വസ്ത്രം ചൂണ്ടി വിമർശിച്ചയാൾക്ക് ഗ്ലാമർ ഫോട്ടോ ഷൂട്ടിലൂടെ മറുപടി നൽകി ഗായിക അഭയ ഹിരൺമയി. വെളുത്ത നിറത്തിലുള്ള മോഡേണ്‍ മിനി ഗൗണ്‍ ധരിച്ചുള്ള ചിത്രങ്ങളാണ് ഗായിക പങ്കുവച്ചിരിക്കുന്നത്. വിമർശകനോടുള്ള മറുപടിയായി ചിത്രങ്ങൾക്ക് അടിക്കുറിപ്പും എഴുതിയിട്ടുണ്ട് അഭയ.
‘നഗ്നത പ്രദർശിപ്പിച്ചു കാശുണ്ടാക്കാൻ ശ്രമിക്കുന്നതിനിടെ പാന്റ്സ് ഇടാൻ മറന്നു പോയ യുവതി. അത് വഴി കേരളത്തിന്റെ സംസ്‌കാരത്തെയും കുട്ടികളെയും വഴിതെറ്റിക്കാൻ ഉദ്ദേശിക്കുന്ന അഹങ്കാരി! അടുത്ത ഷോയ്ക്ക് ബിക്കീനി ഇടാൻ ഉദ്ദേശിക്കുന്നുണ്ട് അത്രേ! മ്ലേച്ഛം’, എന്നാണ് അഭയ ചിത്രങ്ങൾക്കൊപ്പം കുറിച്ചത്.

ഏതാനും ദിവസങ്ങൾക്കു മുൻപാണ് അഭയ ഹിരൺമയിയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ മോശം കമന്റ് പ്രത്യക്ഷപ്പെട്ടത്. പിന്നാലെ ശക്തമായ പ്രതികരണവുമായി ഗായിക രംഗത്തെത്തി. കമന്റ് രേഖപ്പെടുത്തിയ ആളുടെ പ്രൊഫൈലിന്റെ സ്ക്രീൻഷോട്ട് ഉൾപ്പെടെ പങ്കുവച്ചായിരുന്നു ഗായികയുടെ പ്രതികരണം. സാജിദ് അബ്ദുൾ ഹമീദ് എന്ന അക്കൗണ്ടിൽ നിന്നാണ് അഭയയ്ക്കെതിരെ മോശം കമന്റ് വന്നത്.
‘സ്ത്രീകള്‍ക്ക് പണം സമ്പാദിക്കാന്‍ എളുപ്പമാര്‍ഗ്ഗം നഗ്നതാ പ്രദര്‍ശനം തന്നെയാണ്. ഒരു ആവറേജ് പാട്ടുകാരിയായ ഇവര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ ഇതൊക്കെ തന്നെ ശരണം. കുട്ടികളെ വഴിപിഴപ്പിക്കാന്‍ ഓരോരോ...’ എന്നായിരുന്നു കമന്റ്. പിന്നാലെ സാജിദിനുള്ള മറുപടിയുമായി അഭയ ഹിരൺമയി രംഗത്തെത്തി.
‘സ്ത്രീകൾക്ക് വഴി പിഴക്കാനുള്ള മാർഗം പറഞ്ഞു തന്ന എന്റെ ഈ പൊന്നിക്ക എന്നെ ഫോളോ ചെയ്യുന്നുമുണ്ട്. എന്റേ പാട്ടും ഡ്രെസ്സും തമ്മിലുള്ള ബന്ധത്തെ ആഴത്തിൽ അപഗ്രഥിച്ചു വിഷകലനം ചെയ്യുകയും ഇനിയും എത്ര സ്ത്രീ പ്രൊഫൈലുകൾ അപഗ്രഥനം നടത്തി വിമര്‍ശിക്കാനുള്ളതാണ്. കേരളത്തിന്റെയും ഇവിടുള്ള കുട്ടികളുടെയയും മുഴുവൻ സാംസ്‌കാരിക ഉന്നമനം അദ്ദേഹത്തിൽ ഭദ്രം ആണ് എന്നുള്ളതാണ് എന്റെ ഒരു ആശ്വാസം. പ്രതികരിക്കില്ല എന്ന് വിചാരിക്കുന്നുണ്ടെങ്കിൽ അതു തീർത്തും ഒരു വിചാരം മാത്രമാണ്. ശക്തമായി പ്രതികരിക്കും’, എന്നാണ് അഭയ കുറിച്ചത്. മുന്‍പും തനിക്കെതിരെ ഉയർന്ന വിമർശനങ്ങളോടു ശക്തമായ ഭാഷയിൽ തന്നെ അഭയ ഹിരൺമയി പ്രതികരിച്ചിട്ടുണ്ട്.