ദൂരെനിന്നുള്ള ദർശനസൗഭാഗ്യങ്ങൾ മുൻപും ലഭിച്ചിട്ടുണ്ട്. എന്നാൽ ഇത്രയും ശ്വാസമരികെ സാന്നിധ്യം സങ്കൽപിച്ചിട്ടുള്ളതു പോലുമല്ല. വാണിയമ്മ വലിയ സന്തോഷത്തിലായിരുന്നു. മുഖം വിടർന്ന ചിരി. സദാ അതിശയംകൊള്ളുന്ന കണ്ണുകൾ. ചുണ്ടിൽ വളരെ പഴയൊരു ഗാനം അലസമായി നൃത്തം ചെയ്യുന്നു. അത്രയും ജാഗ്രതയുണ്ടായിരുന്നതിനാൽ പിടിച്ചെടുക്കാൻ വേഗം കഴിഞ്ഞു. എനിക്കും പ്രിയപ്പെട്ട ഗാനമല്ലേ, ചേച്ചി ഇപ്പോഴും പാടും ‘ശാന്ത ഒരു ദേവത’യിലെ ‘നിലവിളക്കിൻ തിരിനാളമായ് വിടർന്നു’. ബിലഹരിരാഗത്തിൽ അർജുനൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ മനോമോഹനഗാനം. ഓരായിരം പാട്ടുകൾക്കു നടുവിൽനിന്നും ഇതിപ്പോൾ തുളുമ്പാനുള്ള കാരണം ചോദിക്കാതിരിക്കാൻ സാധിച്ചില്ല. അതിനുപോന്ന സ്വാതന്ത്ര്യം അവരുടെ സ്നേഹസമൃദ്ധമായ പെരുമാറ്റം ഇതിനകം തന്നുകഴിഞ്ഞല്ലോ. ‘കുറേ നാളുകൂടി അർജുനൻ മാസ്റ്ററെ കണ്ടു, നിറയേ സംസാരിച്ചു. എന്തുമാത്രം നല്ല പാട്ടുകൾ മാസ്റ്റർ എനിക്കു തന്നു. ഈ പാട്ടും അദ്ദേഹം തന്ന പരിഗണനയാണ്. ആയിടെ ഞാൻ പാടിക്കൊണ്ടിരുന്ന പാട്ടുകളുടെ സ്വഭാവം നോക്കിയാൽ മറ്റാരെങ്കിലും പാടേണ്ട പാട്ടാണ് നിലവിളക്കിൻ തിരിനാളം.’ വാണിയമ്മ ഒപ്പമുണ്ടായിരുന്ന ധർമപതിയെ ഒരുനോട്ടം നോക്കി, ഉത്സാഹത്തോടെ തുടർന്നു. ഈ ഗാനം പാടുന്നതിനു മുൻപായി മാസ്റ്റർ പറഞ്ഞു, ‘സന്ധ്യാനേരങ്ങളിൽ ഞങ്ങടെ നാട്ടിൻപുറത്തുകൂടി കടന്നുപോയാൽ വാതിൽക്കൽ കത്തിച്ചുവച്ച നിലവിളക്കിനു മുന്നിൽ പെൺകുട്ടികൾ കൈകൂപ്പി, കണ്ണുകൾപൂട്ടി സന്ധ്യാവന്ദനം ചൊല്ലുന്നതു കാണാം.
HIGHLIGHTS
- ‘‘എല്ലാം ദൈവം തരുന്നു. ചിലതെല്ലാം വച്ചു നീട്ടിയശേഷം പിൻവലിച്ചുകളയുന്നു. എന്നു കരുതി നമ്മൾ പൂജയും പ്രാർഥനയും മുടക്കുമോ!’ അവർ ചിരിച്ചു, കണ്ണുകളിൽ നക്ഷത്രങ്ങൾ പൊട്ടിച്ചിതറി.’’– വാണി ജയറാമിനെക്കുറിച്ചുള്ള ഹൃദയം ഉരുകുന്ന ഓർമയിൽ ഡോ. മധു വാസുദേവൻ