ADVERTISEMENT

95ാമത് ഓസ്കർ പുരസ്കാര വേദിയിൽ ഇന്ത്യൻ ഗാനം ‘നാട്ടു നാട്ടു’വിനു ചുവടുവയ്ക്കാൻ അമേരിക്കന്‍ നടിയും നര്‍ത്തകിയുമായ ലോറന്‍ ഗോട്‌ലീബ് എത്തും. നടി തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ‘ഓസ്‌കര്‍ വേദിയില്‍ നാട്ടു നാട്ടു ഗാനത്തിനു ഞാന്‍ ചുവടു വയ്ക്കും. ലോകത്തിലെ ഏറ്റവും അഭിമാനകരമായ വേദിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ സാധിച്ചതില്‍ എനിക്ക് ആവേശം തോന്നുന്നു. എനിക്ക് ആശംസകൾ നേരൂ’, എന്ന കുറിപ്പോടെയാണ് ലോറൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ലോറന്റെ സമൂഹമാധ്യമ പോസ്റ്റ് ഇതിനകം വലിയ ചർച്ചയായിക്കഴിഞ്ഞു. ഇന്ത്യന്‍ സിനിമകളിലും റിയാലിറ്റി ഷോകളിലും സാന്നിധ്യമറിയിച്ചിട്ടുള്ള താരമാണ് ലോറന്‍ ഗോട്‌ലീബ്. 

 

എം.എം.കീരവാണിയുടെ ചടുലമായ ഈണവും രാം ചരണിന്റെയും ജൂനിയർ എൻടിആറിന്റെയും തകർപ്പൻ ചുവടുകളും കൊണ്ട് ലോകോത്തര ശ്രദ്ധ നേടിയതാണ് രാജമൗലി ചിത്രം ആർആർആറിലെ ‘നാട്ടു നാട്ടു’ പാട്ട്.  രാം ചരണും ജൂനിയർ എൻടിആറും ഒരുമിച്ച് ഓസ്കർ വേദിയിൽ പാട്ടിനു ചുവടുവയ്ക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇരുവരും ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിരുന്നില്ല. 

 

ഓസ്കർ വേദിയിൽ ‘നാട്ടു നാട്ടു’ ലൈവായി അവതരിപ്പിക്കപ്പെടുമെന്ന റിപ്പോർട്ട് നേരത്തേ പുറത്തുവന്നിരുന്നു. ഗായകരായ രാഹുൽ സിപ്ലിഗഞ്ചും കലാ ഭൈരവയും ചേർന്നാണ് വേദിയിൽ പാട്ട് പാടുന്നത്. ഇതാദ്യമായാണ് ഒരു തെന്നിന്ത്യൻ ഗാനം ഓസ്കർ വേദിയിൽ മുഴങ്ങുന്നത്. ‘നാട്ടു നാട്ടു’ ഓസ്കർ പുരസ്കാരം നേടുമോ എന്നറിയാനുളള കാത്തിരുപ്പിലാണ് ഇപ്പോൾ ഇന്ത്യൻ സിനിമാ–സംഗീതലോകം. ഒറിജിനൽ സോങ് വിഭാഗത്തിലാണ് പാട്ടിനു നോമിനേഷൻ ലഭിച്ചിരിക്കുന്നത്. 

 

‘നാട്ടു നാട്ടു’. ഗോൾഡൻ ഗ്ലോബ് പുരസ്കാരം സ്വന്തമാക്കിയതോടെ ഈ പാട്ടിനെ നേട്ടത്തിന്റെ നെറുകയിലെത്തിക്കാൻ കീരവാണിക്കു കഴിഞ്ഞു. പാട്ടിനൊപ്പം ആവേശത്തോടെ രാജ്യമൊന്നാന്നാകെ ചുവടുവച്ചു. നീണ്ട 14 വർഷത്തിനു ശേഷമാണ് ഗോൾഡൻ ഗ്ലോബ് ഇന്ത്യയിലേക്കെത്തിയത്. മുൻപ് 2009 ല്‍ എ.ആര്‍.റഹ്മാനാണ് പുരസ്‌കാരം നേടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com