വാണി ജയറാം മലയാളികൾക്ക് വാണിയമ്മയായിരുന്നു. ഇനിയൊരു ജൻമം ഉണ്ടെങ്കിൽ അവരെപ്പോലെ ഒരു ഗായികയാകാൻ കൊതിക്കുന്നവർ ഇവിടെയുണ്ട്. അത്രമേൽ അവരുടെ പാട്ടുകളെ മലയാളികൾ സ്നേഹിച്ചു. പക്ഷേ ആ സംഗീതപ്രതിഭ അർഹിക്കുന്ന അംഗീകാരവും പരിഗണനയും കേരളം തിരിച്ചു നൽകിയില്ല. അരങ്ങേറ്റം കുറിച്ച ബോളിവുഡും വാണി ജയറാം എന്ന ഗായികയെ അവഗണിച്ചു. പക്ഷേ പരാതികളില്ലായിരുന്നു ആ പാട്ടുകാരിക്ക്. എന്ത് കിട്ടിയില്ല എന്നതല്ല എന്ത് കിട്ടി എന്നതിലാണ് കാര്യമെന്ന് അവർ വിശ്വസിച്ചു.
സംഗീതജ്ഞയാകുമെന്ന് ജാതകത്തിലുണ്ടായിരുന്നു
ജനിച്ച് പത്തുദിവസം കഴിഞ്ഞപ്പോൾ കുറിച്ച ജാതകത്തിലുണ്ടായിരുന്നു ആ പെൺകുഞ്ഞ് പേരുകേട്ട സംഗീതജ്ഞയാകുമെന്ന്. ആ ജാതകം എന്നും കൂടെകൊണ്ടുനടന്നിരുന്നു വാണി ജയറാം എന്ന അനുഗൃഹീത പാട്ടുകാരി. തമിഴ്നാട്ടിലെ വെല്ലൂരിലെ ഒരു സാധാരണകുടുംബത്തിലെ ദൊരൈസ്വാമി-പദ്മാവതി ദമ്പതികളുടെ ഒമ്പത് മക്കളിൽ അഞ്ചാമത്തവളായിരുന്നു കലൈവാണി എന്ന വാണി. പാട്ടിലും വീണയിലും താത്പര്യമുണ്ടായിരുന്ന അമ്മ പദ്മാവതി മക്കളെയെല്ലാം സംഗീതം പഠിപ്പിച്ചു. കടലൂർ ശ്രീനിവാസ അയ്യങ്കാരായിരുന്നു ഗുരു. പിന്നീട് കുടുംബം ചെന്നൈയിലേക്ക് താമസം മാറ്റിയപ്പോൾ വാണിയ്ക്ക് സംഗീതപഠനത്തിനു കൂടുതൽ അവസരം ലഭിച്ചു. ലതാ മങ്കേഷ്ക്കറിന്റെ പാട്ടുകൾ കേട്ട് അവരെപ്പോലെ ഹിന്ദിസിനിമകളിൽ പാടണമെന്ന് അന്നേ വാണി ആഗ്രഹിച്ചിരുന്നു. കോളജ് കുമാരിയായിരിക്കുമ്പോഴേ നല്ല പട്ടുകാരിയായിട്ടും ധനതത്വശാസ്ത്രം പഠിച്ച് ബാങ്ക് ഉദ്യോഗസ്ഥയായി വാണി. ഇതിനിടയിൽ വിവാഹിതയായി മുംബൈയിൽ താമസമുറപ്പിച്ചു.
സംഗീതപ്രേമിയായ ഭർത്താവ്
വാണിയിലെ പാട്ടുകാരിയെ തിരിച്ചറിഞ്ഞ സംഗീതപ്രേമിയായ ഭർത്താവ് ജയറാമാണ് ഹിന്ദുസ്ഥാനി സംഗീതം പഠിക്കാൻ അവരെ പ്രോത്സാഹിപ്പിച്ചത്. അതൊരു വഴിത്തിരിവായിരുന്നു. സംഗീതം പഠിപ്പിച്ച ഉസ്താദ് അബ്ദുൾ റഹ്മാൻ ഖാൻ സാഹിബിന് ഉറപ്പുണ്ടായിരുന്നു കണക്കിലല്ല പാട്ടിലാണ് വാണിയുടെ ജീവിതമെന്ന്. അദ്ദേഹത്തിന്റെ ഉപദേശപ്രകാരം പൂർണമായും സംഗീതപഠനത്തിനായി വാണി ബാങ്ക് ജോലി രാജിവച്ചു. അത് വെറുതെയായില്ല. ലതാ മങ്കേഷ്ക്കറിനെപ്പോലെ ബോളിവുഡിലെ ഗായികയാകാൻ ആഗ്രഹിച്ച തമിഴ് പെൺകുട്ടിയെ തേടി സംവിധായകൻ ഋഷികേശ് മുഖർജിയെത്തി. 1970 ലായിരുന്നു അത്. അങ്ങനെ ഗുഡ്ഡി എന്ന ചിത്രത്തിലെ 'ബോലേ രേ പപ്പി ഹരാ...' എന്ന ഗാനത്തിലൂടെ കലൈവാണി എന്ന മദ്രാസുകാരി പെൺകുട്ടി വാണി ജയറാം എന്ന ബോളിവുഡ് ഗായികയായി. വാണി ജയറാമിന്റെ ആ സംഗീതയാത്രയെ മൂന്ന് തവണ ദേശീയ പുരസ്കാരം നൽകി രാജ്യം അംഗീകരിച്ചു. ഒപ്പം പത്മഭൂഷണും സമ്മാനിച്ചാദരിച്ചു.
തുടക്കം ഹിന്ദിയിൽ, സലീൽ ചൗധരി വഴി മലയാളത്തിൽ
ഹിന്ദിയിലാണ് തുടക്കം കുറിച്ചതെങ്കിലും ബോളിവുഡ് വാണിയുടെ സംഗീതമാധുരിയെ വേണ്ടത്ര പ്രയോജനപ്പെടുത്തിയില്ല, അല്ലെങ്കിൽ അവിടെ അധികം തിളങ്ങാൻ അവർക്ക് അവസരം ലഭിച്ചില്ല. പകരം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ആ ഗായികയെ ഏറ്റെടുത്തു. മലയാളം, തമിഴ്, ഹിന്ദി, മറാത്തി, തെലുങ്ക്, ബംഗാളി, കന്നഡ, ഗുജറാത്തി, തുടങ്ങി ഇരുപതോളം ഭാഷകളിലായി പതിനായിരത്തിലേറെ പാട്ടുകൾ പാടി വാണി ജയറാം. സലീൽ ചൗധരിയാണ് വാണിയെ ആദ്യമായി മലയാളത്തിലെത്തിച്ചത്. സ്വപ്നം’ എന്ന ചിത്രത്തിലെ ‘സൗരയൂഥത്തില്‍ വിടര്‍ന്നോരു കല്യാണ സൗഗന്ധികം’ എന്ന ഗാനത്തിലൂടെ അവർ മലയാളച്ചലച്ചിത്രലോകത്ത് ചുവടുറപ്പിച്ചു.
പ്രയാസമേറിയ പാട്ടുകൾ പുരസ്കാരങ്ങളായി കരുതി
വാണിയമ്മയുടെ ഭാവസാന്ദ്രമായ പാട്ടുകൾ മലയാളികൾ നെഞ്ചേറ്റി മൂളി നടന്നെങ്കിലും കേരളം പക്ഷേ വാണിജയറാം എന്ന പാട്ടുകാരിയെ കണ്ടതേയില്ല. ആ അനുഗ്രഹീത സംഗീതജ്ഞയോടു കേരളം കാണിച്ച ഏറ്റവും വലിയ അനാദരവായി പലരും ഇത് ചൂണ്ടിക്കാണിക്കുന്നു. പക്ഷേ വാണിയമ്മയ്ക്ക് അതിൽ പരാതിയുണ്ടായിരുന്നില്ല. തന്റെ പാട്ട് ഇഷ്ടപ്പെടുന്ന ആയിരക്കണക്കിന് മലയാളികളുണ്ടല്ലോ എന്ന് അവർ പ്രതികരിച്ചു. പാടാൻ ബുദ്ധിമുട്ടുള്ള പാട്ടുകൾക്കായി പ്രമുഖ സംഗീതസംവിധായകർ തന്നെ സമീപിക്കുന്നത് പുരസ്കാരമായി അവർ കരുതി. എന്ത് കിട്ടിയില്ല എന്നതല്ല എന്ത് കിട്ടിയെന്നതാണ് സംതൃപ്തി നൽകുന്നതെന്ന് അവർ വിശ്വസിച്ചു.
നാട്യങ്ങളില്ലാത്ത കലാകാരി
ഏതെങ്കിലും ഒന്നോ രണ്ടോ ഭാഷകളിലൊതുങ്ങാതെ എല്ലാ ഭാഷകളിലും പ്രത്ഭരായ സംഗീതസംവിധായകരുടെ കൂടെ പ്രവർത്തിക്കാനായതു വലിയ ഭാഗ്യമായാണ് വാണി ജയറാം കരുതിയിരുന്നത്. നാട്യങ്ങളില്ലാതെ താൻ എന്താണോ അങ്ങനെ തന്നെ ജീവിക്കുന്നതാണ് സുകൃതമെന്നു കരുതി. മലയാളത്തിൽ വാണി ജയറാമിന് അവസരങ്ങൾ കുറഞ്ഞില്ലേ എന്നു ചോദിച്ചാൽ ഒരു പതിറ്റാണ്ടിലേറെ താൻ മലയാളത്തിൽ സൂപ്പർ ഗായികയായിരുന്നല്ലോ എന്നവർ ചൂണ്ടിക്കാണിക്കും. ബോളിവുഡിലെ ഉൾപ്പെടെ സംഗീതയാത്രയിലെ വളർച്ചയ്ക്ക് വിഘാതമായ ഘടകങ്ങളെക്കുറിച്ച് അഭിമുഖങ്ങളിൽ ആവർത്തിച്ച് ചോദ്യങ്ങളുയരുമ്പോഴും ഏതെങ്കിലും വ്യക്തികളെക്കുറിച്ചോ അനുഭവങ്ങളെക്കുറിച്ചോ തുറന്നു പറയാൻ അവർ എപ്പോഴും മടിച്ചു.
മൂല്യബോധമുള്ള ഗായിക
സംഗീതമാണ് തന്റെ ജീവിതമെങ്കിലും തികഞ്ഞ വീട്ടമ്മയായിരിക്കാനും വാണി ജയറാം ഇഷ്ടപ്പെട്ടു. ഷോപ്പിങ്ങും പാചകവും വീട് വൃത്തിയാക്കലും അവർ നന്നായി ആസ്വദിച്ചു. ഒപ്പം ഡ്രോയിങ്, സ്കെച്ചിങ്, പാട്ടെഴുത്ത് തുടങ്ങിയവയ്ക്കായി സമയം കണ്ടെത്തി. വിലകൂടിയ സാരികളും ആഭരണങ്ങളുമൊന്നും തന്നെ ഭ്രമിപ്പിക്കുന്നില്ലെന്നും നല്ല മനുഷ്യനായി ഇരിക്കുക എന്നതിനാണ് മൂല്യമെന്നും അവർ കരുതി. ആ മൂല്യബോധമായിരിക്കും ഒരു പക്ഷേ വാണി ജയറാം എന്ന ഗായികയ്ക്ക് അവർക്ക് അർഹമായ പലതും നഷ്ടമാക്കിയത്. പക്ഷേ ഭൗതികതയിലല്ല ആത്മീയതയിലാണ് അവർ വിശ്വസിച്ചത് എന്നതു കൊണ്ട് തന്നെ ആ നഷ്ടങ്ങളൊന്നും അവർക്ക് നഷ്ടങ്ങളായിരുന്നിരിക്കില്ല.