‘ഇന്നസന്റ് നർത്തകൻ, പക്ഷേ സിനിമ അദ്ദേഹത്തെ ഉപയോഗിച്ചില്ല; ആ‍ പുരസ്കാരം വാങ്ങാതെ മടക്കം’

kaithapram-innocent
SHARE

അന്തരിച്ച നടൻ ഇന്നസന്റിനെ അനുസ്മരിച്ച് ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി. ഇന്നസന്റ് നടൻ മാത്രമല്ല, നർത്തകൻ കൂടിയായിരുന്നുവെന്ന് അദ്ദേഹം ഓർത്തെടുത്തു. നൃത്തത്തെക്കുറിച്ച് അസാമാന്യ അറിവുള്ള ആൾ ആയിരുന്നുവെന്നും നൃത്തം പഠിച്ചിട്ടുണ്ടെന്നും കൈതപ്രം പറയുന്നു. അവസാനമായി സംസാരിച്ചപ്പോഴും നേരിൽ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നും എന്നാൽ അതിനു മുൻപേ അദ്ദേഹം പോയി എന്നും കൈതപ്രം വേദനയോടെ പറയുന്നു. 

‘ഇന്നസന്റിനു നമ്മൾ കാണാത്ത ഒരു മുഖമുണ്ട്, അദ്ദേഹം ഒരു നർത്തകനായിരുന്നു. സംവിധായകൻ മോഹനും ഇന്നസന്റും ഒരുമിച്ചാണു നൃത്തം പഠിച്ചിരുന്നത്. നൃത്തത്തെപ്പറ്റി വളരെ നാന്നായി അറിയുന്ന ആളായിരുന്നു അദ്ദേഹം. എന്നാൽ സിനിമാ മേഖല അദ്ദേഹത്തെ ആ ആ രീതിയിൽ ഉപയോഗിച്ചിട്ടില്ല. പണ്ട് അദ്ദേഹം പറഞ്ഞ പല തമാശകളും ഇപ്പോഴും എനിക്ക് ഓർമയുണ്ട്. തമാശയല്ലാത്ത ഒരു സംഭവവും ഇപ്പോൾ മനസ്സിൽ തെളിയുന്നു. 

മലയാള സിനിമയുടെ മുത്തച്ഛനായ നടൻ ഉണ്ണികൃഷ്‌ണൻ നമ്പൂതിരിയുടെ അനുസ്മരണത്തിൽ കൊടുക്കുന്ന ആദ്യത്തെ അവാർഡ് ഇന്നസന്റിനു കൊടുക്കാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ടായിരുന്നു. ഇന്നസന്റിനോട് അക്കാര്യം സംസാരിക്കുകയും ചെയ്തു. കോവിഡ് കാലമായിരുന്നു അത്. അദ്ദേഹത്തിനു പനി പിടിച്ചു കിടക്കുകയാണ് എന്നാണ് അറിഞ്ഞത്. ഞാൻ വിളിച്ചപ്പോൾ വരാം എന്നു പറയുകയും ചെയ്തു. പയ്യന്നൂരിൽ വച്ച് മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു പുരസ്കാര ദാന ചടങ്ങ് ഞങ്ങൾ സംഘടിപ്പിച്ചു. 

പക്ഷേ ആദ്യം തീരുമാനിച്ച ദിവസത്തിൽ അദ്ദേഹത്തിനു വരാൻ സാധിച്ചില്ല. കഴിഞ്ഞ പതിനൊന്നിനു വീണ്ടും കൂടാം എന്ന് അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ അന്നാണ് അദ്ദേഹത്തിനു വീണ്ടും അസുഖമായത്. ഞങ്ങളുടെ ഒരു പൊതുസുഹൃത്തായ സത്യൻ അന്തിക്കാട് എന്റെ വീട്ടിൽ വന്നപ്പോൾ ഞാൻ അദ്ദേഹത്തോട് ഇക്കാര്യം സംസാരിച്ചു. ഒരു ദിവസം നമുക്ക് അത് നടത്താം, അത് ഇരിങ്ങാലക്കുട അല്ലെങ്കിൽ എറണാകുളത്ത് വച്ചു നടത്താം എന്നു സത്യൻ പറഞ്ഞു. പക്ഷേ അപ്പോഴേക്കും അദ്ദേഹത്തിന്റെ അസുഖം മൂർച്ഛിച്ചു. ഞങ്ങൾക്കെല്ലാം വല്ലാത്ത സങ്കടവുമായി. വ്യക്തിപരമായ സങ്കടത്തോടൊപ്പം മുത്തച്ഛന്റെ പേരിലുള്ള ആദ്യത്തെ പുരസ്കാരം മുടങ്ങിയല്ലോ എന്നുള്ള സങ്കടവുമുണ്ട്. തീർച്ചയായും അദ്ദേഹത്തിനു മരണാനന്തരം ആ പുരസ്കാരം സമർപ്പിക്കാൻ ആണ് ഞങ്ങളുടെ തീരുമാനം. 

ആദ്യകാലത്ത് ഭരതേട്ടൻ, നെടുമുടി വേണു, ഇന്നസന്റ്, ഡേവിഡ് കാച്ചപ്പള്ളി എന്നിവർ ഒരു ടീമായിരുന്നു. അവരെല്ലാമായിട്ടും എനിക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നു. തീപ്പെട്ടി കമ്പനിയുടെ പിന്നാലെ നടന്നിട്ട് ഇന്നസന്റ് സിനിമയിൽ വന്ന സമയമായിരുന്നു അത്. ഭരതേട്ടന്റെ ‘ഓർമയ്ക്കായി’ എന്ന സിനിമ അവർ നിർമിച്ചത് വലിയ വിജയമായി. പല നിലകളിൽ കഷ്ടപെട്ടാണ് അദ്ദേഹം മുൻനിരയിലേക്കെത്തിയത്. നടൻ എന്ന നിലയിൽ സിനിമയിൽ അവിഭാജ്യ ഘടകമായി മാറി. ഇന്നസന്റ് ഇല്ലാത്ത പടമില്ല, ഇന്നസന്റില്ലാത്ത വീടില്ല എന്ന അവസ്ഥയായി. അവസാനം സംസാരിച്ചപ്പോൾ തിരുമേനി കുറെ നാളായല്ലോ നമ്മൾ കണ്ടിട്ട് ഒന്ന് കൂടണ്ടേ എന്നു പറഞ്ഞിരുന്നു. എപ്പോൾ വിളിച്ചാലും ചിരിച്ചുകൊണ്ടാണു സംസാരിക്കുന്നത്. ഇങ്ങനെ ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല, മലായാളികളും കണ്ടിട്ടുണ്ടാകില്ല. അദ്ദേഹത്തിന്റെ പല മുഖങ്ങളും ഞാൻ കണ്ടിട്ടുണ്ട്. ഗംഭീരമായി അഭിനയിച്ച മുഖം, സങ്കടപ്പെട്ട മുഖം, ഒരു പോരാളിയായി രോഗങ്ങളെ നേരിട്ട മുഖം. മറക്കാൻ കഴിയില്ല ഒരിക്കലും’, കൈതപ്രം ദാമോദരൻ നമ്പൂതിരി പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA