ADVERTISEMENT

അന്തരിച്ച ഗാനരചയിതാവ് ബീയാർ പ്രസാദിന്റെ അവസാന നാളുകളെക്കുറിച്ചോർത്ത് ഭാര്യ വിധു. ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് അദ്ദേഹം വ്യക്തമായി സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലെത്തിയിരുന്നെന്നും കൈവെള്ളയിൽ വിരൽ കൊണ്ട് എഴുതിയാണ് ആശയവിനിമയം നടത്തിയിരുന്നതെന്നും വിധു പറയുന്നു. ആദ്യമായി കണ്ടപ്പോൾ മുതൽ ജീവൻ പിരിയും വരെയുള്ള കാര്യങ്ങൾ പങ്കുവയ്ക്കുമ്പോൾ വിധുവിന്റെ സ്വരം ഇടറുന്നു, കണ്ണുകൾ നിറയുന്നു. വനിത ഓൺലൈനിനു നൽകിയ അഭിമുഖത്തിലാണ് ബീയാർ പ്രസാദിനെക്കുറിച്ച് വിധു മനസ്സു തുറന്നത്: 

 

വിധൂ... നീ നോക്കിക്കോ മരിക്കുമ്പോഴാകും ആളുകൾ എന്നെ മനസ്സിലാക്കുന്നത്!’ ഒരിക്കൽ പ്രസാദേട്ടൻ എന്നോടു പറഞ്ഞു.

‘മരിച്ചാൽ പിന്നെ, നമ്മൾ ഒന്നും അറിയില്ലല്ലോ പ്രസാദേട്ടാ...’ ഞാനന്ന് അങ്ങനെയാണു മറുപടി പറഞ്ഞത്. ഇപ്പോൾ തോന്നുന്നു പ്രസാദേട്ടൻ പറഞ്ഞതായിരുന്നു ശരി. ബീയാർ പ്രസാദ് എന്ന എഴുത്തുകാരനെ ഇപ്പോൾ എല്ലാവരും തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.

beeyar-wife
ബീയാർ പ്രസാദും ഭാര്യ വിധുവും

തെളിഞ്ഞും ചിലപ്പോഴൊക്കെ കലങ്ങിയും ഒഴുകിയ അരുവിയായിരുന്നു ഞങ്ങളുടെ ജീവിതം. പൊരുത്തക്കേടുകളുണ്ടായിരുന്നെങ്കിലും അതു സത്യസന്ധമായിരുന്നു. മറയോ നിഗൂഢതകളോ ഇല്ല. കോട്ടയം കുറിച്ചി ഔട്ട്പോസ്റ്റിലെ ക്ലിനിക്കിൽ ആദ്യമായി കണ്ട നിമിഷം മുതൽ ചങ്ങനാശ്ശേരിയിലെ മറ്റൊരു ക്ലിനിക്കിൽ ആ ജീവൻ അവസാനിക്കുന്നതുവരെ അങ്ങനെതന്നെയായിരുന്നു.

 

പ്രസാേദട്ടനെ കണ്ടുമുട്ടിയതു സിനിമാരംഗം പോലെയാണ്. ഞാൻ ജോലി ചെയ്തിരുന്നതു കുറിച്ചിയിലെ വീടിനടുത്തുള്ള ഒരു ക്ലിനിക്കിലാണ്. ഒരു ദിവസം ഉച്ചയ്ക്ക് ഒരാൾ ഡോക്ടറെ കാണാൻ വന്നു. ‘നാലു മണിക്കേ ഡോക്ടർ വരൂ, അപ്പോൾ വന്നാൽ മതി’. അതു പറഞ്ഞിട്ടും അയാൾ പോയില്ല. എന്നെ തന്നെ നോക്കിയിരിക്കുന്നു. ചെറിയ പേടിയും അസ്വസ്ഥതയും തോന്നി. ‘ഡോക്ടർ നാലുമണിക്കേ വരൂ അല്ലേ’ എന്ന് എന്നോട് ഇങ്ങോട്ടൊരു ചോദ്യം. ‘പിന്നെ, വരാം’ എന്നു പറഞ്ഞ് അയാൾ പോയി.

 

പിന്നെ, കാണുന്നത് പെണ്ണുകാണാൻ വരുമ്പോഴാണ്. ‘എന്നെ എവിടെയെങ്കിലും കണ്ട ഓർമയുണ്ടോ? എന്നു ചോദിച്ചു. ‘കണ്ട ഓർമയുണ്ട്, എവിടെ വച്ചെന്ന് അറിയില്ലെന്നു പറഞ്ഞു. ‘ഞാനന്ന് ആശുപത്രിയിൽ വന്നത് ഡോക്ടറെ കാണാനല്ല, തന്നെ കാണാനാണ്. എനിക്കു സ്ഥിരവരുമാനമോ ജോലിയോ ഇല്ല. കഥകളിയും നാടകവുമാണ് ഇഷ്ടം. കുറച്ചു സാഹിത്യവുമുണ്ട്. തന്നെ ഇഷ്ടമായി. സ്ത്രീധനം ഒന്നും വേണ്ട. വിവാഹം ചെയ്യണമെന്ന് ആഗ്രഹമുണ്ട്.’ ഇത്രയുമാണു പറഞ്ഞത്.

 

‘എനിക്കു നല്ല ഉയരമുണ്ട്. മറ്റുള്ളവരുടെ മുൻപിൽ നമ്മൾ തമ്മിൽ ഒട്ടും ചേർച്ചയുണ്ടാകില്ല.’ എന്റെ മറുപടി കേട്ട് പ്രസാദേട്ടൻ ചിരിച്ചു. ‘തനിക്കു താൽപര്യമുണ്ടെങ്കിൽ മറ്റുള്ളവരെ കാര്യമാക്കേണ്ട’. എനിക്ക് ഇഷ്ടമായിരുന്നു. ഏറ്റവും താൽപര്യം തോന്നിയതു ‘സ്ത്രീധനം വേണ്ട’ എന്ന വാചകമാണ്. കാരണം അതുകൊടുക്കാനുള്ള സാഹചര്യം വീട്ടിലിൽ ഇല്ലെന്ന് നന്നായി അറിയാം. വിവാഹം കഴിഞ്ഞ ശേഷം എന്റെ ഉയരക്കൂടുതൽ പറഞ്ഞു പലരും പ്രസാദേട്ടനെ കളിയാക്കി.

 

കണ്ണീരിൽ പിടയും

 

അവസാനദിവസങ്ങളിൽ ട്യൂബ് വഴിയായിരുന്നു ആഹാരം കൊടുത്തിരുന്നത്. മാമ്പഴച്ചാറു വേണമെന്ന് എഴുതി. ട്യൂബിലൂടെ കൊടുക്കാൻ നോക്കിയപ്പോൾ സമ്മതിക്കുന്നില്ല. തൊണ്ടയിലൂടെ ഇറക്കാനും പറ്റില്ല. അവസാനം ഡോക്ടർ പറഞ്ഞു. പഞ്ഞിയിൽ മുക്കി ചുണ്ടിൽ ഇറ്റിച്ചു കൊടുക്കാൻ. മൂന്നോ നാലോ തുള്ളി അങ്ങനെ കുടിച്ചു. ജീവിതത്തിൽ അവസാനമായി മാമ്പഴച്ചാറിന്റെ രുചി അറിഞ്ഞു. അതുവരെ വ്യക്തമായി സംസാരിക്കാൻ കഴിയാതിരുന്നു പ്രസാദേട്ടൻ അവസാനനിമിഷം ഒരു വാക്കു പറഞ്ഞു; ‘പോകുകയാണ്.’ അതു ഞങ്ങൾക്കു വ്യക്തമായി തിരിഞ്ഞു. അതിനു മുൻപ് എന്റെ കയ്യിൽ എഴുതി ‘വിധു ഇനി എന്തു െചയ്യും’ എന്നിട്ടൊരു ചോദ്യചിഹ്നം. വൃക്കരോഗത്തെ അതിജീവിച്ചെങ്കിലും തുടർന്നു വന്ന മസ്തിഷ്കാഘാതത്തിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല

 

 

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം: 

 

https://www.vanitha.in/celluloid/celebrity-interview/Beeyar-Prasad-family-touching-memories-final-part.html

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com