കനേഡിയന്‍ പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ സംഗീതജീവിതത്തിൽ നിന്നു വിരമിക്കാനൊരുങ്ങുന്നു. ബീബറിന്റെ മുഴുവന്‍ പാട്ടുകളുടെയും അവകാശം 1644 കോടി രൂപയ്ക്ക് യൂണിവേഴ്സല്‍ മ്യൂസിക് ഗ്രൂപ്പിന് കൈമാറി. 2021ല്‍ പുറത്തിറങ്ങിയ ‘ജസ്റ്റിസ്’ ആണ് അവസാന ആല്‍ബം.
പതിനഞ്ചാം വയസ്സിൽ പാട്ടുമായി ലോകത്തിനു മുന്നിലെത്തിയതാണ് ജസ്റ്റിൻ ബീബർ. പിന്നീട് സ്വതന്ത്ര ആൽബങ്ങളുമായി വന്ന് ആരാധകലക്ഷങ്ങളെ വാരിക്കൂട്ടി. ഇപ്പോൾ 29ാം വയസ്സിലാണ് ഗായകൻ സംഗീതലോകത്തോടു വിടപറയുന്നത്. അനാരോഗ്യവും സ്വകാര്യജീവിതത്തിലെ പ്രശ്നങ്ങളുമാണ് ഗായകന്റെ ഈ അപ്രതീക്ഷിത തീരുമാനത്തിനു പിന്നിലെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കഴിഞ്ഞ വർഷം ജൂണില്‍ ജസ്റ്റിൻ ബീബറിന് റാംസേ ഹണ്ട് സിന്‍ഡ്രോം എന്ന രോഗം ബാധിച്ചിരുന്നു. തുടർന്ന് മുഖത്തിന്റെ ഒരു ഭാഗം ചലിപ്പിക്കാനോ കണ്‍പോള അടയ്ക്കാനോ ചിരിക്കാനോ കഴിയാത്ത അവസ്ഥയില്‍ എത്തി. ആരോഗ്യസ്ഥിതി വീണ്ടും വഷളായതോടെ ഗായകൻ ലോകപര്യടനം റദ്ദ് ചെയ്തിരുന്നു.
അടുത്തിടെ ജസ്റ്റിന്റെ ഭാര്യ ഹെയ‌്‌ലി, ഗായകന്റെ മുന്‍ കാമുകി സെലീന ഗോമസിനെ പരിഹസിക്കുന്ന വിഡിയോ പ്രചരിച്ചതോടെ സെലീനയുട ആരാധകരില്‍ നിന്ന് സമൂഹമാധ്യമങ്ങളിലൂടെ വധഭീഷണി വരെ നേരിട്ടു. പിന്നാലെയാണ് ഗായകൻ സംഗീതജീവിതം അവസാനിപ്പിക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. കുടുംബത്തിനൊപ്പം ഒരു സാധാരണക്കാരനായി ജീവിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നു ജസ്റ്റിന്‍ ബീബര്‍ സംഗീതലോകത്തെ സുഹൃത്തുക്കളോടു വെളിപ്പെടുത്തി.