രഞ്ജിന്റെ ഈണത്തിൽ വിദ്യാധരൻ മാസ്റ്ററിന്റെ പാട്ട്; നന്മയുള്ള നാടുമായി ‘കള്ളനും ഭഗവതിയും’
Mail This Article
വിഷ്ണു ഉണ്ണികൃഷ്ണൻ, അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വദകരെ നേടുന്നു. ‘നന്മയുള്ള നാട്’ എന്നു തുടങ്ങുന്ന വിഡിയോ ഗാനമാണ് പ്രേക്ഷകർക്കരികിലെത്തിയത്.
സന്തോഷ് വർമയുടെ വരികൾക്ക് രഞ്ജിൻ രാജ് ഈണമൊരുക്കിയിരിക്കുന്നു. വിദ്യാധരൻ മാസ്റ്റർ ആണ് ഗാനം ആലപിച്ചത്. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. വിദ്യാധരൻ മാസ്റ്ററിന്റെ ശബ്ദത്തിൽ പാട്ട് കേൾക്കാനായതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകർ.
ഈസ്റ്റ് കോസ്റ്റ് വിജയൻ, കെ.വി.അനിൽ എന്നിവർ ചേർന്നു തിരക്കഥയും സംഭാഷണവുമെഴുതുന്ന ചിത്രമാണ് ‘കള്ളനും ഭഗവതിയും’. ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം നിർമിക്കുന്നു. സലിം കുമാർ, ജോണി ആന്റണി, പ്രേംകുമാർ, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, ജയശങ്കർ, ജയപ്രകാശ് കുളൂർ, ജയൻ ചേർത്തല, ജയകുമാർ, മാല പാർവതി തുടങ്ങിയവരാണു മറ്റു താരങ്ങൾ. പത്താം വളവിലൂടെ സ്വതന്ത്ര ക്യാമറാമാനായി മാറിയ രതീഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിങ്: ജോൺകുട്ടി.