ഓസ്കർ വേദിയിൽ പുതുചരിത്രം എഴുതിയ നാട്ടു നാട്ടുവിനു പിന്നിലെ ശബ്ദങ്ങളെ അഭിനന്ദിക്കുകയാണ് രാജ്യം ഇപ്പോൾ. കീരവാണിയുടെ ചടുലമായ ഈണത്തിനൊപ്പം ഗായകരായ രാഹുൽ സിപ്ലിഗഞ്ചിന്റെയും കാലഭൈരവയുടെയും ആലാപനത്തിലെ ആവേശവും ഊർജവുമാണ് ഈ പാട്ടിന്റെ ആത്മാവ്. ഇരുവരും ചേർന്ന് ഓസ്കർ വേദിയിൽ ലൈവായി ഗാനം ആലപിച്ചതിന്റെ വിഡിയോയും ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ യുവശബ്ദങ്ങളെക്കുറിച്ചു കൂടുതൽ അന്വേഷിക്കുകയാണ് സിനിമാ–സംഗീത പ്രേമികൾ.
2009 മുതൽ സംഗീതരംഗത്തു സജീവമാണ് രാഹുൽ സിപ്ലിഗഞ്ച്. ഗായകൻ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന തെലുങ്ക് നാടൻ പാട്ടുകൾ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. ധീര, ഈഗ, രംഗസ്ഥല തുടങ്ങി തെലുങ്ക് സിനിമയെ ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തിയ നിരവധി ചിത്രങ്ങളിൽ രാഹുൽ സിപ്ലിഗഞ്ചിന്റെ ശബ്ദമുണ്ടായിരുന്നു. നിറഞ്ഞു നിൽക്കുന്ന ഊർജവും തെളിച്ചമുള്ള ശബ്ദമാണ് രാഹുലിന്റെ പ്രത്യേകത. പാട്ടെഴുത്തിലും ശ്രദ്ധേയ സാന്നിധ്യമാണ്.
കീരവാണിയുടെ മകൻ കൂടിയായ കാലഭൈരവയാണ് നാട്ടു നാട്ടുവിലെ രണ്ടാമത്തെ ശബ്ദം. ബാഹുബലി അടക്കം നിരവധി സിനിമകളിൽ കാലഭൈരവ പാട്ടുകൾ ആലപിച്ചിട്ടുണ്ട്. ‘മത്തു വദലരാ’ അടക്കം ഏതാനു സിനിമകൾക്കു വേണ്ടി സംഗീത സംവിധാനവും നിർവഹിച്ചു. അച്ഛന്റെ ഈണത്തിൽ മകൻ പാടിയ പാട്ടിന് ഓസ്കർ ലഭിച്ചതിന്റെ സന്തോഷത്തിലാണ് രാജ്യമിപ്പോൾ. രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തിയ കാലഭൈരവയും രാഹുലും ഇതിനകം ലോകശ്രദ്ധയാകർഷിച്ചുകഴിഞ്ഞു.