ADVERTISEMENT

‘ഭാർഗവീനിലയം’ എന്ന സിനിമയിലെ പാട്ടുകൾ റീമിക്സ് ചെയ്ത് ‘നീലവെളിച്ചം’ എന്ന പുതിയ സിനിമയിൽ ഉപയോഗിക്കുന്നതിനെതിരെ സംഗീതസംവിധായകൻ എം.എസ്.ബാബുരാജിന്റെ കുടുംബം രംഗത്തു വന്നിരുന്നു. തുടർന്ന് ‘നീലവെളിച്ച’ത്തിന്റെ നിർമാതാവും സംവിധായകനുമായ ആഷിഖ് അബുവിനു വക്കീൽ നോട്ടിസ് അയച്ചു. ബാബുരാജിന്റെ സംഗീതത്തിന്റെ സ്വാഭാവികത്തനിമയും മാസ്മരികതയും നശിപ്പിക്കുന്ന റീമിക്സ് ഗാനങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്നും ടിവി ചാനലുകളിൽനിന്നും പിൻവലിക്കണമെന്നാണു നോട്ടിസിൽ ആവശ്യപ്പെട്ടത്. ഇപ്പോഴിതാ വിഷയത്തിൽ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആഷിഖ് അബു. നിയമപരമായ എല്ലാ വ്യവസ്ഥകളും പാലിച്ചാണു പാട്ടുകൾ ചിത്രത്തിൽ ഉപയോഗിച്ചതെന്നും തെറ്റിദ്ധാരണകൊണ്ടാണ് നിലവിൽ വിവാദം ഉണ്ടായിരിക്കുന്നതെന്നും അതു മാറ്റാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും ആഷിഖ് അബു പങ്കുവച്ച കുറിപ്പിൽ പറയുന്നു. 

 

കുറിപ്പിന്റെ പൂർണരൂപം: 

 

'നീലവെളിച്ചം' സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന ഗാനങ്ങളുടെ അവകാശത്തെ സംബന്ധിച്ച്.

 

1964ൽ പുറത്തിറങ്ങിയ ‘ഭാർഗവീനിലയം’ എന്ന ചിത്രത്തിലെ ഗാനങ്ങൾ പുതിയ ഗായകരെ ഉപയോഗിച്ചോ അല്ലാതെയോ, പുതിയ ഓർക്കസ്ട്രേഷനോടു കൂടി പുനർനിർമിച്ച് ഉപയോഗിക്കാനുള്ള അനുമതിയും അവകാശവും ഗാനരചയിതാവായ ശ്രീ. പി ഭാസ്കരനിൽ നിന്നും സംഗീതസംവിധായകനായ ശ്രീ.എം.എസ്ബാബുരാജിന്റെ പിന്തുടർച്ചക്കാരിൽ നിന്നും നീതിയുക്തമായ രീതിയിൽ ഈ ഗാനങ്ങളുടെ മുൻ ഉടമസ്ഥാവകാശമുണ്ടായിരുന്ന നിർമാണ കമ്പനി സ്വന്തമാക്കിയിരുന്നു. ഈ അവകാശക്കൈമാറ്റ തുടർച്ചയുടെ ഭാഗമായി നിയമപരമായ എല്ലാ പ്രക്രിയകളും പിന്തുടർന്ന്, ആ ഗാനങ്ങളുടെ നിലവിലെ ഉടമസ്ഥർ ആവശ്യപ്പെട്ട പ്രതിഫലം നൽകി, കരാർ ഒപ്പുവച്ചിട്ടാണ് പ്രസ്തുത ഗാനങ്ങൾ പുനർനിർമിച്ച് ഉപയോഗിക്കാനുള്ള അവകാശം നീലവെളിച്ചത്തിന്റെ നിർമാതാക്കളായ ഒ.പി.എം സിനിമാസ് കരസ്ഥമാക്കിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട രേഖകളും ഇതിലേക്കു നയിച്ച മുൻ കരാർ രേഖകളും ഞങ്ങളുടെ കൈവശമുണ്ട്. (സ്വകാര്യത കണക്കിലെടുത്ത്, ഈ നിയമവ്യവഹാരങ്ങളിൽ ഭാഗമായ വ്യക്തികളുടെ പേരു വിവരങ്ങൾ ഇവിടെ പരാമർശിക്കുന്നില്ല)

 

നിയമത്തിനപ്പുറം ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയ അനശ്വര സംഗീതജ്ഞൻ ശ്രീ എം.എസ്‌.ബാബുരാജിന്റെ കുടുംബത്തെ ഈ ഗാനങ്ങൾ പുനർനിർമിച്ച് 'നീലവെളിച്ചം' സിനിമയിൽ ഉപയോഗിക്കുന്ന വിവരം അറിയിക്കുക എന്നതാണു മര്യാദ എന്നതിനാൽ, അദ്ദേഹത്തിന്റെ  മൂത്ത മകൾ ശ്രീമതി സാബിറയെ ഇക്കാര്യം അറിയിച്ച് അവരുടെ സ്നേഹാശംസകൾ ലഭിച്ച ശേഷമാണ് ഈ ഗാനങ്ങൾ സിനിമയിൽ ഉപയോഗിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ, നിലവിലുണ്ടായിരിക്കുന്ന വിവാദം, തെറ്റിദ്ധാരണമൂലമുണ്ടായ ആശയക്കുഴപ്പം കൊണ്ടാണെന്നു ഞങ്ങൾ അനുമാനിക്കുന്നു.  

ഇത് രമ്യമായി പരിഹരിക്കാനായി ശ്രീ എം.എസ്.ബാബുരാജിന്റെ കുടുംബാംഗങ്ങളുമായി ഞങ്ങൾ നിരന്തരസമ്പർക്കങ്ങളിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com