തൃശൂര്‍ ഒല്ലൂക്കരയിലെ സൗരഭ്യയുടെ ചൂളത്തിന് ആരാധകരേറെയാണ്. ഏതു പാട്ടിനും അതേ ഈണത്തില്‍ ചൂളമടിക്കുന്ന സൗരഭ്യ, ഗിന്നസ് റെക്കോര്‍ഡിലേക്കുള്ള ചുവടുവയ്പ്പിലാണ്. സൗരഭ്യ ചൂളമടിച്ചു തുടങ്ങിയാല്‍ പിന്നെ എല്ലാവരും നിശബ്‌ദരാകും. ഓരോ പാട്ടും അതേ ഈണത്തോടെ, താളത്തോടെ ചൂളമടിച്ച് അവതരിപ്പിക്കുന്നതു കൊണ്ടാണത്. മൂന്നാം വയസ്സില്‍ തുടങ്ങിയ ശീലം ഇന്ന് സൗരഭ്യയെ നിരവധി വേദികളിലെത്തിച്ചുകഴിഞ്ഞു. പാട്ടേതായാലും സൗരഭ്യ ചൂളമടിച്ച് ഭംഗിയാക്കും.
ഒല്ലൂക്കര സ്വദേശി തിമോത്തിയോസിന്‍റെ മകളാണ് പ്ലസ് വണ്‍ വിദ്യാർഥിനിയായ സൗരഭ്യ. ഇന്ത്യന്‍ വിസിലേഴ്‌സ് നാഷനല്‍ അവാര്‍ഡ്, ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ് അടക്കം നിരവധി പുരസ്‍കാരങ്ങൾ ഈ കൗമാരക്കാരി ഇതിനകം സ്വന്തമാക്കിക്കഴിഞ്ഞു. 300 ലധികം വേദികളില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുമുണ്ട്. മൂന്നാം വയസ്സില്‍ പിതാവില്‍ നിന്നു പഠിച്ചെടുത്തതാണ് ചൂളമടി ശീലം. 30 മണിക്കൂര്‍ തുടര്‍ച്ചയായി വിസിലടിച്ച് ഗിന്നസ് റെക്കോര്‍ഡ് നേടുകയെന്നതാണ് സൗരഭ്യയുടെ ലക്ഷ്യം. അതിനുള്ള പരിശ്രമത്തിലാണിപ്പോൾ.