ADVERTISEMENT

സൂപ്പർഹിറ്റ് ഗാനത്തിനു കവർ ഒരുക്കി ഗായിക രാജലക്ഷ്മി. ‘ഒളിംപ്യൻ അന്തോണി ആദം’ എന്ന ചിത്രത്തിലെ ‘ഹേയ് ഹേയ് ചുമ്മാ.. ചുമ്മാ ചുമ്മാ കരയാതെടോ’ പാട്ടിനാണ് ഗായികയുടെ അതിമനോഹരമായ കവർ പതിപ്പ്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് ഔസേപ്പച്ചൻ ഈണമൊരുക്കിയ ഈ ഗാനം കെ.ജെ.യേശുദാസ് ആണ് ചിത്രത്തിനു വേണ്ടി ആലപിച്ചത്. 90കള്‍ തനിക്കെപ്പോഴും നൊസ്റ്റാൾജിയ ഉണർത്തുന്നതാണെന്നും ആ കാലഘട്ടത്തിലെ പാട്ടുകൾ കോർത്തിണക്കി സീരീസ് പോലെ കവർ ഗാനങ്ങൾ പുറത്തിറക്കാനാണു തീരുമാനിച്ചിരിക്കുന്നതെന്നും രാജലക്ഷ്മി മനോരമ ഓൺലൈനിനോടു പ്രതികരിച്ചു. 

 

‘പ്രതിഭകൾ ചെയ്തുവച്ചിരിക്കുന്ന പാട്ടുകൾ വീണ്ടും പാടുമ്പോൾ അതിൽ മാറ്റങ്ങള്‍ വരുത്തിയാലെന്താണു പ്രശ്നമെന്നു പലരും ചോദിക്കുന്നതും ആ വിഷയം ചർച്ച ചെയ്യപ്പെടുന്നതുമൊക്കെ ശ്രദ്ധയിൽപ്പെട്ടു. ഞാൻ 30 വർഷത്തോളമായി സംഗീതലോകത്തു സജീവമാണ്. പക്ഷേ ഇപ്പോഴത്തെ ഈ ആശയങ്ങളോട് എനിക്ക് ഒരു തരത്തിലും യോജിക്കാൻ സാധിക്കില്ല. ആസ്വാദകരുെട മനസ്സിൽ പതിഞ്ഞ പാട്ടുകളാണ് അവയെല്ലാം. അവയ്ക്കു കവർ ഒരുക്കുമ്പോൾ പ്രേക്ഷകരെ ആ പാട്ടിന്റെ സൗന്ദര്യം ഒരിക്കൽക്കൂടി ഓർമിപ്പിക്കുക മാത്രമാണു ഞാന്‍ ചെയ്യുന്നത്. അല്ലാതെ അതിൽ മാറ്റങ്ങൾ വരുത്തുകയല്ല. മറ്റുള്ളവർ ചെയ്തുവച്ച പാട്ടുകളിലല്ല, മറിച്ച് സ്വന്തമായി സൃഷ്ടിച്ചെടുക്കുന്ന പാട്ടുകളിലാണ് മികവ് തെളിയിക്കേണ്ടത് എന്നതാണ് എക്കാലത്തെയും എന്റെ അഭിപ്രായം’, രാജലക്ഷ്മി പറഞ്ഞു. 

 

രാജലക്ഷ്മിയുടെ കവർ ഗാനം ഇതിനകം ആസ്വാദകഹൃദയങ്ങൾ കീഴടക്കിക്കഴിഞ്ഞു. പാട്ട് ഗൃഹാതുര സ്മരണയുണർത്തുന്നുവെന്നാണ് ലഭിക്കുന്ന പ്രതികരണങ്ങളിൽ ഏറെയും. യഥാർഥ ഗാനത്തിന്റെ തനിമ ചോരാതെ രാജലക്ഷമി അതിമനോഹരമായി ആലാപനം നിർവഹിച്ചുവെന്നും പ്രേക്ഷകർ വിലയിരുത്തുന്നു. സച്ചിൻ ബി ജി ആണ് കവർ ഗാനത്തിനു കീബോർഡിൽ ഈണമൊരുക്കിയത്. ജെയിംസ് അനോസ് റെക്കോർഡിങ്ങും മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചു. ടോട്ടൽ കോർഡിനേഷൻ: വിഷ്ണു ഓംകാർ. നിധീഷ് രവീന്ദ്രൻ ആണ് ഗാനരംഗങ്ങളുടെ ചിത്രീകരണം. എഡിറ്റിങ്: നിശാന്ത് എസ്.ജെ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com