‘സൂപ്പർ ശരണ്യ’യ്ക്കു ശേഷം ‘അർജുൻ അശോകന്‍, മമിത ബൈജു, അനശ്വര രാജൻ എന്നിവർ ഒന്നിക്കുന്ന ‘പ്രണയവിലാസം’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകഹൃദയങ്ങളിൽ ഇടം പിടിക്കുന്നു. ‘കാതൽ മരങ്ങൾ പൂക്കണേ നീയൊന്നിറങ്ങി നോക്കണേ...’ എന്ന മനോഹര പ്രണയ ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്.
സുഹൈൽ കോയയുടെ വരികൾക്ക് ഷാൻ റഹ്മാന്‍ ഈണമൊരുക്കിയിരിക്കുന്നു. ശ്രീജിഷ് സുബ്രഹ്മണ്യൻ, നന്ദ ജെ ദേവൻ എന്നിവർ ചേർന്നാണു ഗാനം ആലപിച്ചത്. പാട്ടിലുടനീളം പ്രണയരംഗങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. മിയയും അനശ്വരയും മമിതയും പ്രണയഗാനത്തിൽ തിളങ്ങുന്നു. പാട്ട് ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്.
നിഖിൽ മുരളി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രണയവിലാസം’. സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്നു ചിത്രം നിർമിക്കുന്നു. മനോജ് കെ.യു, ഉണ്ണിമായ, ഹക്കീം ഷാജഹാൻ തുടങ്ങിയവരാണു ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഫെബ്രുവരി 17ന് ചിത്രം തിയറ്ററുകളിലെത്തും.