നാട്ടു നാട്ടു പാട്ടിൽ രാം ചരണിനെയും ജൂനിയർ എൻടിആറിനെയും കൊണ്ടു ചുവടുവയ്പ്പിച്ചത് നൃത്തസംവിധായകൻ പ്രേം രക്ഷിത്. 118 സ്റ്റെപ്പുകളാണ് പാട്ടിനു വേണ്ടി താൻ ചിട്ടപ്പെടുത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ‘സാധാരണ 2-3 സ്റ്റെപ്പുകളാണ് ഒരു ഗാനത്തിനു വേണ്ടി കൊറിയോഗ്രാഫ് ചെയ്യുക. രാംചരണും ജൂനിയര്‍ എന്‍ടിആറും നല്ല നര്‍ത്തകരാണെങ്കിലും നാട്ടു നാട്ടു അവരുടെ ശൈലിയിലുള്ള ഡാന്‍സ് അല്ല. അപ്പോള്‍ ഇരു നടന്മാരും ഒന്നിച്ച് ഇത് എങ്ങനെ നടത്തിയെടുക്കുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഒരു മാജിക്ക് പോലെ അത് സാധ്യമായി’, പ്രേം രക്ഷിത് ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
എം.എം.കീരവാണിയാണ് ‘നാട്ടു നാട്ടു’ പാട്ടിനു സംഗീതം നൽകിയത്. ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയ ജൂനിയര്‍ എൻടിആറും രാംചരണും പാട്ടിൽ അവതരിപ്പിച്ച നൃത്തച്ചുവടുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇരുവരും വളരെ മികച്ച നർത്തർ ആണെന്നും ഈ അംഗീകാരങ്ങൾക്കു കാരണം അവരുടെ അധ്വാനം കൂടിയാണെന്നും പ്രേം പറഞ്ഞു. താൻ ചിട്ടപ്പെടുത്തിയ നൃത്തത്തിന്റെ എല്ലാ ഭാരവും താങ്ങിയത് കീരവാണിയുടെ സംഗീതമാണെന്നും പ്രേം രക്ഷിത് കൂട്ടിച്ചേർത്തു.
‘അസാധ്യമെന്നു തോന്നുന്ന ഈ കാര്യം സാധ്യമായത് രാജമൗലി സാറിന്‍റെ കഠിനാധ്വാനം കൊണ്ടാണ്. അദ്ദേഹം പാട്ടിനെക്കുറിച്ച് എല്ലാ തരത്തിലുമുള്ള വിശദീകരണം നൽകിയിരുന്നു. റിഹേഴ്സലിനും ഷൂട്ടിനും 20 ദിവസത്തെ സമയം വേണ്ടിവന്നു. രണ്ട് മാസം കൊണ്ടാണ് നൃത്തം ചിട്ടപ്പെടുത്തിയത്. രാംചരണും ജൂനിയർ എൻടിആറും പാട്ടിനുവേണ്ടി തികഞ്ഞ അർപ്പണബോധത്തോടെയാണ് പ്രവർത്തിച്ചത്. ഞാൻ പറഞ്ഞതുപോലെ തന്നെ അവർ എല്ലാം ചെയ്തു. ഒരാള്‍ സിംഹം ആണെങ്കില്‍ മറ്റൊരാള്‍ ചീറ്റ എന്ന നിലയിലാണ് ഇരുവരും മത്സരിച്ച് ഡാന്‍സ് ചെയ്തത്. രാജമൗലി സാറും മുഴുവന്‍ സമയവും ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു’, പ്രേം രക്ഷിത് പറയുന്നു.