അർജുൻ അശോകൻ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ധ്രുവന്‍, അതിഥി രവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഖജുരാഹോ ഡ്രീംസിലെ ‘നാമൊരുപോലെ’ എന്നു തുടങ്ങുന്ന ഗാനം പ്രേക്ഷകശ്രദ്ധ നേടുന്നു. ബി.കെ.ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദർ ആണ് ഈണമൊരുക്കിയത്. വിനീത് ശ്രീനിവാസന്‍, മുഹമ്മദ് മക്ബൂൽ മൻസൂർ, രജത് രവീന്ദ്രൻ എന്നിവർ ചേർന്നു ഗാനം ആലപിച്ചു. പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്.
മനോജ് വാസുദേവിന്റെ ആദ്യ സംവിധാന സംരംഭമാണ് ‘ഖജുരാഹോ ഡ്രീംസ്’. ഗുഡ് ലൈന്‍ പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ എം.കെ.നാസർ ചിത്രം നിർമിക്കുന്നു. അഞ്ച് സുഹൃത്തുക്കള്‍ തമ്മിലുള്ള ആത്മബന്ധവും അവര്‍ നടത്തുന്ന യാത്രയുമാണ് ചിത്രത്തിന്റെ പ്രമേയം. കാലികപ്രസക്തിയുള്ള ഒരു വിഷയവും ചിത്രം ചർച്ച ചെയ്യുന്നു.
സച്ചി - സേതു കൂട്ടുകെട്ടിലെ സേതു ആണ് ചിത്രത്തിനു വേണ്ടി തിരക്കഥയെഴുതുന്നത്. ബോളിവുഡ് താരം രാജ് അർജുൻ, ജോണി ആന്റണി, ചന്തുനാഥ്, സോഹൻ സീനുലാല്‍, സാദിഖ്, വര്‍ഷ വിശ്വനാഥ്, നൈന സർവാർ, രക്ഷ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. മധ്യപ്രദേശിലെ പ്രസിദ്ധ ക്ഷേത്രമായ ഖജുരാഹോ ചിത്രത്തിലെ പ്രധാന ലൊക്കേഷനുകളില്‍ ഒന്നാണ്.