എന്നും പാട്ടുലോകത്തിന്റെ ഇഷ്ട ഗായികയായിരുന്നു വാണി ജയറാം. പ്രായം 80നോട് അടുത്തപ്പോഴും മധുര പതിനേഴിന്റെ ചെറുപ്പത്തോടെ അവർ പാട്ടുകൾ പാടിക്കൊണ്ടേയിരുന്നു. ആ സ്വരത്തിന് എന്നും യുവത്വത്തിന്റെ ശോഭയായിരുന്നു. 1945 നവംബർ 30ന് തമിഴ്നാട്ടിലെ വെല്ലൂരിലാണ് വാണി ജയറാമിന്റെ ജനനം. സംഗീതജ്ഞയായ അമ്മയിൽ നിന്നു തന്നെ സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ സ്വായത്തമാക്കി. അഞ്ചാം വയസ്സിൽ ഗുരുവായ അയ്യങ്കാർ പറഞ്ഞു കൊടുത്ത ദീക്ഷിതർ കൃതികൾ പെട്ടെന്നു പഠിച്ചെടുത്തു കൊണ്ട് അദ്‌ഭുതപ്പെടുത്തിയ ഗായിക, എട്ടാം വയസ്സിൽ ആകാശവാണി മദ്രാസ് സ്റ്റേഷനിൽ പാടിത്തുടങ്ങി. വിവാഹ ശേഷം മുംബൈയിൽ താമസമാക്കിയതോടെയാണു സിനിമാ സംഗീതത്തിന്റെ വഴിയിലേക്കു വന്നത്.
5 പതിറ്റാണ്ടുകൾക്കു മുൻപ് ‘ഗുഡി’ എന്ന ചിത്രത്തിലൂടെ പ്രശസ്ത സംഗീത സംവിധായകൻ വസന്ത് ദേശായിയാണ് ഗായികയെ കലാരംഗത്തിനു പരിചയപ്പെടുത്തിയത്. ആ യുവ സ്വരത്തെ പിന്നീട് നൗഷാദ്, മദൻ മോഹൻ, ആർ.ഡി.ബർമൻ, ഒ.പി.നയ്യാർ, ലക്ഷ്‌മികാന്ത് പ്യാരേലാൽ, കല്യാൺജി ആനന്ദ്‌ജി, ജയദേവ് തുടങ്ങിയ മുൻനിര സംഗീത സംവിധായകരൊക്കെ പാടിച്ചു. എന്നാൽ ചെന്നൈയിലേക്കു താമസം മാറ്റിയതോടെ വാണി ബോളിവുഡിൽ നിന്ന് അകന്നു. അതു മലയാളത്തിനും തമിഴിനും തെലുങ്കിനും ഭാഗ്യമായി.
അധികം വൈകാതെ സലീൽ ചൗധരി വാണി ജയറാമിനെ മലയാളികൾക്കു മുന്നിലും എത്തിച്ചു. ഭൂമിയെക്കുറിച്ചു മനോഹരമായ സ്വപ്നം വരച്ചിട്ട് ഒഎൻവി കുറിച്ച ‘സൗരയുഥത്തിൽ വിരിഞ്ഞോരു’ എന്നു തുടങ്ങുന്ന പാട്ടിലൂടെ വാണി ജയറാം മലയാളികളുടെ പ്രിയപ്പെട്ട ‘വാണിയമ്മ’യായി ഹൃദയത്തിൽ ഇടം പിടിച്ചു. പ്രവാഹത്തിലെ ‘മാവിന്റെ കൊമ്പിലിരുന്നൊരു മൈന വിളിച്ചു’, പിക്‌നിക്കിലെ ‘വാൽക്കണ്ണെഴുതി വനപുഷ്‌പം ചൂടി’, തിരുവോണത്തിലെ ‘തിരുവോണപ്പുലരി തൻ തിരുമുൽകാഴ്‌ച കാണാൻ’, സിന്ധുവിലെ ‘തേടി തേടി ഞാനലഞ്ഞു’... അങ്ങനെ എത്രയെത്ര പാട്ടുകൾ വാണിയമ്മ നമുക്കായി പാടിത്തന്നു.
ആശീർവാദത്തിൽ അർജുനൻ മാഷിനു വേണ്ടി ഭരണിക്കാവ് ശിവകുമാർ എഴുതിയ ‘സീമന്ത രേഖയിൽ...’ എന്ന ഗാനം എക്കാലത്തെയും മികച്ച മലയാള ഗാനങ്ങളിൽ ഒന്നാണ്. ഇനിയുമുണ്ട് വാണീ നാദം പതിഞ്ഞ പാട്ടുകൾ: എം.എസ്. വിശ്വനാഥന്റെ ‘പത്മതീർഥക്കരയിൽ’, ‘പുലരിയോടെ സന്ധ്യയോടോ’, ആർ. കെ.ശേഖറിന്റെ ‘ആഷാഢ മാസം ആത്മാവിൽ മോഹം’, എം.ജി. രാധാകൃഷ്‌ണന്റെ ‘ഓർമകൾ ഓർമകൾ’.... തച്ചോളി അമ്പു എന്ന സിനിമയിൽ രാഘവൻ മാഷിന്റെ ‘നാദാപുരം പള്ളിയിലെ ചന്ദനക്കുടത്തിലെ...’ ഇന്നും പാടി കേൾക്കുന്ന ഗാനമാണ്.
മുക്കുവനെ സ്‌നേഹിച്ച ഭൂതം എന്ന സിനിമയ്‌ക്കു വേണ്ടി ഇടവ ബഷീറിനൊപ്പം പാടിയ ആഴിത്തിരമാലകൾ അഴകിന്റെ മാലകൾ എന്ന ഗാനവും ഇന്നും പുതുമ മാറാത്തവയാണ്. കെ.ജെ ജോയിയാണ് ഈ പാട്ടിനു സംഗീതം നൽകിയത്. ജോയിയുടെ ‘മറഞ്ഞിരുന്നാലും..’ വാണി ജയറാമിന്റെ മറ്റൊരു പ്രശസ്‌ത ഗാനമാണ്. സർപ്പത്തിനു വേണ്ടി ഖവ്വാലി മാതൃകയിൽ ജോയി ഈണമിട്ട ‘സ്വർണ മീനിന്റെ ചേലൊത്തെ കണ്ണാളെ..’ എന്ന ഗാനത്തിൽ യേശുദാസിനും എസ്. പി. ബാലസുബ്രഹ്‌മണ്യത്തിനുമൊപ്പം വാണിയും ചേർന്നു. ഏറെ വർഷങ്ങൾക്കു ശേഷമാണ് ‘1983’ എന്ന സിനിയിലൂടെ ആ പെൺസ്വരം മലയാളത്തിൽ തിരിച്ചെത്തിയത്. അതോ, ഒരു വയസിനു മാത്രം മൂപ്പുള്ള, വാണിയെപ്പോലെ സ്വരത്തിൽ ഇപ്പോഴും ചെറുപ്പം സൂക്ഷിക്കുന്ന ജയചന്ദ്രനൊപ്പം.
‘ഓലഞ്ഞാലിക്കുരുവി
ഇളം കാറ്റിലാടി വരു നീ
കൂട്ടുകൂടി കിണുങ്ങി
മിഴിപ്പീലി മെല്ലെ തഴുകി.....’