ADVERTISEMENT

മോഹൻലാൽ, ആ പേര് കേൾക്കുമ്പോൾതന്നെ മലയാളികളുടെ ഉള്ളിലൊരു ഇരമ്പലുണ്ടാകും. ഏട്ടൻ എന്നു വിളിക്കുന്നത് ഹൃദയത്തിൽനിന്നു തന്നെയാണ്. അഭിനയത്തിൽ മാത്രമല്ല ആലാപനത്തിലും പ്രതിഭ തെളിയിച്ച മഹാരഥൻ! നിരവധി ചിത്രങ്ങൾക്കു വേണ്ടി നടൻ പിന്നണി പാടിയിട്ടുണ്ട്. സംഗീതലോകത്തെ പ്രതിഭകൾക്കൊപ്പം മഹാനടന്റെ ആലാപനം കൂടി ചേർന്നാൽ പിന്നെ ആരാധകർക്ക് അതിലും മധുരമായി മറ്റെന്തു വേണം? എൺപതുകളിൽ തുടങ്ങി ഇനി പുറത്തിറങ്ങാനിരിക്കുന്ന ‘ബർമുഡ’ എന്ന ചിത്രത്തിനു വേണ്ടി വരെ പാട്ടുകൾ പാടി. ഇതോടെ പാട്ടുകളുടെ എണ്ണത്തിൽ അർധസെ‍ഞ്ച്വറി തികയ്ക്കുകയാണ് മോഹൻലാൽ. തിരക്കുപിടിച്ച അഭിനയജീവിതത്തിൽ അൻപത്‌ പാട്ടുകൾ പാടാൻ സമയം കണ്ടെത്തിയത് അദ്ദേഹത്തിനു സംഗീതത്തോടുള്ള താൽപര്യം കൊണ്ടു തന്നെയാണെന്നു സഹപ്രവർത്തകർ പറയുന്നു. ഇന്ന് 63–ാം പിറന്നാൾ മോഹൻലാലിന്റെ സംഗീത സപര്യയിലേക്ക് ഒരു എത്തിനോട്ടം. 

 

‘നീയറിഞ്ഞോ’? ഹിറ്റിൽ നിന്നു ഹിറ്റിലേക്ക്

 

1985 ൽ ‌പുറത്തിറങ്ങിയ ‘കണ്ടു കണ്ടറിഞ്ഞു’ എന്ന ചിത്രത്തില്‍ മോഹൻലാലും മാള അരവിന്ദനും ചേർന്നു പാടിയ ‘നീയറിഞ്ഞോ മേലെ മാനത്ത്’ എന്ന ഗാനം ഇന്നും ഹിറ്റ്ചാർട്ടിൽ മുൻ നിരയിലാണ്. ചുനക്കര രാമൻകുട്ടിയുടെ രചനയിൽ പിറന്ന വരികൾക്ക് ശ്യാമിന്റെ സംഗീതം. പാട്ട് പുതുതലമുറയെയും താളം പിടിപ്പിക്കുന്നു. സമൂഹമാധ്യമങ്ങളുടെ കടന്നുവരവോടെ ഈ ഗാനം ഹിറ്റിൽ നിന്നു വീണ്ടും ഹിറ്റിലേക്കു പാഞ്ഞുകയറി. എൺപതുകളിൽ പടയണി, പാദമുദ്ര, ചിത്രം എന്നീ സിനിമകൾക്കു വേണ്ടിയും മോഹൻലാൽ പിന്നണി പാടിയിട്ടുണ്ട്. രവീന്ദ്രൻ മാസ്റ്റർ, വിദ്യാധരൻ മാസ്റ്റർ, കണ്ണൂർ രാജൻ തുടങ്ങിയ സംഗീതസംവിധായകരുടെ ഈണത്തിനൊപ്പമായിരുന്നു ആലാപനം.

 

എ ഈ ഐ ഒ യു...

 

വേണു നാഗവള്ളി സംവിധാനം ചെയ്ത ‘ഏയ് ഓട്ടോ’ എന്ന ചിത്രത്തിലെ ‘എ ഈ ഐ ഒ യു’ എന്ന ഗാനത്തിലൂടെയായിരുന്നു മോഹൻലാലിന്റെ തൊണ്ണൂറുകളിലെ പാട്ടുജീവിതം ആരംഭിച്ചത്. വിഷ്ണുലോകം, ഗാന്ധർവ്വം എന്നീ ഹിറ്റ് ചിത്രങ്ങൾക്കു വേണ്ടിയും പാടി. കെ.എസ്.ചിത്ര, സുജാത മോഹന്‍ എന്നീ മുൻനിരാ ഗായകർക്കൊപ്പം പല തവണ നടൻ ആലാപനത്തിൽ പങ്കു ചേർന്നിട്ടുണ്ട്.

