കൊച്ചി ബിനാലെയുടെ സംഗീതവേദിയിൽ നിറസാന്നിധ്യമായി ഇഎംഎസിന്റെ കൊച്ചുമകൾ. ദക്ഷിണാഫ്രിക്കയിൽ ആവിഷ്കൃതമായ ‘ജിറാഫ് ഹമ്മിങ്’ ഷോ ആ രാജ്യം വിട്ട് ആദ്യമായി അവതരിപ്പിക്കപ്പെട്ടതു കൊച്ചി മുസിരിസ് ബിനാലെ വേദിയിൽ. ആഫ്രോ–ഏഷ്യൻ സംഗീത സംഗമമായ ഫ്യൂഷൻ എന്നതിലുപരി അതു കോളനിവൽകരണത്തിനു മുൻപത്തെ ഏഷ്യ–ആഫ്രിക്ക ബന്ധത്തിന്റെ ചരിത്രരേഖകൂടിയായി ‘ജിറാഫ് ഹമ്മിങ്.’
ഈ സംഗീതശിൽപത്തിന്റെ സംവിധായകൻ ദക്ഷിണാഫ്രിക്കൻ സാമൂഹിക ശാസ്ത്രജ്ഞനും കവിയുമായ ഡോ.അറി സീറ്റാസാണ്. സംഗീതസംവിധാനം നിർവഹിച്ചതു പ്രഫ.സുമംഗല ദാമോദരൻ. ഇഎംഎസിന്റെ മകൾ ഡോ.ഇ.എം.മാലതിയുടെയും അന്തരിച്ച എ.ഡി.ദാമോദരന്റെയും മകൾ. സംഗീതപണ്ഡിതയും ഡൽഹി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ ഡവലപ്മെന്റ്‌സിൽ ഇക്കണോമിക് ഡവലപ്മെന്റ് അധ്യാപികയുമാണു സുമംഗല. ഡോ അറി സീറ്റാസും സുമംഗലയും ചേർന്ന് 2011ൽ ആരംഭിച്ച 'ഇൻസറക്‌ഷൻസ് എൻസെംബിൾ' എന്നതിന്റെ ഭാഗമായ ഗവേഷണ പദ്ധതിയിലുൾപ്പെടുന്നതാണ് ആഫ്രോ ഏഷ്യൻ എൻസെംബിൾ അവതരണങ്ങൾ.
ഫോർട്ട്കൊച്ചി കബ്രാൾയാർഡ് പവിലിയനിൽ ആവേശത്തോടെയാണു ബിനാലെ പ്രേക്ഷകർ ഇതിനെ വരവേറ്റത്. ദക്ഷിണാഫ്രിക്ക, ടാൻസനിയ, ഇന്ത്യ, ഇത്യോപ്യ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള അഭിനേതാക്കളുടെയും സംഗീതജ്ഞരുടെയും മറ്റു കലാകാരന്മാരുടെയും കൂട്ടായ്‌മയായ ആഫ്രോ ഏഷ്യൻ എൻസെംബിൾ അവതരിപ്പിച്ച ഇന്റർനാഷനൽ മെഗാ ഷോ ആസ്വദിക്കാൻ നൂറുകണക്കിനു സംഗീതപ്രേമികളെത്തി. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ ഇന്നലെ ബിനാലെ സന്ദർശിച്ചു.