ADVERTISEMENT

ചൊവ്വാഴ്ച ആറ്റുകാല്‍ പൊങ്കാലയുടെ തിരക്കിനിടയിലേക്ക് ക്രമസമാധാനപാലനത്തിനായി എത്തിയപ്പോള്‍ ക്രൈംബ്രാഞ്ച് എസ്‌ഐ ടി.എം.രാജീവ് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല, 'കാക്കിക്കുള്ളിലെ കലാകാരനെ' അവിടുത്തുകാര്‍ തിരിച്ചറിയുമെന്ന്്. കോട്ടയത്ത് ക്രൈംബ്രാഞ്ച് എസ്‌ഐ ആയി ജോലി ചെയ്യുന്ന രാജീവ് പ്രത്യേക ചുമതല പ്രകാരമാണ് ആറ്റുകാലില്‍ എത്തിയത്. എന്നാല്‍ ലാത്തിക്കു പകരം കയ്യില്‍ പിടിക്കേണ്ടി വന്നത് മൈക്ക്! ഭക്തിഗാനങ്ങളും ഗൃഹാതുരസ്മരണയുണര്‍ത്തുന്ന പഴയ ഗാനങ്ങളു പാടി രാജീവ് ഭക്തരെ കയ്യിലെടുത്തു. പാട്ടിനൊപ്പം താളം പിടിച്ച് ഒപ്പം കൂടിയ സ്ത്രീകള്‍ ഒടുവില്‍ രാജീവിന് പൂച്ചെണ്ടുകള്‍ നല്‍കുകയും പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. അപ്രതീക്ഷിതമായി കിട്ടിയ അംഗീകാരത്തെക്കുറിച്ച് രാജീവ് മനോരമ ഓണ്‍ലൈനിനോടു പ്രതികരിച്ചത് ഇങ്ങനെ:

 

'ഇന്നലെ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിനോടനുബന്ധിച്ചു ഡ്യൂട്ടിക്ക് പോയതായിരുന്നു. കിഴക്കേക്കോട്ടയിലാണ് ജോലിക്കായി ഞാന്‍ നിയോഗിക്കപ്പെട്ടത്. അവിടെ പലയിടത്തും പാട്ടുകള്‍ പ്ലേ ചെയ്യുന്നുണ്ടായിരുന്നു. ഞാന്‍ ഗായകനാണെന്നറിഞ്ഞ സംഘാടകരില്‍ ചിലര്‍ എന്നോടു പാട്ട് പാടാമോ എന്ന് ചോദിച്ചു. ഞാന്‍ സമ്മതം പറഞ്ഞതോടെ അവര്‍ പാടാനുള്ള സൗകര്യങ്ങള്‍ ഒരുക്കിത്തന്നു. ഏറ്റുമാനൂര്‍ മഹാദേവനെ സ്തുതിക്കുന്ന ഗാനമാണ് ആദ്യം ആലപിച്ചത്. അതിനു ശേഷം അവിടെ കൂടിയിരുന്ന സ്ത്രീകള്‍ സിനിമാഗാനം പാടാമോ എന്നു ചോദിച്ചു. യുവാക്കളുടെ ആവശ്യപ്രകാരം അടിച്ചുപൊളി പാട്ടും പാടി. ശേഷം അവര്‍ എന്നെ പൊന്നാടയണിയിച്ചു. എല്ലാവരും മികച്ച പിന്തുണയാണു നല്‍കിയത്. ഏറെ സന്തോഷം തോന്നുന്നു. 

 

നാലാം വയസ്സു മുതല്‍ പാടിത്തുടങ്ങിയതാണു ഞാന്‍. പൊതുവേദികളില്‍ അധികം അവസരം കിട്ടിയിട്ടില്ല. ജോലിക്കിടെയുള്ള വിശ്രമവേളകളില്‍ സുഹൃത്തുക്കളുടെ ആവശ്യപ്രകാരം പാടാറുണ്ട്. പൊലീസ് ഓര്‍ക്കസ്ട്ര രൂപീകരിച്ചപ്പോള്‍ അതില്‍ അംഗമായി. ഏറ്റുമാനൂരില്‍ ഉള്‍പ്പെടെ ക്ഷേത്രോത്സവങ്ങളില്‍ ഞങ്ങളുടെ ഓര്‍ക്കസ്ട്ര ഗാനമേള അവതരിപ്പിച്ചിട്ടുണ്ട്. പൊലീസ് സേനയിലും കലാഹൃദയമുള്ള ഒരുപാടുപേരുണ്ട്. സാധാരണ പോലീസുകാര്‍ കഠിനഹൃദയരാണ് എന്നാണ് പറയുന്നത്. അത് ജോലിയുടെ സ്വഭാവമാണ്. ഭൂരിഭാഗം പോലീസുകാരും നല്ല മനസ്സുള്ളവരാണ്. അലിവും സ്‌നേഹവും കലാഹൃദയവും ഉള്ളവര്‍. എനിക്കും പാടാനും കലാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും വലിയ താല്പര്യമാണ്'. - ടി.എം. രാജീവ് പറഞ്ഞു. വെച്ചൂര്‍ കൈപ്പുഴമുട്ട് സ്വദേശിയായ രാജീവിന്റെ ഭാര്യ ജീജ, കോട്ടയത്ത് സിവില്‍ സപ്ലൈസ് ജീവനക്കാരിയാണ്. മകന്‍: ഗൗതം രാജീവ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com