 

തലമുറയെ പാട്ടിലാക്കിയ ആടുതോമ

 

സ്ഫടികത്തിൽ തലമുറയെ ആകെ കയ്യിലെടുത്ത് ആസ്വാദകഹൃദയങ്ങളിൽ ലഹരി പകർന്ന ഏഴിമല പൂഞ്ചോലയിലും മോഹൻലാലിന്റെ സ്വരം ചേർന്നൊഴുകി. കെ.എസ്.ചിത്രയുടെ അതുവരെ അറിയാതിരുന്ന ആ ആലാപനശൈലിക്കൊപ്പം മോഹൻലാലിന്റെ ശബ്ദം കൂടി ചേർന്നപ്പോൾ ദശാബ്ദങ്ങൾക്കിപ്പുറവും പാട്ടിന് അതേ ലഹരി തന്നെ. ചിത്രത്തിന്റെ 4കെ പതിപ്പിനു വേണ്ടി നടൻ വീണ്ടും അതേ ഗാനം പാടി റെക്കോർഡ് ചെയ്തതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതാണ്. ഒളിംപ്യൻ അന്തോണി ആദം, കണ്ണെഴുതി പൊട്ടും തൊട്ട്, ഉസ്താദ്, ബാലേട്ടൻ തുടങ്ങിയ ചിത്രത്തിലും പിന്നണിയിൽ സാന്നിധ്യമറിയിച്ചിട്ടുണ്ട് മോഹൻലാൽ. അതിൽ കൈതപ്പൂവിൻ, കറു കറെ കറുത്തൊരു പെണ്ണാണ് എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടു. 

 

മറക്കാനാകാത്ത ഭ്രമരം, മനം മയക്കിയ ഗാനം

 

2009 ൽ പുറത്തിറങ്ങിയ ഭ്രമരത്തിൽ അനിൽ പനച്ചൂരാന്റെ വരികൾക്ക് മോഹൻ സിത്താര സംഗീതം പകർന്ന ‘അണ്ണാറക്കണ്ണാ വാ’ എന്ന ഗാനം മലയാളചലച്ചിത്ര ഗാനശാഖിലെ ഹിറ്റുകളുടെ പട്ടികയെ സമ്പന്നമാക്കിയതാണ്. പാട്ടിലെ മോഹൻലാലിന്റെ സ്വരസാന്നിധ്യം പ്രേക്ഷകരുടെ മനം മയക്കി. ‘ഒരുനാൾ വരും’ എന്ന ചിത്രത്തിൽ റിമി ടോമിക്കൊപ്പം ‘നാത്തൂനേ നാത്തൂനേ...’ എന്ന ഗാനം പാടിത്തകർത്ത് നടൻ വീണ്ടും ആരാധകഹൃദയങ്ങളെ പാട്ടിലാക്കി. 

 

പ്രണയപാട്ടിലെ ലാലേട്ടൻ

 

വ്യത്യസ്തമായ വേഷപ്പകർച്ചയിലെത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ച ചിത്രങ്ങളാണ് റൺ ബേബി റണ്‍, പ്രണയം, നീരാളി, ഡ്രാമ, ഒടിയൻ തുടങ്ങിയവ. അവയിൽ പിന്നണിയിലും സ്വരം ചേർത്തുവച്ചു മലയാളത്തിന്റെ ‘ലാലേട്ടൻ’. അതിൽ റൺ ബേബി റണ്ണില്‍ അമല പോളിനൊപ്പമുള്ള പ്രണയഗാനമായ ‘ആറ്റു മണൽ പായയിൽ’ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. 2019ൽ പുറത്തിറങ്ങിയ ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’ എന്ന ചിത്രത്തിൽ വൈക്കം വിജയലക്ഷ്മിക്കൊപ്പം പാടിയ ‘കണ്ടോ കണ്ടോ’ എന്ന ഗാനവും ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചു. റിലീസിനൊരുങ്ങുന്ന രാജീവ് കുമാർ ചിത്രം ബർമുഡയ്ക്കു വേണ്ടിയാണ് നടൻ ഏറ്റവുമൊടുവിൽ പാട്ട് പാടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com