‘പൂക്കാലം’ എന്ന ചിത്രത്തിൽ മുഖ്യ വേഷത്തിലെത്തുന്ന കെപിഎസി ലീലയുടെ നൃത്ത വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ചിത്രത്തിന്റെ പ്രചാരണ പരിപാടിയുമായി ബന്ധപ്പെട്ട് ഭാരത് മാതാ കോളജിലെത്തിയപ്പോഴാണ് വേദിയെ ഇളക്കിമറിച്ച് ലീല ചുവടുവച്ചത്. വിജയ് ചിത്രത്തിലെ ‘രഞ്ജിതമേ’ എന്ന പാട്ടിനൊപ്പമായിരുന്നു ലീലയുടെ ഡാൻസ്. 80നടുത്ത് പ്രായമുണ്ട് ലീലയ്ക്ക്. പ്രായം വെറും നമ്പര്‍ മാത്രമാണെന്നു തെളിയിച്ച് തികഞ്ഞ ഊർജത്തോടും പ്രസരിപ്പോടും കൂടെ ലീല ചുവടുവച്ചത് വേദിയിലും സദസ്സിലുമുള്ളവരെ ആവേശത്തിലാക്കി. ലീലയുടെ ഡാൻസിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. നടിമാരായ അന്നു ആന്റണി, നവ്യ ദാസ്, കാവ്യ ദാസ് എന്നിവരും ലീലയ്ക്കൊപ്പമുണ്ടായിരുന്നു.
ഒരു കാലത്ത് നാടകവേദികളിൽ സജീവമായിരുന്നു കെപിഎസി ലീല. 1956 ൽ പി.ജെ.ആന്‍റണിയുടെ 'മുന്തിരിച്ചാറിൽ കുറെ കണ്ണുനീർ' എന്ന നാടകത്തിലൂടെ അഭിനയത്തില്‍ അരങ്ങേറി. തുടർന്ന് നിരവധി നാടകങ്ങളിൽ അഭിനയിച്ചെങ്കിലും പിന്നീട് അഭിനയത്തില്‍ നിന്നും വിട്ടുനിന്നു. നാലര പതിറ്റാണ്ടു നീണ്ട ഇടവേളയ്ക്കു ശേഷം ജയരാജിന്റെ ‘രൗദ്രം’ എന്ന സിനിമയിലൂടെ തിരിച്ചുവരവ് നടത്തി. ഇപ്പോഴിതാ ‘പൂക്കാലം’ എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകർക്കു മുന്നിലെത്തുന്നു. കൊച്ചുത്രേസ്യാമ്മ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ലീല അവതരിപ്പിക്കുന്നത്. വിജയരാഘവനാണ് ചിത്രത്തിൽ ലീലയ്ക്കൊപ്പം വേഷമിടുന്നത്.
‘ആനന്ദ’ത്തിനു ശേഷം ഗണേഷ് രാജ് രചനയും സംവിധാനും നിർവഹിക്കുന്ന ചിത്രമാണ് ‘പൂക്കാലം’. ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, സുഹാസിനി, ജോണി ആന്റണി, അരുൺ കുര്യൻ, റോഷൻ മാത്യു, അബു സലീം, ശരത് സഭ, അരുൺ അജിത് കുമാർ, അരിസ്റ്റോ സുരേഷ്, അമൽ രാജ്, കമൽ രാജ്, രാധ ഗോമതി, ഗംഗ മീര, തുടങ്ങിയവരും അഭിനയിക്കുന്നു. വിനോദ് ഷൊർണൂർ, തോമസ് തിരുവല്ല എന്നിവർ ചേർന്നാണു പൂക്കാലത്തിന്റെ നിർമാണം. ആനന്ദ്.സി.ചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു.