‘ഞാൻ യാത്രയ്ക്കൊരുങ്ങുമ്പോൾ എപ്പോഴും അവന് പനി വരും, രശ്മിയുടെ സഹനമാണ് എന്റെ പാട്ടിന്റെ അടിസ്ഥാനം’

arvind-venugopal-family
വേണഗോപാൽ, അരവിന്ദ്, ഇരുവരും രശ്മിക്കൊപ്പം
SHARE

വേദനയും വിരഹവും സന്തോഷവും നിഴലിച്ച ജി.വേണുഗോപാലിന്റെ നനുത്ത ശബ്ദത്തിലുള്ള പാട്ടുകള്‍. ആ പാട്ടുകള്‍ കേട്ടും മൂളിയും ഏറ്റുപാടിയും വളര്‍ന്നൊരു മകന്‍. അച്ഛൻ തീ‍‌ർത്ത വിസ്മയങ്ങളെ പിന്തുടർന്ന് മകനും സംഗീത ലോകത്ത് തന്നെ നിലയുറപ്പിച്ചു. അരവിന്ദ് വേണുഗോപാൽ! ഇരുവർക്കും പറയാനുള്ളത് രണ്ട് കാലത്തിന്റെ കഥ, രണ്ട് തലമുറയുടെ ഇഷ്ടങ്ങൾ, രണ്ട് സംഗീതവഴികൾ. പാട്ടും പറച്ചിലുമായി വേണുഗോപാലും മകനും മനോരമ ഓൺലൈനിനൊപ്പം. 

ഏതോ വാര്‍മുകിലിന്‍... എന്നും പ്രിയപ്പെട്ട ഔസേപ്പച്ചന്‍

‘പൂക്കാലം വരവായി എന്ന ചിത്രത്തിലെ ഏതോ വാര്‍മുകിലിന്‍... ഔസേപ്പച്ചന് വേണ്ടി ആദ്യമായി പാടുന്ന പാട്ടായിരുന്നു. കൈതപ്രമാണ് പാട്ട് പാടാൻ എന്നെ തേടി എത്തിയത്. 1991 ലാണ് പാട്ട് റെക്കോര്‍ഡ് ചെയ്യുന്നത്. അന്ന് മകന്‍ ജനിച്ചിട്ടില്ല. സംഗീതസംവിധായകനും ഗാനരചയിതാവുമെല്ലാം ഒരുമിച്ചിരുന്നുള്ള ആ കൂട്ടായ്മ ഇപ്പോഴും മനസ്സിലുണ്ട്’, വേണുഗോപാൽ പറയുന്നു. 

ഹൃദയം, വിനീത്

‘ഹൃദയം സിനിമയിലെ പാട്ടുകള്‍ കസെറ്റില്‍ ഇറക്കണമെന്നത് വിനീതേട്ടന്‍റെ (വിനീത് ശ്രീനിവാസൻ) ആശയമായിരുന്നു. ഷൂട്ട് തുടങ്ങുന്നതിനു മുന്‍പ് ഇസ്തംബുളില്‍ ഇന്‍സ്ട്രുമെന്‍റ്സ് റെക്കോര്‍ഡ് ചെയ്യാന്‍ വിനീതേട്ടനും സംഗീതസംവിധായകൻ ഹിഷാമും പോയിരുന്നു. അവിടെ റോഡില്‍ക്കൂടി നടക്കുമ്പോള്‍ കുറെ കസെറ്റ് കടകൾ കണ്ടു. അവിടെ നിന്നാണ് പാട്ടുകള്‍ വീണ്ടും കസെറ്റില്‍ ഇറക്കാമെന്ന ആശയം ഉണ്ടായത്. ഇന്ത്യയില്‍ കസെറ്റിന്‍റെ പ്രൊഡക്‌ഷന്‍ നിലവിലില്ല. ജപ്പാനില്‍ നിന്ന് കസെറ്റുകള്‍ ഇറക്കുകയായിരുന്നു. 

venugopal-reshmi
അരവിന്ദ്, രശ്മി, വേണുഗോപാൽ

വളരെ നല്ലൊരു വ്യക്തിത്വമാണ് വിനീതേട്ടന്റേത്. അതുകൊണ്ടു തന്നെ കൂടെ ജോലിചെയ്യല്‍ എളുപ്പമായിരുന്നു. ഹൃദയത്തിനു വേണ്ടി നഗുമോ ഞാന്‍ പാടണമെന്നതും വിനീതേട്ടന്‍റെ ഐഡിയ ആയിരുന്നു. 2020 ജനുവരിയില്‍ ഹൃദയം ഷൂട്ട് തുടങ്ങി. പകുതി സിനിമ ഷൂട്ട് ചെയ്ത് തീര്‍ത്തപ്പോഴേക്കും കോവിഡ് കാലമായി. പിന്നീട് എട്ടുമാസത്തോളം വീട്ടിലിരുന്നു. ആ സമയത്ത് കവര്‍ ഗാനങ്ങൾ ചെയ്തു. വിനീതേട്ടന് പാട്ടുകള്‍ അയച്ചു കൊടുക്കുമായിരുന്നു. കവര്‍ ഗാനങ്ങളിലൂടെ എന്‍റെ ശബ്ദം വിനീതേട്ടന്‍ കേട്ടു. അങ്ങനെയാണ് നഗുമോ പാടാനുള്ള അവസരം വന്നുചേർന്നത്’, അരവിന്ദ് പറഞ്ഞു. 

പഴയകാലത്തെ പാട്ട് റെക്കോർഡിങ് രീതിയെക്കുറിച്ച് വേണുഗോപാൽ പറയുന്നതിങ്ങനെ: ‘സംഗീതസംവിധായകൻ, ഗാനരചയിതാവ്, ഗായകർ, ഓര്‍ക്കസ്ട്ര എല്ലാവരും ഒന്നിച്ചാണ് പണ്ട് പ്രാക്ടീസ് ചെയ്തിരുന്നത്. ഒറ്റ ടേക്കില്‍ തന്നെ ശരിയാകണമെന്നാണ് എല്ലാവരുടേയും പ്രാർഥന‌. അതെല്ലാമൊരു ദൈവീകമകായ നിമിഷമാണ്. ഇന്ന് പഴയ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ചെറിയ തെറ്റുകള്‍ അവിടിവിടെയായി തോന്നാറുണ്ട്. അന്ന് അത് ശരിയാക്കാൻ പറ്റുമായിരുന്നില്ല. എന്നാൽ ഇന്ന് അങ്ങനെയൊരു പ്രശ്നമില്ല. പാടി ശരിയാകാത്തത് സാങ്കേതികവിദ്യയിലൂടെ ഇന്ന് ‌ശരിയാക്കാ‍ൻ കഴിയും’.

venugopal-son
വേണുഗോപാൽ മകനൊപ്പം

ചെറുപ്പകാലം, സ്കൂള്‍ കാലഘട്ടം

‘എനിക്ക് ഓ‌‌‍ര്‍മ വച്ച കാലം മുതല്‍ അച്ഛൻ വീട്ടിലുണ്ടായിരുന്നില്ല. സ്റ്റേജ് പരിപാടികളും മറ്റുമായി യാത്രയിലായിരിക്കും. വല്ലപ്പോഴുമാണ് അച്ഛനെ നേരി‍ൽ കാണുക. അതുപക്ഷേ എനിക്കൊരു വിഷമമായി തോന്നിയിട്ടില്ല. ആ ജീവിതം ഞാന്‍ ശീലിച്ചിരുന്നു. എല്ലാവരുടെയും വീട്ടിൽ അങ്ങനെയൊക്കെയാണെന്നായിരുന്നു എന്റെ വിചാരം’, ചെരുചിരിയോടെ അരവിന്ദ് ബാല്യകാലം ഓർക്കുന്നു. 

വേണുഗോപാല്‍: ‘ഞാനൊരു യാത്ര പോകാന്‍ തുടങ്ങുമ്പോൾ മകന് പനി വരുന്നതു പതിവായിരുന്നു. പനിയല്ലെങ്കില്‍ എന്തെങ്കിലും ചെറിയ ആരോഗ്യപ്രശ്നം. അരക്ഷിതാവസ്ഥ തോന്നുന്നതുകൊണ്ടാണെന്ന് രശ്മി പറയും. മോന് പറഞ്ഞ് മനസ്സിലാക്കാന്‍ പറ്റാത്ത കാര്യം രോഗാവസ്ഥയായിട്ട് വരുന്നു. ഞാൻ യാത്ര വേണ്ടെന്നു വയ്ക്കാനൊരുങ്ങുമ്പോൾ രശ്മി സമ്മതിക്കുമായിരുന്നില്ല. വേണു പോയ്ക്കോളൂ, ഞാൻ നോക്കിക്കോളാം എന്നു പറഞ്ഞ് ധൈര്യവും പിന്തുണയും നൽകും. രശ്മിയുടെ വിട്ടുവീഴ്ചകളും സഹനങ്ങളുമാണ് എന്‍റെ നല്ല പാട്ടുകളുടെ അടിസ്ഥാനം’, വേണുഗോപാൽ പറഞ്ഞു നിർത്തി.

English Summary: Exclusive interview of G Venugopal and son Arvind

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS