മലയാളികളുടെ ചിരിവസന്തം ഇന്നസന്റ് വിടവാങ്ങുമ്പോൾ അദ്ദേഹത്തോടൊപ്പം ഒരു സിനിമയിൽ പിന്നണി പാടാൻ കഴിഞ്ഞതിന്റെ ഓർമ പങ്കുവയ്ക്കുകയാണ് ഗായിക കെ.എസ്.ചിത്ര. ‘മിസ്റ്റർ ബട്ട്ലർ’ എന്ന ചിത്രത്തിലെ "കുണുക്കു പെണ്മണിയെ ഞുണുക്കു വിദ്യകളാൽ" എന്നു തുടങ്ങുന്ന ഗാനം ചിത്രയ്ക്കും എം.ജി.ശ്രീകുമാറിനും ഒപ്പമാണ് ഇന്നസന്റ് ആലപിച്ചത്. അദ്ദേഹത്തോടൊപ്പം ഒരു പാട്ട് പാടാൻ കഴിഞ്ഞത് വ്യക്തിപരമായി തന്റെ സന്തോഷമാണെന്നും ഇന്നസന്റിന്റെ മരണം മലയാള സിനിമയ്ക്കും നാടിനും വലിയൊരു നഷ്ടം തന്നെയാണെന്നും ചിത്ര പറഞ്ഞു.
‘ഇന്നസന്റിന്റെ മരണം ശരിക്കും പറഞ്ഞാൽ വലിയൊരു നഷ്ടം തന്നെയാണ്. അദ്ദേഹത്തോടൊപ്പം ഒരു പാട്ടുപാടാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. അത് എക്കാലവും എന്റെ ജീവിതത്തിലെ നല്ല ഓർമയായി കൂടെക്കൂട്ടുന്നു. കുണുക്കു പെണ്മണിയെ ഞുണുക്കു വിദ്യകളാൽ എന്ന പാട്ടിന്റെ ആദ്യത്തെ ഭാഗം ഇന്നസന്റ് ചേട്ടൻ ആണ് പാടിയത്. പാട്ടിന്റെ ചരണം ഞാനും എം.ജി ശ്രീകുമാറും ചേർന്നു പാടി. ഒരുമിച്ചു വർക്ക് ചെയ്യാൻ അങ്ങനെ ഒരു അവസരം കിട്ടി എന്നത് വലിയ സന്തോഷമാണ്’, ചിത്ര പറഞ്ഞു.