക്കുന്ന ശാലീനതയും നാടൻ പെണ്ണിന്റെ അഴകും നിറഞ്ഞുനിൽക്കുന്ന മുഖഭാവം. പുഴയൊഴുകും വഴികളിലൂടെ, ഇളംപച്ചവിരിച്ച പുൽമേടുകളിലൂടെ, താഴ്‌വരകളിലൂടെ നൃത്തംചെയ്തുപോകുന്നൊരു ഗ്രാമീണ സുന്ദരി പാട്ടിന്റെ പല്ലവിയിൽ കൊരുത്തുവച്ച പ്രണയം ഹൃദ്യമായ സംഗീതാനുഭവമായി മാറുന്നു. മുരുകൻ കാട്ടാക്കടയുടെ വരികൾക്ക് എം. ജയചന്ദ്രൻ നൽകിയ സംഗീതത്തിനൊപ്പം ശ്രേയ ഘോഷാലിന്റെ സ്വരംകൂടിച്ചേരുമ്പോൾ ഹൃദയംതൊടുന്നൊരു ഇന്ദ്രജാലമുണ്ട് ഈ പാട്ടിന്. ആ ഇന്ദ്രജാലത്തെ ചുവടുകളിലേക്കാവാഹിക്കുന്ന നൃത്താവിഷ്കാരം തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടാതിരിക്കില്ല. റിയാസ് ഇരിങ്ങാലക്കുടയാണ് ഗാനരംഗങ്ങളുടെ സംവിധായകൻ. ഡി ഒ പി: നിതിൻ തളിക്കുളം, എഡിറ്റിങ്: റെനീഷ് ഒറ്റപ്പാലം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com